ശാശ്വതമൂല്യങ്ങളും അതിലധിഷ്ഠിതമായ ധര്‍മചിന്തകളും ഭക്തിയും ജനസമൂഹത്തിലേക്ക് പ്രചരിക്കാനുള്ള ഏറ്റവും നല്ല മാധ്യമം കഥകളാണ്. അങ്ങനെ ധര്‍മചിന്തകളും ഭക്തിയും ആത്മാവായുള്ള കഥാശരീരങ്ങളില്‍വെച്ച് ഏറ്റവും ഉത്തമമെന്ന് ഒരു കഥയെ വിശേഷിപ്പിക്കാമെങ്കില്‍ അത് നിശ്ചയമായും രാമകഥതന്നെയായിരിക്കും. രാമായണത്തിന്റെ വിശ്വവ്യാപനംതന്നെയാണ് ഇതുപറയാന്‍ കാരണം. വാല്മീകിരാമായണത്തില്‍ തുടങ്ങി ഭാരതത്തില്‍ അധ്യാത്മരാമായണവും കമ്പരാമായണവും ദ്വിപദരാമായണവും തുളസീരാമായണവുമായെല്ലാം അത് പ്രചരിച്ചു. അതേപോലെ ഭാരതത്തിനുപുറത്ത്, ചൈനയില്‍ ഹിഷിയുച്ചിയായും കംബോഡിയയില്‍ റീംകര്‍ അഥവാ രാമകീര്‍ത്തി ആയും ലാവോസില്‍ ഫ്രാ ലക് ഫ്രാ ലാം, ഗ്വായ് ദ്വോറാബി എന്നിവയായും ഇന്‍ഡൊനീഷ്യയില്‍ കകവിന്‍ രാമായണമായും ഫിലിപ്പീന്‍സില്‍ മഹാരാധ്യാലാവണയായും മലേഷ്യയില്‍ പെന്‍ഗ്ലീപര്‍ ലാറയായും പേര്‍ഷ്യയില്‍ ദസ്തന്‍-ഇ-രാം ഓ സീതായായും ശ്രീലങ്കയില്‍ ജാനകീഹരണ്‍ ആയുമെല്ലാം ആ രാമായണക്കാറ്റ് സാംസ്‌കാരികജീവിതത്തില്‍ വലിയ പ്രഭാവം സൃഷ്ടിച്ചു. ഈ മലയാളനാട്ടിലാകട്ടെ, ഭാഷാപിതാവായ എഴുത്തച്ഛന്റെ ശാരികപ്പൈതല്‍തന്നെ രാമകഥയെ മാലോകരെ പാടിക്കേള്‍പ്പിച്ചു. ആ കിളിപ്പാട്ടിനെ ഏറ്റുപാടിക്കൊണ്ട് മലയാളികള്‍ കര്‍ക്കടകമാസത്തെ രാമായണമാസമാക്കിമാറ്റി.

കഥകള്‍ ഏറ്റുചൊല്ലുകയും പുനരാവിഷ്‌കരിക്കപ്പെടുകയും ചെയ്യുമ്പോള്‍ അതിനുള്ളിലെ ധര്‍മചിന്തകള്‍ക്കും അപഭ്രംശങ്ങള്‍ സംഭവിക്കാമെന്നത് നേരുതന്നെ. എങ്കില്‍ത്തന്നെയും ധൃതി(ധൈര്യം), ക്ഷമ, ദമം (സംയമം), അസ്‌തേയം (മറ്റൊരാളുടെ സ്വത്ത് അപഹരിക്കാതിരിക്കല്‍), ശൗചം (പവിത്രത), ഇന്ദ്രിയനിഗ്രഹം, ധീ (ബുദ്ധി), വിദ്യ, സത്യം, അക്രോധം എന്നീ പത്ത് ധര്‍മലക്ഷണങ്ങളെ മാലോകരുടെ ഹൃദയങ്ങളിലേക്ക് പകര്‍ന്നുനല്‍കാന്‍ ഈ ബഹുവിധങ്ങളായ രാമായണങ്ങള്‍ക്ക് സാധിച്ചു. എന്തുചെയ്യണമെന്ന് രാമന്‍ പഠിപ്പിച്ചപ്പോള്‍ എന്തുചെയ്യരുതെന്ന് രാവണനും പഠിപ്പിച്ചു. ഉത്തമനായ മകനെയും അച്ഛനെയും മാതാവിനെയും ഭര്‍ത്താവിനെയും ഭാര്യയെയും രാജാവിനെയുമെല്ലാം ജനങ്ങള്‍ക്ക് കാട്ടിക്കൊടുക്കാന്‍ വിവിധങ്ങളായ രാമായണങ്ങള്‍ക്ക് സാധിച്ചു. ആ മാതൃകകളെ അണ്ണാറക്കണ്ണനും തന്നാലായതെന്നപോലെ ജീവിതത്തില്‍ പകര്‍ത്താന്‍ അനേകലക്ഷം മനുഷ്യര്‍ ശ്രമിച്ചു.

വാല്മീകിരാമായണം പൂര്‍ണമായും ധര്‍മാനുശാസനത്തിനാണ് പ്രാമുഖ്യം കൊടുത്തത്. 'രാമോ വിഗ്രഹവാന്‍ ധര്‍മ' എന്നുപറഞ്ഞുകൊണ്ട് ധര്‍മവിഗ്രഹമായ രാമനെ അവതരിപ്പിച്ച വാല്മീകിരാമായണത്തില്‍നിന്ന് ബ്രഹ്മാണ്ഡപുരാണാന്തര്‍ഗതമായ അധ്യാത്മരാമായണത്തിലേക്ക് എത്തിയപ്പോഴേക്കും ഭക്തിക്ക് പ്രാമുഖ്യം വന്നുചേര്‍ന്നു. അതിനാല്‍ത്തന്നെ എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ടിലും ഭക്തിക്കുതന്നെ പ്രാധാന്യം സിദ്ധിച്ചു. 'ദുഷ്ടന്‍ ലോകനിന്ദിതനേറ്റനെങ്കിലുമവന്‍ ഭക്ത്യാ രാമനാമത്തെ ജപിച്ചീടുകില്‍ ദേവകളാലാമോദപൂര്‍വം പൂജ്യനായ് വരുമത്രയല്ല, യോഗീന്ദ്രന്മാരാല്‍ പോലുമലഭ്യമായ വിഷ്ണുലോകത്തെ പ്രാപിച്ചീടും, ഇല്ല സംശയമേതും' എന്ന് സാക്ഷാല്‍ മഹേശ്വരന്‍ ഉമയോട് പറയുന്നത് എഴുത്തച്ഛന്റെ രാമായണത്തില്‍ വായിക്കാം. എങ്കിലും ഭക്തിയുടെ അതിരേകത്തില്‍ രാമന്റെ ധര്‍മവിഗ്രഹത്വം നഷ്ടപ്പെട്ടുപോയി എന്നുപറയാനുമാകില്ല. 'ധര്‍മിഷ്ഠനെന്ന് ഭവാനെ ലോകത്തിങ്കല്‍ നിര്‍മലന്മാര്‍ പറയുന്നു രഘുപതേ' എന്ന് ബാലിയിലൂടെ ശാരികപ്പൈതലിനെക്കൊണ്ട് പറയിച്ച എഴുത്തച്ഛന്‍ ധര്‍മവിഗ്രഹമായ രാമനെ നമുക്ക് വാക്കാല്‍ത്തന്നെ കാട്ടിത്തരുന്നുണ്ട്.