രാമായണത്തിലെ നിശ്ശബ്ദയായ ഒരു കഥാപാത്രമാണ് ലക്ഷ്മണപത്‌നിയായ ഊര്‍മിള. വിശുദ്ധിയുടെയും ക്ഷമാശീലത്തിന്റെയും പ്രതീകം! സരളചിത്തയെങ്കിലും നിശ്ചയദാര്‍ഢ്യമുള്ളവള്‍! കുശധ്വജപുത്രിയായ ഊര്‍മിള, മിഥിലയില്‍ വലിയച്ഛനായ ജനകന്റെ സംരക്ഷണയില്‍, സീതയ്‌ക്കൊപ്പമാണ് വളര്‍ന്നത്. മഹാപണ്ഡിതനായ ജനകനില്‍നിന്ന് സകലശാസ്ത്രങ്ങളും അഭ്യസിച്ചു. അറിവിനൊപ്പം വിനയത്തിലും സമ്പന്നയായ ഊര്‍മിള ഭര്‍ത്താവിനെ മനസ്സില്‍ പ്രതിഷ്ഠിച്ചവളാണ്. പത്‌നീധര്‍മം പാലിക്കാന്‍ ഭര്‍ത്താവിനെ വനത്തിലേക്കനുഗമിക്കണമെന്ന് അവളും ആഗ്രഹിക്കുന്നുണ്ട്. വനയാത്രയില്‍ ഉണ്ടായേക്കാവുന്ന പ്രായോഗികമായ ബുദ്ധിമുട്ടുകളെക്കുറിച്ച് ലക്ഷ്മണന്‍ ബോധ്യപ്പെടുത്തുമ്പോള്‍, ആഗ്രഹമൊതുക്കി ഭര്‍ത്താവിനെ അനുസരിക്കുകയാണ് അവള്‍ ചെയ്യുന്നത്. സ്വന്തം കടമ നിറവേറ്റുന്നതില്‍നിന്ന് ഭര്‍ത്താവിനെ നിരുത്സാഹപ്പെടുത്താനോ, പിന്തിരിപ്പിക്കാനോ ശ്രമിക്കുന്നുമില്ല.

ഉത്തരഭാരതത്തിലെ ഐതിഹ്യങ്ങളില്‍ ഊര്‍മിള 'ഉറങ്ങുന്ന രാജകുമാരി'യാണ്. വാല്മീകീരാമായണത്തിലോ അധ്യാത്മരാമായണത്തിലോ തുളസീദാസന്റെ രാമചരിതമാനസത്തിലോ കാണില്ലെങ്കിലും ഏറെ കൗതുകം ജനിപ്പിക്കുന്ന അക്കഥയിങ്ങനെ: അയോധ്യാനഗരംവിട്ട രാമനും സീതയും ലക്ഷ്മണനും വനത്തിലെത്തി. അന്ന് രാത്രി ജ്യേഷ്ഠനും ജ്യേഷ്ഠത്തിയമ്മയും ആകാശത്തിനുതാഴെ പുല്‍മെത്തയില്‍ കിടന്നുറങ്ങുമ്പോള്‍, ലക്ഷ്മണന്‍ ഉണര്‍ന്നുതന്നെ ഇരുന്നു. ആയുധപാണിയായി ഉണര്‍ന്നിരിക്കുന്ന ദാശരഥിയുടെ മുമ്പാകെ നിദ്രാദേവി പ്രത്യക്ഷപ്പെട്ടു. ''പുത്രാ ലക്ഷ്മണാ, ഞാന്‍ നിദ്രാദേവിയാണ്. രാമനെയും സീതയെയും സംരക്ഷിക്കാന്‍ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്ന നിന്നില്‍ ഞാന്‍ സംപ്രീതയായിരിക്കുന്നു. എന്തു വരമാണ് നിനക്കുവേണ്ടത്?'' എന്ന് ദേവി ചോദിച്ചു. ''അമ്മേ ഈ കിടന്നുറങ്ങുന്ന രാമനും സീതാദേവിയും എന്റെ മാതാപിതാക്കള്‍ക്കു തുല്യരാണ്. ഒരു നിമിഷം ഞാന്‍ കണ്ണടച്ചുപോയാല്‍ അവര്‍ക്ക് എന്തെങ്കിലും ആപത്തുപിണഞ്ഞേക്കുമോ എന്ന ചിന്ത എന്നെ അലട്ടുന്നു. അതിനാല്‍ പതിന്നാലു വര്‍ഷക്കാലം ഉറക്കംവരാതിരിക്കാനുള്ള വരം തന്നാലും'' -ലക്ഷ്മണന്‍ അഭ്യര്‍ഥിച്ചു. അത് അസാധ്യമാണെന്നും പകരം ഉറങ്ങാന്‍ മറ്റൊരാള്‍ ഉണ്ടെങ്കില്‍, വരം നല്‍കാമെന്ന് ദേവി അരുളിച്ചെയ്തു. തനിക്കു പകരം തന്റെ പ്രിയപത്‌നി ഊര്‍മിള ഉറങ്ങിക്കോളുമെന്ന് ലക്ഷ്മണന്‍ വിനയപൂര്‍വം ഉണര്‍ത്തിച്ചു. അതനുസരിച്ച് നിദ്രാദേവി അപ്പോള്‍ത്തന്നെ ഊര്‍മിളയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട്, കാര്യങ്ങള്‍ ധരിപ്പിച്ച് വരമേകി. ഭര്‍ത്താവിനുവേണ്ടി എന്തുചെയ്യാനും സന്നദ്ധയായ ഊര്‍മിള അത് ഹൃദയപൂര്‍വം സ്വീകരിച്ചു.

തത്ക്ഷണം ഉറക്കം തുടങ്ങിയ ഊര്‍മിള, പതിന്നാലു വര്‍ഷത്തിനുശേഷം രാമലക്ഷ്മണന്മാര്‍ വനവാസം പൂര്‍ത്തിയാക്കിവന്ന ദിവസമാണത്രേ ഉണര്‍ന്നത്.