ramayanam
വര: ബി.എസ്. പ്രദീപ്കുമാര്‍

'രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ.' ധര്‍മം മൂര്‍ത്തിമത്തായി ഭവിച്ച പുരുഷോത്തമനായിട്ടാണ് വാല്മീകി മുനി രാമനെ അവതരിപ്പിച്ചിരിക്കുന്നത്. രാമചരിതം വേദതുല്യമാണ്. വേദംപോലെത്തന്നെ ധര്‍മമൂലമാണ് രാമായണവും എന്നത്രേ.

പിതൃഭക്തി, ഏകപത്‌നീവ്രതം, ആര്‍ജവം, ധീരത, കൃതജ്ഞത, സത്യനിഷ്ഠ തുടങ്ങിയ സാമാന്യധര്‍മങ്ങളുടെ സ്വഭാവം മനസ്സിലാക്കാനുള്ള ഒരേയൊരു മാര്‍ഗം രാമായണത്തിലെ ശ്രീരാമന്‍ പോയ വഴിക്ക് പോകുക തന്നെയാണ്. രാമാദികളുടെ സ്വഭാവനൈര്‍മല്യവും രാവണാദികളുടെ സ്വഭാവമാലിന്യവും തമ്മിലുള്ള ഏറ്റുമുട്ടലാണ് രാമായണത്തിലെ പ്രമേയം.

ദണ്ഡകാരണ്യത്തില്‍വെച്ച് സീത രാമനോട്, മുനിവ്രതചാരിയായി വനവാസത്തിനു പുറപ്പെട്ട രാമന്‍ ആയുധം കൈയിലേന്തുന്നതു ശരിയല്ലെന്ന് ഓര്‍മിപ്പിച്ച സന്ദര്‍ഭത്തില്‍, രാക്ഷസന്മാരെ നിഗ്രഹിച്ച് യാഗരക്ഷ സാധിച്ചുകൊടുക്കാമെന്നു മഹര്‍ഷിമാരോട് ചെയ്ത പ്രതിജ്ഞ നിറവേറ്റാനാണ് ഞാന്‍ ആയുധം എ ടുത്തിരിക്കുന്നത്, അതു ധര്‍മവിരുദ്ധമല്ലെന്നും രാമന്‍ മറുപടി പറയുന്നു. ബാലിവധത്തെ സമര്‍ഥിക്കുന്ന സമയത്തും രാമന്‍ പ്രധാനമായി പ്രമാണീകരിക്കുന്നത് ധര്‍മത്തെത്തന്നെയാണ്. ധര്‍മജ്ഞനായ ഭരതന്‍ ഭരിക്കുന്ന രാജ്യത്ത് ധര്‍മവിഭ്രഷ്ടനായ ബാലിയെ വധിക്കേണ്ടത് ഭരതനിര്‍ദേശമനുസരിച്ച് ധര്‍മസംസ്ഥാപനത്തില്‍ ഉത്സുകനായ തന്റെ ധര്‍മമായിരുന്നു എന്നാണ് രാമന്‍ കിഷ്‌കിന്ധാകാണ്ഡത്തിലെ 18-ാമത്തെ അധ്യായത്തില്‍ സമര്‍ഥിക്കുന്നത്.

അത്യുഗ്രമായ രാമരാവണയുദ്ധം നടന്നുകൊണ്ടിരിക്കുന്നു. രാവണന്റെ രഥം, സാരഥി, കൊടിമരം, ഒന്നൊന്നായി രാമന്‍ ഖണ്ഡം ഖണ്ഡമാക്കി. രാവണന്റെ നില തെറ്റിച്ചു. രാക്ഷസരാജാവ് ചാപബാണങ്ങള്‍ കൈവിട്ടു. ക്ഷണനേരംകൊണ്ട് ശ്രീരാമന്‍ അസ്ത്രങ്ങള്‍കൊണ്ടു രാവണന്റെ സൂര്യസമാനകിരീടങ്ങള്‍ തകര്‍ത്തു. കിരീടഭംഗം! അഭിമാനഭംഗം! തേരില്ല, തേജസ്സില്ല. ലോകത്തെ വിറപ്പിച്ച രാവണന്‍ വിഷമൊടുങ്ങിയ സര്‍പ്പത്തെപ്പോലെ നിന്നു. രാവണനെ നോക്കി രാമന്‍ പറഞ്ഞു:

''പ്രയാഹി ജാനാമി രണാര്‍ദ്ദിതസ്ത്വം

പ്രവിശ്യ രാത്രിഞ്ചരരാജ, ലങ്കാം

ആശ്വാസ്യ നിര്യാഹി രഥീ ച ധന്വീ

തദാ ബലം പ്രേക്ഷ്യസി മേ രഥസ്ഥഃ(യുദ്ധ. 59.142-143)

'രാക്ഷസരാജാവേ, നീ യുദ്ധത്തില്‍ ക്ഷീണിച്ചിരിക്കുന്നു. നീ പോകൂ, ലങ്കയില്‍ പോയി വിശ്രമിച്ച് ക്ഷീണം തീര്‍ത്ത് വീണ്ടും വില്ലെടുത്ത് തേരിലേറി വരൂ. അപ്പോള്‍ എന്റെ ശക്തി നിനക്കു കാണിച്ചുതരാം'. അല്ലാതെ ഈ അവസ്ഥയില്‍ നിന്നെ വധിക്കാന്‍ ആഗ്രഹിക്കുന്നില്ലാ എന്നര്‍ഥം. നോക്കുക, ശ്രീരാമന്റെ എന്തൊരു ഉദാരത! എന്തൊരു കാരുണ്യം! എന്തൊരു ആത്മവിശ്വാസം! അവസാനം രാവണന്‍ വീണ്ടും പോരിനിറങ്ങി. ഒടുവില്‍ രാവണന്‍ രാമശരമേറ്റ് ഭൂമിയില്‍ പതിച്ചു.

ധര്‍മാനുസൃതമായ അര്‍ഥകാമങ്ങള്‍ മാത്രമേ ശുഭകരമാകൂ. വെറും അര്‍ഥകാമങ്ങളുടെ പിന്നാലെയാണ് രാവണന്‍ പോയത്. രാമന്‍ ധര്‍മത്തിന്റെ വഴിക്കും. അര്‍ഥത്തിനോ കാമത്തിനോ രാമനെ ധര്‍മത്തില്‍നിന്ന് വ്യതിചലിപ്പിക്കാന്‍ ഒരു കാലവും കഴിഞ്ഞിട്ടില്ല. രാജാവായ രാമനു പ്രജകളുടെ ഹിതം നോക്കേണ്ടതുണ്ട്. പ്രജാപാലനം എന്ന സ്വധര്‍മവും സ്വന്തം ഭോഗലാഭവും തമ്മില്‍ സംഘട്ടനം വന്നപ്പോള്‍ സ്വാര്‍ഥത്തെ വെടിഞ്ഞു ധര്‍മത്തെ പാലിക്കുകയാണ് രാമന്‍ എപ്പോഴും ചെയ്തത്.