രാമായണത്തില്‍ ഒരു കഥയുണ്ട്. ഒരുദിവസം, ശ്രീരാമന്‍ അന്നത്തെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതിനുശേഷം ന്യായ സദസ്സ് അടയ്ക്കാന്‍ തുടങ്ങുകയായിരുന്നു. അദ്ദേഹം ലക്ഷ്മണനോട്, പുറത്ത് വരാന്തയില്‍ ആരെങ്കിലുമുണ്ടോയെന്നു നോക്കാന്‍ അഭ്യര്‍ഥിച്ചു.

ഒരു നായ വിഷമത്തോടെ പുറത്തിരിക്കുന്നതു കണ്ടു. അതിന്റെ തലയില്‍ മുറിവുണ്ടായിരുന്നു. നായ പറഞ്ഞു: ''എനിക്ക് ശ്രീരാമനില്‍നിന്നു നീതി വേണം.''

നായ ശ്രീരാമനെ വണങ്ങിയിട്ട് പറഞ്ഞു: ''എനിക്ക് നീതി വേണം. ഞാന്‍ ഒറ്റയ്ക്ക് വെറുതേയിരിക്കുമ്പോള്‍, സര്‍വാര്‍ഥസിദ്ധന്‍ എന്നൊരാള്‍ എന്നെ കാരണമില്ലാതെ ആക്രമിച്ചു.''

ശ്രീരാമന്‍ സര്‍വാര്‍ഥസിദ്ധനെ വിളിപ്പിച്ചു. സര്‍വാര്‍ഥസിദ്ധന്‍ പറഞ്ഞു: ''ആരോപിക്കുന്ന കുറ്റം ഞാന്‍ ചെയ്തിട്ടുണ്ട്. എനിക്ക് വിശന്നിട്ടു കണ്ണുകാണാതായിരുന്നു, ഞാന്‍ ദേഷ്യത്തിലായിരുന്നു. ദേഷ്യം കാരണം, മറ്റൊരു കാരണവുമില്ലാതെ ഞാന്‍ നായയുടെ തലയില്‍ പ്രഹരിക്കുകയായിരുന്നു. അങ്ങേയ്ക്കെന്നെ ശിക്ഷിക്കാം.''

രാമന്‍ നായയോട് ചോദിച്ചു: ''നിനക്കെന്താണ് പറയാനുള്ളത്?'' നായ പറഞ്ഞു: ''ഈ മനുഷ്യന് പറ്റിയ ഒരു ശിക്ഷ എനിക്കറിയാം. അദ്ദേഹത്തെ കളിഞ്ജര്‍ സന്ന്യാസിമഠത്തിലെ പ്രധാന സന്ന്യാസിയാക്കൂ.'' രാമന്‍ പറഞ്ഞു: ''അങ്ങനെത്തന്നെ ആവട്ടെ'', അങ്ങനെ ആ ഭിക്ഷക്കാരന്‍ കളിഞ്ജര്‍ സന്ന്യാസിമഠത്തിലെ പ്രധാനിയായി നിയോഗിക്കപ്പെട്ടു. രാമന്‍ അയാള്‍ക്ക് ഒരാനയെ കൊടുത്തു. ഭിക്ഷക്കാരന്‍, സന്തുഷ്ടനായി ആനപ്പുറത്ത് കയറി സന്ന്യാസിമഠത്തിലേക്ക് യാത്രയായി. വിചിത്രമായ ശിക്ഷയെക്കുറിച്ച് സംശയമുന്നയിച്ച സഭാംഗങ്ങള്‍ക്കു മുന്നില്‍ അത് വിശദീകരിക്കാന്‍ നായയോട് ശ്രീരാമന്‍ ആവശ്യപ്പെട്ടു.

നായ പറഞ്ഞു: ''കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ കളിഞ്ജര്‍ സന്ന്യാസിമഠത്തിലെ പ്രധാന സന്ന്യാസിയായിരുന്നു. മഠാധിപനായിരിക്കുമ്പോള്‍ വന്ന പേരും പ്രശസ്തിയും എന്നെ അഹങ്കാരിയാക്കി. ഞാന്‍ ചഞ്ചലചിത്തനായി കാലക്രമേണ, എന്റെയും എനിക്ക് ചുറ്റുമുള്ളവരുടെയും ആത്മീയ പ്രഭാവം അസ്തമിച്ചു. ആ ശിക്ഷ ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നു. ഈ ഭിക്ഷക്കാരനായ സര്‍വാര്‍ഥസിദ്ധന് ദേഷ്യവും, അഹങ്കാരവുമുണ്ട്. അതുകൊണ്ട് എന്നെപോലെത്തന്നെ അയാളും സ്വയം നശിച്ചുകൊള്ളും ഇതാണ് അയാള്‍ക്കുള്ള ഉത്തമമായ ശിക്ഷ.''

ദൃഢമായ മനസ്സിനു മാത്രമേ തിരഞ്ഞെടുത്ത വഴിയിലൂടെ വിധിയെ നയിക്കാന്‍ കഴിയൂ. രാമകഥ അതിജീവനത്തിനുള്ള വഴിയടയാളം കൂടിയാണ്.