രഭംഗന്റെ നിര്‍ഗമനത്തിനുശേഷം ദണ്ഡകാരണ്യവാസികളായ മുനികളേവരും ശ്രീരാമലക്ഷ്മണന്മാരെയും വൈദേഹിയെയും കാണാനെത്തുന്നു. അയോധ്യയില്‍ചെന്നു കാണുന്നതിലേറെ ഒരു നൈസര്‍ഗികത ഈ സമാഗമത്തിനുണ്ട്. മുനിമണ്ഡലം എന്നുതന്നെയാണ് നാം വായിക്കുക, നക്ഷത്രമണ്ഡലം എന്നൊക്കെ പറയുന്നതുപോലെ. ശ്രേയസ്സിനായുള്ള അനുഷ്ഠാനങ്ങളാണല്ലോ അവര്‍ അവിടെ കാട്ടില്‍ പാലിക്കുക; ലോക സംഗ്രഹത്തിന്. അങ്ങനെയുള്ള അവരുടെ നിസ്വാര്‍ഥചര്യയെ തടസ്സപ്പെടുത്താന്‍ ഒരുമ്പെടുന്ന രാക്ഷസകുലത്തെച്ചൊല്ലി, ശ്രീരാമന് ഭയാനകമായ ഒരു ദുസ്സൂചന ഈ ഭാഗത്തുവെച്ചു ലഭിക്കുകയാണ്. രാമായണത്തിലെ ശ്രേഷ്ഠമായ രംഗത്തെത്തുടര്‍ന്ന് ഏറ്റവും കലുഷമായ ഒരു കാഴ്ച. യാഗരക്ഷയ്ക്കായികൗമാരകാലത്ത് കൗശികനോടൊപ്പം ചെന്നപ്പോഴൊന്നും നേരിടാത്ത ഒരു ഭീകരദൃശ്യമാണത്. പര്‍ണശാലകളെ ചൂഴ്ന്നുകൊണ്ട് അസ്ഥികൂടങ്ങളും മര്‍ത്ത്യമസ്തകങ്ങളും കൂടിക്കിടക്കുകയാണ്; യഥാവിധി പോയിട്ട് പ്രാകൃതമായിപ്പോലും സംസ്‌കരിക്കപ്പെടാതെ. രാക്ഷസവൃന്ദത്തോട് അസഹനീയമായ വിദ്വേഷം ശ്രീരാമന് ഉളവാകുന്ന ഈരംഗം ഒരുപക്ഷേ, രാമായണകാവ്യത്തിലെ ഏറ്റവും തിക്തമായ ഒന്നാണ്. എത്രയോ നിര്‍ദോഷികളായ, തപഃശുദ്ധരായ ഋഷിപ്രമുഖരെയാണ് രാക്ഷസര്‍ കൊന്ന് ഭക്ഷിച്ചത് എന്നത് ഇക്കാലത്തുനടക്കുന്ന ക്രൂരതയോടും ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ്.

കാനനവാസത്തിന്റെ വിരസതയോ ആധികളോ ഒക്കെ ശമിപ്പിക്കപ്പെടുന്ന സുതീക്ഷ്ണാശ്രമത്തിന്റെ സന്ദര്‍ശത്തിനിടയ്ക്ക്-അഗസ്ത്യന്റെ ഉത്തമശിഷ്യന്‍-നമ്മുടെ മനസ്സിലേക്കു വരുന്ന ഒരു പ്രാചീനസന്ദര്‍ഭമുണ്ട്, പരശുരാമനുമായുള്ള ശ്രീരാമന്റെ കണ്ടുമുട്ടല്‍. ശൈവചാപം ഭഞ്ജിച്ച ശ്രീരാമനെ സ്വതസിദ്ധമായ

താന്‍പോരിമകൊണ്ട് പരശുരാമന്‍ വെല്ലുവിളിക്കുകയാണ്, തന്റെ വില്ലൊന്നു ഞാണേറ്റാന്‍. ദാശരഥി മന്ദഹാസം തൂകിക്കൊണ്ട് അനായസം ഞാണ്‍ തൊടുക്കുന്നു.

''ഞാന്‍ ഈ ശരംകൊണ്ട് താങ്കളുടെ പാദങ്ങളെ നിശ്ചേഷ്ടമാക്കണോ അതോ താങ്കള്‍ക്ക് സ്വര്‍ഗലോകം ഇല്ലാതാക്കണോ?''

പരശുരാമന്‍ തന്റെ ധാര്‍ഷ്ട്യം കൈവെടിഞ്ഞ് പ്രതിവചിക്കുന്നു.

''ഞാന്‍ താങ്കളുടെ വൈഷ്ണവതേജസ്സ് കണ്ടറിയാനായി ഒന്നു പ്രകോപിപ്പിച്ചതല്ലേ? എന്നെ നടക്കാന്‍ വയ്യാതാക്കരുത്, തീര്‍ഥയാത്ര ചെയ്ത് പുണ്യസ്ഥലങ്ങളിലൂടെ സഞ്ചരിക്കാനുള്ള എന്റെ അഭിലാഷം സ്വര്‍ല്ലോകപ്രാപ്തിക്കും എത്രയോ മേലെയാണ്.''

പരസ്പരം വന്ദിച്ചാണ് അവര്‍ പിരിഞ്ഞത്.

മറ്റൊരു പൗരാണിക സന്ദര്‍ഭത്തില്‍ ഭീഷ്മനും പരശുരാമനും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഉളവായ ക്ഷതത്തിനു വിപരീതമായി.