സൂര്യവംശജരില്‍ മറ്റൊരു പ്രജാപാലകനും ലബ്ധമാകാത്ത അനുഭവഘടനകളാണ് വനവാസം ശ്രീരാമന് സമ്മാനിക്കുന്നത്. യാത്രയുടെ ദുര്‍ലഭമായ മഹത്ത്വമെന്തെന്നു വെളിപ്പെടുമ്പോള്‍, നാം മന്ഥരയെ കനിവോടെ സ്മരിച്ചേക്കാം. മഹാകാവ്യത്തിന്റെ മര്‍മത്തിലേക്കുള്ള ഒരു സൂചന കൂടിയാണത്. അവിടെ നികൃഷ്ടകഥാപാത്രങ്ങളെന്ന ഒന്നില്ല. എല്ലാ സത്തകളെയും എല്ലാ വികര്‍മങ്ങളെയും അവയുടേതായ സാഹചര്യത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ കടന്നുപോക്കുകളെ അത്രയും നിര്‍മമമായി നാം വിലയിരുത്തുന്നു.

അഗസ്ത്യാശ്രമത്തിന്റെ വിഭൂഷകള്‍ വായിച്ചാല്‍ എങ്ങനെ അതൊരു ശുഭദേശമായി മാറിയിരിക്കുന്നു എന്നു ധരിക്കാനാവും. പഞ്ചവടിയിലേക്കുള്ള ഹൃദ്യമായ ഒരാമുഖം കൂടിയാണിത്.

'സര്‍വര്‍ത്തുഫലകുസുമാഢ്യപാദപലതാ-

സംവൃതം നാനാമൃഗസഞ്ചയനിഷേവിതം

നാനാപക്ഷികള്‍ നാദംകൊണ്ടതിമനോഹരം

കാനനം ജാതിവൈരരഹിതജന്തുപൂര്‍ണം...'

വിവിധ ജന്തുക്കള്‍ തമ്മില്‍ വൈരം ഇല്ലാതായ ഒരു കാനനതലം. ബ്രഹ്മലോകവും ഇതിനോടു നേരല്ലത്രേ എന്നാണ് എഴുത്തച്ഛന്‍ പാടുക.

അയോധ്യയില്‍ ദശരഥന്റെ ഇംഗിതമനുസരിച്ച് പട്ടാഭിഷേകവും കഴിഞ്ഞ് വാണിരുന്നെങ്കില്‍ ലഭ്യമല്ലാതെ പോകുമായിരുന്ന അപൂര്‍വസമാഗമങ്ങളാണ്, ഈ മഹാരണ്യത്തില്‍ ശ്രീരാമന് ചൊരിഞ്ഞുകിട്ടുന്നത്. അഗസ്ത്യസ്തുതിയില്‍ പ്രതിഫലിക്കുന്നത് സാത്വികവും രാജസവും താമസികവും കലര്‍ന്ന ഈ പ്രപഞ്ചത്തിന്റെ പ്രകൃതങ്ങളാണ്.

'രണ്ടുയോജന വഴിചെല്ലുമ്പോളിവിടെ നി-

ന്നുണ്ടല്ലോ പുണ്യഭൂമിയാകിയ പഞ്ചവടി

ഗൗതമീ തീരേ...'

ഇവിടെയാണ് സൗമിത്രി പര്‍ണപുഷ്പങ്ങള്‍കൊണ്ട് തല്പം തീര്‍ക്കുന്നത്, രാമനും സീതയ്ക്കും അഭയം നല്‍കുന്നത്, കാഴ്ചകള്‍ നാലുവശത്തുനിന്നും പ്രവഹിക്കുന്ന അതീവ ഹൃദയഹാരിയായ ഒരു ഉടജം. അതിന്റെ ശാന്തിയെന്തെന്ന് അനുഭവസ്ഥനാവുക സൗമിത്രി തന്നെയാണ്.

ശ്രീരാമന്‍ ലക്ഷ്മണന് പറഞ്ഞുകൊടുക്കുന്ന രണ്ടാമത്തെ സാരോപദേശത്തിലൂടെ.

ആദ്യത്തേത്, വിച്ഛിന്നാഭിഷേകത്തിന്റെ വേളയിലായിരുന്നെങ്കില്‍ ഇപ്പോഴത് കുറേക്കൂടി പരിപാകം വന്ന, തീര്‍ത്തും ശമാത്മകമായ അരണ്യത്തിലെ വൃക്ഷങ്ങള്‍ക്കിടയ്ക്കാണെന്നു മാത്രം.

മനസ്സേറ്റവും ശമിപ്പിക്കപ്പെട്ട വേളയില്‍മാത്രം പുറപ്പെടുന്ന സാരാംശഗീതികളാണ് തുടര്‍ന്നു നാം ശ്രവിക്കുക. ധ്യാനസ്ഥമായ ഒരു ചേതനയില്‍ നിന്നുമാത്രം പുറപ്പെടുന്ന സാത്വിക പ്രമാണങ്ങള്‍, സാത്വികാവാസത്തിന്റെ പ്രതിഫലനങ്ങള്‍.

പൂര്‍വനിശ്ചിതം ചെയ്യപ്പെട്ട മുഹൂര്‍ത്തമാണ് അവിടെ ഉദ്ഭൂതമായത്. അതല്ലാതെ ശാലീനതയാര്‍ന്ന മറ്റൊരു സന്ദര്‍ഭം വേറെയില്ലെന്ന് നാം അന്തരിന്ദ്രിയങ്ങളാല്‍ അറിയുന്നു. തുടര്‍ന്നുവരുന്ന സംഘര്‍ഷങ്ങളില്‍ നിന്നൊക്കെ അകന്ന് പ്രശാന്തതമൂര്‍ത്തീഭവിച്ച പഞ്ചവടീസന്ധ്യയില്‍.