നുഷ്യന്‍ ഏത് പ്രേരണയാലാണ് വികാരവിക്ഷോഭത്തോടെ കര്‍മങ്ങള്‍ ചെയ്യുന്നത് എന്ന ഭഗവദ്ഗീതയിലെ പ്രസക്തമായ ഒരു സന്ദേഹമുണ്ട്. അതിന് കൃഷ്ണന്‍ നല്‍കുന്ന മറുപടി മനുഷ്യന്റെ ആന്തരികസ്വത്വത്തിലേക്ക് വഴിതുറക്കുന്നതാണ്. രജോഗുണമാണ് മനുഷ്യനിലെ പ്രധാന ചാലകശക്തി.  രജോഗുണത്തിന്റെ സന്തതികളായ 'കാമവും ക്രോധവുമാണ്' മനുഷ്യന്റെ പ്രേരണ. അയോധ്യാകാണ്ഡത്തില്‍ ശ്രീരാമപട്ടാഭിഷേകം മുടങ്ങിയെന്നും രാമന്‍ പതിന്നാലുസംവത്സരം കാട്ടില്‍പോകണമെന്നുമുള്ള വാര്‍ത്തകേട്ട് അത്യധികം ക്രുദ്ധനായി അഗ്‌നിയപ്പോലെ ജ്വലിച്ച ലക്ഷ്മണന്, വാത്സല്യത്തിന്റെയും കാരുണ്യത്തിന്റെയും അമൃതകിരണമായി ശ്രീരാമന്‍ നല്‍കുന്ന വേദാന്തസാരസംഗ്രഹമാണ്, ഗീതോപദേശമാണ് ലക്ഷ്മണസാന്ത്വനം. ലക്ഷ്മണനെ നിമിത്തമാക്കി ശ്രീരാമന്‍ ലോകത്തിനുപദേശിച്ച ഈ സാന്ത്വനഗീതങ്ങള്‍ മനസ്സിന്റെ മാത്സര്യഭാവം വെടിഞ്ഞ് അനുശീലനം ചെയ്യേണ്ട ജീവിതസത്യങ്ങളാണ്. കാമക്രോധാദികളാല്‍ സ്വയം മറന്ന രാവണപരാക്രമങ്ങളാണല്ലോ രാമന്റെ യാത്രയില്‍ അലോസരങ്ങള്‍ സൃഷ്ടിച്ചത്. മനുഷ്യമനസ്സില്‍ കാമം രൂപപ്പെടുന്ന, മോഹം ഉണരുന്ന, ഭ്രമിപ്പിക്കുന്ന ലോകകാഴ്ചകളില്‍ സ്വയം മതിമറക്കുന്ന ഏറെ സൂക്ഷ്മമായ ഭാവങ്ങളെ ഏറെ ജാഗ്രതയോടെ അനുസന്ധാനംചെയ്യാന്‍ ശ്രീരാമന്റെ ഈ വാക്കുകള്‍ നമ്മെ സജ്ജരാക്കുന്നു. 

ഒരു വഴിയമ്പലത്തില്‍ താന്തരായ് ഒത്തുകൂടി പരസ്പരം ഒന്നായിക്കഴിഞ്ഞുകൂടി പിരിഞ്ഞുപോകുംപോലെ ക്ഷണികമാണ് ഈ ലോകജീവിതം. രോഗങ്ങളും വാര്‍ധക്യവും ജരയും മാനസികമായ പിരിമുറുക്കങ്ങളും ഏതുനിമിഷവും കുടിയേറിയേക്കാവുന്ന ശരീരം. ഒരുനേരവും പിരിയാതെ സന്തതസഹചാരിയായ മൃത്യു. ഈ ലോകത്തിലെ ഓരോ നിമിഷവും നാം കടന്നുപോകുന്ന ഓരോ അനുഭവങ്ങളും അത്തരമൊരു നിതാന്തമായ ജാഗ്രതയിലേക്കാണ് നമ്മെ നയിക്കുന്നത്. ഏറെ കരുതലോടെ അതിനെ അവബോധത്തോടെ 'ക്ഷണ പ്രഭാചഞ്ചലമായ' ലോകജീവത്തിന്റെ നശ്വരതയെ നാം തിരിച്ചറിയേണ്ടതുണ്ട്.

'ക്രോധം പരിത്യജിക്കേണം ബുധജനം' എന്നതാണ് ലക്ഷ്മണസാന്ത്വനത്തിന്റെ സാരമായ പ്രായോഗിക ജീവിതദര്‍ശനം. ക്രോധം മനുഷ്യനിലെ ധാര്‍മിക ചിന്തകളെ കാര്‍ന്നുതിന്നുന്ന ഭീകരതയാണ്. ക്രോധത്താല്‍ വൈകാരിക അസന്തുലിതാവസ്ഥ പ്രാപിക്കുന്ന മനുഷ്യന്‍ കാര്‍ത്തവ്യാകര്‍ത്തവ്യങ്ങള്‍ മറക്കുന്നു. കാമമാണ് ക്രോധത്തിന്റെ സഹചാരി. സുഘടിതമായ ജീവിതവ്യവസ്ഥകളുടെയും സാമൂഹിക ബന്ധങ്ങളുടെയും കാതല്‍ വ്യക്തിയുംസമൂഹവും അവനിലെ കാമക്രോധാദികളെ സ്വയംസംസ്‌കരിച്ച് ആര്‍ജിക്കുന്ന വൈകാരികപക്വതയാണ്. അത്യന്തം കലുഷിതമായ സമകാലിക സാമൂഹികഘടനയില്‍ വ്യക്തികള്‍ നിര്‍ബന്ധമായും ശീലിക്കേണ്ട വൈകാരിക സംലയത്തിന്റെ ജീവിതകലയാണ് ശ്രീരാമചന്ദ്രനിലെ ദാര്‍ശനികധീരത.