ramayana masam
വര: ബി.എസ്. പ്രദീപ്കുമാര്‍

രാവണന്‍ സര്‍വസൗഭാഗ്യങ്ങളും തികഞ്ഞ വ്യക്തിയായിരുന്നു. പക്ഷേ, കാമംകൊണ്ടും അഹങ്കാരംകൊണ്ടും പ്രതാപംകൊണ്ടും സ്വയം വിനാശത്തിലേക്കു പതിച്ചു. അദ്ദേഹം തപസ്വിയായിരുന്നു, പണ്ഡിതനായിരുന്നു. തപശ്ശക്തി നിഗ്രഹത്തിനും അനുഗ്രഹത്തിനും ഉപയോഗിക്കാം. രാവണന്‍ തന്റെ തപശ്ശക്തി നിഗ്രഹത്തിനായി പ്രയോഗിച്ചു. യുദ്ധാരംഭത്തില്‍ ആദ്യമായി രാവണനെ കാണുമ്പോള്‍ രാമന് ആശ്ചര്യവും സന്തോഷവും വന്ന് വിഭീഷണനോട് ഇങ്ങനെ പറയുന്നുണ്ട്: ''രാക്ഷസേശ്വരനായ രാവണന്റെ കാന്തിയും പ്രതാപവും ആശ്ചര്യം തന്നെ! രശ്മികള്‍കൊണ്ട് ആദിത്യന്‍ എന്നപോലെ ദുഷ്പ്രേക്ഷ്യനായിരിക്കുന്നു. ഈ വിധം ശരീരം ദേവ ദാനവവീരന്മാര്‍ക്കുപോലും ഉണ്ടാകുന്നതല്ല.''

ഇന്ദ്രനെ വിറകൊള്ളിച്ചവന്‍, കാലനെ കിടുകിടുക്കിയവന്‍, വൈശ്രവണരാജനില്‍നിന്ന് പുഷ്പകവിമാനം തട്ടിപ്പറിച്ചവന്‍, ഗന്ധര്‍വന്മാര്‍ക്കും ഋഷികള്‍ക്കും അമരര്‍ക്കും മഹാത്മാക്കള്‍ക്കും പോരില്‍ ഭയം വളര്‍ത്തിയവന്‍, വീര്യംകൊണ്ട് മുപ്പാരും കീഴടക്കിയവനും കാന്തിമാനുമായ രാവണനെക്കുറിച്ചുള്ള വര്‍ണ്ണന ഇങ്ങനെ നീളുന്നു. ഘോരമായ രാമ-രാവണയുദ്ധത്തില്‍ ശ്രീരാമന്റെ ബ്രഹ്മാസ്ത്രമേറ്റ് രാക്ഷസരാജന്‍ ഭൂമിയില്‍ പതിച്ചു. ശേഷിച്ച രാക്ഷസന്മാര്‍ ഓടിപ്പോയി. വാനരന്മാര്‍ ആര്‍ത്തുവിളിച്ചു. ദേവകള്‍ സന്തോഷിച്ചു. രാവണന്‍ വീണുകിടക്കുന്നത് കണ്ടു വിഭീഷണന്‍ ദുഃഖിച്ചു. രാവണാന്തഃപുരസ്ത്രീകള്‍ വാവിട്ടുകരഞ്ഞു. ചിലര്‍ രാവണന്റെ പാദം കൈയിലെടുത്തു. ചിലര്‍ കരംഗ്രഹിച്ചു. ശിരസ്സു മടിയില്‍ വെച്ചു. പലതും പറഞ്ഞ് ഉറക്കെ കരഞ്ഞു.

''ദേവദാനവാദികളാല്‍ അവധ്യനായ വീരാരാധ്യന്‍ ഒരു വെറും മനുഷ്യനാല്‍ ഹതനായി എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. രാമന്‍ വെറും മനുഷ്യനല്ല, ലോകഹിതത്തിനുവേണ്ടി രാക്ഷസവിനാശാര്‍ഥം മനുഷ്യനായി പിറന്ന മഹാവിഷ്ണുതന്നെ. കര്‍മഫലം അനുഭവിക്കുകതന്നെ.'' ഇങ്ങനെ പറഞ്ഞു വിലപിച്ചു. ഏഴു ദിവസത്തെ ഘോരമായ പോരിനു ശേഷമേ ശ്രീരാമന് രാവണനെ കൊല്ലാന്‍ കഴിഞ്ഞുള്ളൂ. രാവണവധത്തിനുശേഷം ശ്രീരാമന്‍ വിഭീഷണനോടു പറയുന്നുണ്ട്: ''വീരസ്വര്‍ഗം പ്രാപിച്ച ആ മഹാത്മാവിന് ഉചിതസംസ്‌കാരക്രിയകള്‍ ചെയ്യുകതന്നെ വേണം. അദ്ദേഹം താങ്കള്‍ക്ക് എത്ര പ്രിയപ്പെട്ടവനാണോ അപ്രകാരം എനിക്കും പ്രിയപ്പെട്ടവന്‍ തന്നെ. വൈരം മരണത്തോടെ തീര്‍ന്നു. സംസ്‌കാരം നടത്തുക.'' രാമവാക്യം ആദരിച്ച് വിഭീഷണന്‍ പരേതക്രിയ വിധിയാംവണ്ണം ചെയ്തു. പിന്നീട് വിഭീഷണനെ ലങ്കാധിപതിയാക്കി.

സത്യത്തിന്റെയും ധര്‍മത്തിന്റെയും ഇതിഹാസമാണ് രാമായണം. സത്യപരിപാലനത്തിനുവേണ്ടി തനിക്കവകാശപ്പെട്ട ചക്രവര്‍ത്തിപദംപോലും പുല്ലുപോലെ തള്ളിക്കളഞ്ഞ ശ്രീരാമചന്ദ്രനാണ് അതിലെ കഥാനായകന്‍. രാജധര്‍മത്തെ മുന്‍നിര്‍ത്തി തനിക്കേറ്റവും പ്രിയപ്പെട്ട സീതാദേവിയെപ്പോലും ഗര്‍ഭിണിയായിട്ടുകൂടി കാട്ടിലേക്കയച്ചൂ ശ്രീരാമന്‍. സത്യവും ധര്‍മവുമാണ് ജീവിതത്തില്‍ നഷ്ടപ്പെടാന്‍ പാടില്ലാത്ത രാജനിധികളെന്നും അവയുടെ നിലനില്‍പ്പിനുവേണ്ടി മറ്റെന്തുംതന്നെ ഉപേക്ഷിക്കുന്നതും അധികമല്ല എന്നും രാമായണം പഠിപ്പിക്കുന്നു.