ശ്രീരാമലക്ഷ്മണന്മാരെ സംബന്ധിച്ചിടത്തോളം വിശപ്പും ദാഹവും അനുഭവിക്കാത്ത ശരീരങ്ങളെന്ന വിശേഷണം മറക്കരുത്. വിശക്കുമ്പോള്‍ ജപിക്കാനല്ല മുനിശ്രേഷ്ഠന്‍ നിര്‍ദേശിക്കുന്നത്. അവരെ അഭിമുഖീകരിക്കാന്‍ പോകുന്ന അരണ്യാനുഭവമെന്തെന്ന് - ഈ യാഗരക്ഷയ്ക്കുശേഷം സംഭവിക്കേണ്ടുന്ന ശൈവചാപഭഞ്ജനവും സീതാപരിണയവും കൗശികന്‍ സൂചിപ്പിക്കുന്നല്ലോ - ഹൃദ്യമായി മന്ത്രിക്കുന്ന ഈ വരികള്‍ കാണുക:

'ഇപ്പോളിതു പകല്‍ പില്‍പ്പാടു രാത്രിയും

പില്‍പ്പാടു പിന്നെ പകലുമായ്...' വരുന്ന

നിരലംകൃതമായ കാട്ടിലെ യാമങ്ങള്‍ സൂചിതമാവുന്നു. കാട്ടിലെ പുലരി എങ്ങനെയെന്നും രാത്രി എങ്ങനെയെന്നും നിങ്ങള്‍ എപ്പോഴെങ്കിലും ഒരിക്കല്‍ നേരിട്ടിട്ടുണ്ടെങ്കില്‍ ഇത് വലിയ ശ്രമമില്ലാതെ ഉള്‍ക്കൊള്ളാവുന്നതാണ്.

ഉഷസ്സോ അസ്തമയമോ കാട്ടില്‍ ദൃശ്യമായെന്നു വരില്ല, നിബിഡമായ അരണ്യത്തില്‍ വിശേഷിച്ചും: പിന്നെ അതീവ ഗഹനമായ നിശ്ശബ്ദതയും. കാടിന്റെ സംഗീതമെന്നൊക്കെ പറയുമെങ്കിലും അവിടെ എഴുന്നുനില്‍ക്കുക മൗനത്തിന്റെ മുഴക്കമാണ്. രാമലക്ഷ്മണന്മാര്‍ അവരുടെ തരുണ കാലത്തിലാണ് ചിത്രകൂടത്തിലേക്കും ദണ്ഡകാരണ്യത്തിലേക്കും പ്രവേശിക്കുന്നത് എന്നോര്‍ക്കുക.

തമസാനദിയില്‍നിന്നാണ് മഹാരണ്യപ്രവേശം തുടങ്ങുന്നത്. ഗുഹന്‍ സീതയെയും രാമലക്ഷ്മണന്മാരെയും നദിക്കപ്പുറമുള്ള ഭരദ്വാജാശ്രമത്തില്‍ - പിന്നെയും ആശ്രമങ്ങളുണ്ട്, അതവിടെ എത്തുമ്പോഴാണല്ലോ കാണുക - വിട്ട് തിരികെ പോവുന്നു.

ഘോരരാക്ഷസകുലവും ക്രൂരസര്‍പ്പങ്ങളും വസിക്കുന്ന ആ കാട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ രാഘവന്‍ ലക്ഷ്മണന് ഒരു താക്കീത് നല്‍കുന്നു. കുലച്ച വില്ലും എപ്പോള്‍ വേണമെങ്കിലും തൊടുക്കാന്‍ കഴിയുന്ന ശരവുമായി മുന്നില്‍ നടക്കുക; വഴിയെ വൈദേഹിയും ഏറ്റവും പിന്നിലായി താനും. ജീവപരമാത്മക്കള്‍ക്ക് മധ്യസ്ഥയായി ദേവിയാം മഹാമായ, ശക്തിയെന്നതുപോലെ. ഈ സംരക്ഷണ കവചത്തിന്റെ പശ്ചാത്തലത്തില്‍ യോഗമായാരൂപിയായ സീതയുടെ അനുസന്ധാനം കൃത്യമായി മനസ്സിലാക്കാം.

ദണ്ഡകാരണ്യത്തില്‍ രാമന് ആദ്യം വധിക്കേണ്ടിവരുന്നത് വിരാധനെന്ന മഹാദുഷ്ടനായ രാക്ഷസനെയാണ്. ഉത്തമാംഗം ഛേദിക്കുന്നതോടെ, കോമളാംഗനായ വിദ്യാധരന്‍ ഉയിര്‍ക്കൊള്ളുകയാണ് ശിരസ്സുകൊണ്ട് നമസ്‌കാരമേകി വിരാധന്‍ വിടവാങ്ങിയ ശേഷം, ശരഭംഗന്റെ വിശേഷസത്തയാണ് ദാശരഥിയെ കാത്തിരിക്കുന്നത്. ശ്രീ മയമായ ശരഭംഗമന്ദിരത്തിലെ ശ്രീ എന്തെന്ന് ഒരു ഞൊടിയില്‍ നാം ഗ്രഹിക്കുന്നു.

പഴുത്ത ഫലം കൊണ്ട് അവരെ അതിഥിസേവ ചെയ്ത് തന്റെ ദീര്‍ഘനാളായ കാത്തിരിപ്പിന്റെ രഹസ്യം തുറന്നു പറയുന്നു. ഒരുപാടു കാലത്തെ സഞ്ചിത പുണ്യമത്രയും ശ്രീരാമന് അര്‍പ്പിച്ചുകൊണ്ട് ദേഹത്യാഗം ചെയ്യാന്‍ ഒരുങ്ങുകയാണ് ശരഭംഗന്‍. രാമായണത്തിലെ ഒറ്റപ്പെട്ട താപസഗീതമായി

നാം അതുള്‍ക്കൊള്ളുന്നു. നേടലല്ല, നല്‍കലാണ് ഉദാത്തമെന്ന ആര്‍ഷപ്രമാണത്തിന് താപസീയമായ ഒരു മാനം നല്‍കുന്നു ശരഭംഗന്‍. സമാര്‍ജിതമായ പുണ്യമത്രയും മാനുഷനായ രാമന് ഏകിക്കൊണ്ട് അതില്‍ നിര്‍വൃതിപൂകുന്നു. ഇനിയൊന്നും നിര്‍വഹിക്കേണ്ടതില്ല എന്ന ആധ്യാത്മികബോധ്യം കരഗതമായാല്‍ പിന്നെ ഈ ജീവിതമെന്തിന്?