ramayana masam
വര: മദനന്‍

ആയിരം രാമന്മാര്‍ എന്ന വിശേഷണം മലയാളിക്ക് അത്ര പരിചിതമല്ല. എന്നാല്‍ പതിനഞ്ചാം നൂറ്റാണ്ടിലെ വിജയനഗരത്തില്‍ ഒരു പ്രസിദ്ധമായ രാമക്ഷേത്രമുണ്ട്. ഇപ്പോഴും കാര്യമായ കേടുപാടുകളില്ലാതെ നിലനില്‍ക്കുന്ന ഹസാര രാമക്ഷേത്രം. ഹസാരരാമ എന്നു പറഞ്ഞാല്‍ ആയിരം രാമന്മാര്‍. ക്ഷേത്രത്തിന്റെ മതില്‍ മുഴുവന്‍ രാമായണരംഗങ്ങളുടെ ശില്പചാതുര്യമാണ്.

എന്തിനാണ് ഇത്രയധികം രാമന്മാര്‍? രാമായണ പാരമ്പര്യം ദക്ഷിണേഷ്യയൊട്ടാകെ വ്യാപിച്ചുകിടക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. വാല്മീകി രാമായണത്തിന്റെ പ്രചാരം എന്ന നിലയ്ക്കല്ല, രാമകഥയുടെ ആഖ്യാനവൈവിധ്യം എന്ന നിലയ്ക്കാണ് അന്തരിച്ച സാംസ്‌കാരിക ഗവേഷകന്‍ എ.കെ. രാമാനുജന്‍ ഇതു നോക്കിക്കാണുന്നത്. മുന്നൂറ് രാമായണങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശവും ഏതാനും രാമായണകഥകളുടെ താരതമ്യപഠനവും ഏറെ ശ്രദ്ധിക്കപ്പെട്ടതാണല്ലോ.

എഴുത്തച്ഛന്റെ അധ്യാത്മ രാമായണത്തിലെ രാമനെ നമുക്കറിയാം. കണ്ണശ്ശരാമായണത്തിലെയും ചീരാമന്റെ രാമചരിതത്തിലെയും രാമന്മാരെ സാഹിത്യവിദ്യാര്‍ത്ഥികള്‍ പരിചയപ്പെടുന്നുണ്ട്. കമ്പരാമായണത്തിലെ രാമന്‍ തമിഴ് ലോകത്തിനപ്പുറവും പ്രസിദ്ധനാണ്. അവധ് ഭാഷയിലെഴുതപ്പെട്ട തുളസീദാസിന്റെ രാമചരിതമാനസ് മറ്റൊരു രാമനെ അവതരിപ്പിക്കുന്നു. തെലുങ്കിലെ ശ്രീരംഗനാഥ രാമായണം, കന്നഡയിലെ തൊറവെ രാമായണം, ജൈനരുടെ കുമുദേന്ദു രാമായണം, ബംഗാളിയിലെ കൃത്തിവാസ രാമായണം, മറാത്തിയിലെ ഭാവാര്‍ഥ രാമായണം, അസമിയയിലെ സപ്തകാണ്ഡ രാമായണം, മലബാറിലെ മാപ്പിളരാമായണം. ഓരോ രാമായണാഖ്യാനവും വെവ്വേറെ രാമന്മാരെ അവതരിപ്പിക്കുന്നു. മ്യാന്‍മര്‍, കമ്പോഡിയ, ജാവ, ബാലി, സുമാത്ര, തായ്ലാന്റ്, മലേഷ്യ എല്ലായിടത്തുമുണ്ട് രാമായണങ്ങള്‍. ഓരോന്നിലും വ്യത്യസ്തനാണ് രാമന്‍.

ഹിന്ദു സമുദായ രൂപവത്കരണത്തില്‍ ഉള്‍പ്പെടാതിരുന്ന ആദിവാസികള്‍ക്കും ദളിത് സമൂഹങ്ങള്‍ക്കുമെല്ലാം അവരവരുടെ രാമന്മാരുണ്ട്. രാമന്‍ മാത്രമല്ല, സീതയും ലക്ഷ്മണനും രാവണനുമെല്ലാം അവരുടെ ആഖ്യാനങ്ങളില്‍ സ്വന്തം വ്യക്തിത്വത്തോടെ തിളങ്ങുന്നു.

രാമായണം പുനരാഖ്യാനം ചെയ്യുന്ന ഓരോ സാഹിത്യകാരനും തന്റേതായ രീതിയില്‍ രാമനെയും സീതയെയും സൃഷ്ടിക്കുന്നു. ഭവഭൂതിയുടെ ഉത്തരരാമചരിതത്തിലെ പശ്ചാത്താപപരവശനായ രാമന്‍, കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയിലെ വിചാരണ ചെയ്യപ്പെടുന്ന രാമന്‍, കുട്ടിക്കൃഷ്ണമാരാരുടെ പഠനത്തില്‍ നിരന്തരം വിമര്‍ശനവിധേയനാകുന്ന രാമന്‍ അങ്ങനെ എത്രയെത്ര?

ക്ഷേത്രാരാധനയിലേക്കു തന്നെ തിരിച്ചുവരാം. മറ്റു പല ക്ഷേത്രങ്ങളെക്കാള്‍ പഴക്കം കുറഞ്ഞവയാണ് രാമക്ഷേത്രങ്ങള്‍ എന്ന് ചരിത്രകാരന്മാര്‍ പറയുന്നു. കൃഷ്ണനെയും ശിവനെയും പോലെ രാമനും കേരളത്തിലെ ഓരോ ക്ഷേത്രത്തിലും വെവ്വേറെ വ്യക്തിത്വമാണ്. തൃപ്രയാറിലെ ശ്രീരാമനായാലും കടവല്ലൂരിലെ ശ്രീരാമനായാലും ചിറളയത്തെ ശ്രീരാമനായാലും രൂപത്തിലും ഭാവത്തിലും വിഭിന്നമാണ്. നൂറുകണക്കിന് രാമക്ഷേത്രങ്ങള്‍ അയോധ്യ എന്ന ഒരൊറ്റ പട്ടണത്തിലുണ്ട്. ഭാരതമൊട്ടാകെ പരിഗണിക്കുകയാണെങ്കില്‍ ആയിരമല്ല രാമന്മാര്‍, അതിന്റെ അഞ്ചെട്ടുമടങ്ങു വരും.

ഒരൊറ്റ ദൈവത്തിലേക്ക്, ഒരൊറ്റ മതത്തിലേക്ക് ഏകീകരിക്കുക എന്ന ചിന്തയേ ഭാരതത്തിലുണ്ടായിട്ടില്ല. പകരം മുപ്പത്തിമുക്കോടി ദൈവങ്ങള്‍, വൈവിധ്യവും വൈരുധ്യവുമുള്ള ഒട്ടേറെ മതങ്ങള്‍, ചിന്തകള്‍, ദര്‍ശനങ്ങള്‍ഇതാണ് ഭാരതീയ രീതി. കേന്ദ്രീകരണത്തിനു പകരം വികേന്ദ്രീകരണമാണ്, ഏകാധിപത്യത്തിനു പകരം ജനാധിപത്യമാണ് ഭാരതീയ സംസ്‌കാരം ലക്ഷ്യമാക്കുന്നത്. ഓരോ വ്യക്തിയുടെയും വ്യതിരിക്തത ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള വൈവിധ്യവത്കരണം തന്നെയാണ് ജനാധിപത്യം.

ആയിരം രാമന്മാര്‍ എന്നതിനര്‍ത്ഥം ഓരോരുത്തര്‍ക്കും അവനവന്റെ ഭാവനയ്ക്കനുസരിച്ച് രാമനെ സങ്കല്പിക്കാം എന്നാണ്. മറ്റാരുടെയും രാമനെ നാം അനുകരിക്കേണ്ടതില്ല. വളര്‍ത്തിയെടുത്ത ജീവിതബോധത്തിനനുസരിച്ച് സ്വന്തം രാമനെ, സ്വന്തം സീതയെ, സ്വന്തം ലക്ഷ്മണനെ, ഊര്‍മിളയെ, ഹനുമാനെ, ബാലിയെ, താടകയെ, അഹല്യയെ എല്ലാം നമുക്കു കണ്ടെത്താം. ഒരുപക്ഷേ നമുക്കു ചുറ്റിലും ജീവനോടെ. ഇതാണ് രാമായണം നല്‍കുന്ന തിരിച്ചറിവ്.

content highlights: ramayana masam 2021, hazara rama temple