രാമായണം ശ്രീരാമന്റെ യാത്രയാണ്. തങ്ങളുടേതായ സമാന്തരജീവിതങ്ങളില്‍ മുഴുകുമ്പോഴും രാമനോടൊപ്പം സഞ്ചരിക്കുകയാണ് രാമായണത്തിലെ കഥാപാത്രങ്ങളെല്ലാവരും. 'രാമോ രമയതാംവരഃ' രമിപ്പിക്കുന്നവനാണ് രാമന്‍. സര്‍വലോക പ്രിയനെന്നും സോമവത് പ്രിയദര്‍ശനനെന്നും വാല്മീകി വിശേഷിപ്പിച്ചു ശ്രീരാമനെ. ഒരു വ്യക്തി തന്റെ സാന്നിധ്യം കൊണ്ടുതന്നെ തന്റെ പരിസരങ്ങളില്‍ ആനന്ദം നിറയ്ക്കുക, ആ ഈശ്വരീയ ഭാവത്തെയാണ് എഴുത്തച്ഛന്‍ ഭക്തപാരായണനെന്നും ലോകാഭിരാമനെന്നും രമണീയ വിഗ്രഹനെന്നും സ്തുതിക്കുന്നത്. ആനന്ദത്തിന്റെ ഉറവിടം താന്‍തന്നെയാണെന്ന് കണ്ടെത്തുന്ന മനുഷ്യനിലെ അപൂര്‍വമായ അനുഭവസാധ്യതയെയാണ് ഋഷിമാര്‍ ഈശ്വരന്‍ എന്ന് സങ്കല്പിച്ചത്.

തന്നിലെ അനന്തമായ ഈശ്വരീയ ഗുണങ്ങളെ തിരിച്ചറിയുമ്പോഴാണ് ഒരാള്‍ സ്വസ്ഥനും ശാന്തനുമായിരിക്കുന്നത്. സ്വയം ആനന്ദിക്കുന്നവനേ മറ്റുള്ളവരേയും ആനന്ദിപ്പിക്കാന്‍ സാധിക്കൂ. സര്‍വലോകത്തേയും തന്റെ സാന്നിധ്യംകൊണ്ട് ആനന്ദത്തില്‍ നിറയ്ക്കുന്ന ഈശ്വരീയഭാവങ്ങളുടെ അവതാരമൂര്‍ത്തിയാണ് ശ്രീരാമന്‍. ജീവിതത്തിന്റെ സംഘര്‍ഷങ്ങളില്‍ ദുഃഖത്തിലേക്ക് ആണ്ടുപോയ മനസ്സുകളില്‍ ആനന്ദത്തിന്റെ രസക്കൂട്ടുകള്‍ നിറയ്ക്കുന്ന ഈശ്വരഭാവമാണ് ശ്രീരാമചന്ദ്രന്റേത്. ശ്രീരാമനിലെ ഈശ്വരീയഭാവങ്ങളുടെ സ്‌ത്രൈണാവിഷ്‌കാരമാണ് 'നാരായണന്‍ നീ രമാദേവി ജാനകി, മാരാരിയും നീ ഉമാദേവി ജാനകി' എന്ന സീതാസങ്കല്പം.

'നിങ്കല്‍നിന്നുണ്ടായ്വന്നിതുലോകങ്ങള്‍
നിന്നില്‍ പ്രതിഷ്ഠിതമായിരിക്കുന്നതും
നിങ്കലത്രേ ലയിക്കുന്നതുമൊക്കവേ'
(അയോധ്യാ കാണ്ഡം, രാഘവ-നാരദ സംവാദം)

പ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-ലയ വ്യവസ്ഥയുടെ നിയന്താവാണ് ഈശ്വരന്‍. പ്രപഞ്ചത്തിന്റെ ഗതിവിഗതികള്‍ കൃത്യതയോടെ വ്യവസ്ഥ ചെയ്യുന്ന പ്രപഞ്ചസംവിധായകന്‍. ഈശ്വരന്റെ പ്രപഞ്ച നാടകത്തെ ഒരു ലീലയെന്നാണ് ജ്ഞാനികള്‍ വിശേഷിപ്പിക്കുന്നത്. ഈ പ്രഭാതവും, ഈ കാറ്റും, പൊന്‍വെയിലും, നിലാവും, മഞ്ഞുമലകളും അതിലെ അനേകമനേകം അനുഭൂതികളും എത്ര ലാഘവത്തോടെയാണ് ഈശ്വരന്‍ സംവിധാനം ചെയ്തത്.

ഈശ്വരന്റെ ഈ മായാലീലയില്‍ അഭിരമിക്കുമ്പോഴും ആനന്ദം തേടേണ്ടത് അവനവനില്‍തന്നെയാണ് എന്ന് ശ്രീരാമതത്ത്വം നമുക്ക് പറഞ്ഞുതരുന്നു. 'ത്വല്‍പാദ പങ്കജഭക്തി മുഴുക്കുമ്പോള്‍ ത്വല്‍ബോധവും മനക്കാമ്പി ലുദിച്ചിടും'. ദുഃഖത്തില്‍നിന്ന് മോചിപ്പിക്കുന്ന ആനന്ദത്തിന്റെ അമൃതരസം പകര്‍ന്നേകുന്ന താരകമന്ത്രമാണ് ശ്രീരാമചരിതം. 'ശ്രീരാമേതിപരം ജപ്യം താരകം ബ്രഹ്‌മസംജ്ഞകം' മുക്തി ദായകമായ മഹാമന്ത്രമാണ് ശ്രീരാമനാമം.

ആനന്ദസ്വരൂപനായ ശ്രീരാമന്റെ ഈശ്വരീയഭാവങ്ങളെ ഉള്‍ക്കൊള്ളുക എന്നാല്‍ ആനന്ദത്തിന്റെ ജീവിതമന്ത്രം സ്വയം അനുശീലിക്കുക എന്നതാണ് താത്പര്യം. ശ്രീരാമനിലെ ഈശ്വരീയഭാവങ്ങളിലൂടെയുള്ളയാത്രയാണ് രാമായണം.