ഗുരുപ്രസാദംകൊണ്ടേ ജീവിതസാഫല്യം ഉണ്ടാവൂ എന്ന് നിശ്ചയമുള്ള ഋഷികവി തുടങ്ങുന്നതുതന്നെ വന്ദ്യവന്ദനത്തോടെയാണ്. മൂന്നുരാമന്‍മാരെ സ്തുതിക്കുന്നു - ഇവരെല്ലാംകൂടി ഒന്നായ അടിസ്ഥാനദൈവത്തെയും. പ്രഥമഗുരുവായ രാമനെന്ന വലിയമ്മാവന്‍, കുട്ടിരാമന്‍ എന്ന ജ്യേഷ്ഠന്‍, തഞ്ചാവൂര്‍ തിരുവാവുട്ടുതുറൈ ആദീനത്തിലെ മുഖ്യാചാര്യനായ രാമര്‍ എന്ന ആദിശൈവ ബ്രാഹ്‌മണന്‍-എല്ലാമായ രാമചന്ദ്രനും. തുടര്‍ന്ന് നമസ്‌കരിക്കുന്നത് നാല് നാരായണന്‍മാരെ. ആദ്യം രാമനായി അവതരിച്ച നാരായണന്‍തന്നെ. പിന്നെ വെട്ടത്തരയന്‍ (വേദനാരായണന്‍ എന്ന സ്ഥാനപ്പേരുണ്ടായിരുന്നു അദ്ദേഹത്തിന്) മൂന്നാമത് നേത്രനാരായണന്‍കൂടിയായ ആഴ്വാഞ്ചേരി തമ്പ്രാക്കള്‍, അവസാനം സ്വപിതാവായ നാരായണനും.ഹരി കഴിഞ്ഞ് ഗണപതി ആവശ്യമുള്ളതിന്റെ തടസ്സംനീക്കിയും അനാവശ്യങ്ങളെ തടസ്സപ്പെടുത്തിയും കാക്കണ്ടേ? പദസമൃദ്ധിക്ക് സരസ്വതി വേദസ്വരൂപിണി തുണയ്ക്കണം. വിശ്വാത്മാവും ആ സത്തയുടെ അവതാരംതന്നെയായ വേദവ്യാസനും വാല്മീകി മഹാമുനിയും ശിവപെരുമാളും ഉമയും ലക്ഷ്മിയും നാരദാദിമുനികളും വേദജ്ഞരായ ബ്രാഹ്‌മണരും നാരദാദി ഋഷിമാരും ദേവഗണങ്ങളും എന്നുവേണ്ട എല്ലാ ചരാചരജാതികളും മനസ്സില്‍ വേദവേദാംഗവേദാന്താദിവിദ്യകള്‍ തെളിഞ്ഞരുളാന്‍ തുണയ്ക്കണം.

ഇത്രയും കഴിഞ്ഞാണ് അദ്ദേഹം തന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശാന്‍കൂടി ഉതകുന്ന സുപ്രധാനമായ അപേക്ഷ ഹൃദയവേദനയോടെ അവതരിപ്പിക്കുന്നത്. 'അറിവില്‍ മുന്‍പന്തിക്കാരനും എന്റെ ഗുരുനാഥനുമായ ജ്യേഷ്ഠന്‍ തന്റെ പാഠശാലയിലെ അന്തേവാസികളായ അനേകം ശിഷ്യരോടുമൊത്ത് അകക്കാമ്പില്‍ കുടിയിരിക്കണം- രാമനാമാവായ ആചാര്യനും മറ്റു ഗുരുമുഖ്യരും വേണം. അദ്ദേഹത്തോടൊപ്പം വലിയ ഒരു 'റെസിഡന്‍ഷ്യല്‍ സ്‌കൂള്‍' നടത്തിയിരുന്ന മഹാപണ്ഡിതനായ ഈ ജ്യേഷ്ഠന്‍ രാമായണരചനാകാലത്ത് ജീവിച്ചിരിപ്പില്ലായിരുന്നു. രാമനാമാവായ ആചാര്യനും പാഠശാലയും ഇല്ലാതായിരുന്നുവെന്ന് വ്യക്തം.

ഇങ്ങനെയൊരു കുടുംബത്തില്‍ പിറന്ന ആളെയാണ് ഉപജീവനത്തിന് അടിച്ചുതളിക്കാരിയായിരുന്ന ദരിദ്രയായ സ്ത്രീക്ക് വഴിപോക്കനായ ബ്രാഹ്‌മണനില്‍നിന്ന് സേവന പാരിതോഷികമായി കിട്ടിയ സന്തതിയായി ആരോ ചിലര്‍ ഫലിതപ്രയോഗത്തിലൂടെ ഐതിഹ്യപ്പെടുത്തിയത്. കഴിഞ്ഞില്ല, ആ അമ്മയുടെ ഒക്കത്തിരിക്കെ ചൊല്ലിക്കേട്ട സാമവേദത്തിലെ തെറ്റുതിരുത്തിയതിന് ശാപമേറ്റ് മന്ദബുദ്ധിയായി.  മരുന്നായി ബ്രാഹ്‌മണപണ്ഡിതന്‍ വിധിച്ച മദ്യം ആയുഷ്‌കാലശീലമാക്കി എന്നുകൂടി പറയപ്പെട്ടതും (അഷ്ടാംഗഹൃദയത്തില്‍ ഇങ്ങനെ ഒരു വിധിയുണ്ടോ എന്ന് എനിക്ക് കണ്ടുകിട്ടിയ എല്ലാ പ്രമുഖ വൈദ്യന്മാരോടും ഞാന്‍ അന്വേഷിച്ചു. ഇല്ല!).

പക്ഷേ, രാമാനുജനെഴുത്തച്ഛന്‍ സ്വന്തം നാരായംകൊണ്ട് കുറിച്ച ഈ വരികളെപ്പോലും അവഗണിച്ച് നമ്മുടെ സ്‌കൂളുകളിലും ഉപരിവിദ്യാലയങ്ങളിലും എന്തിന് സര്‍വകലാശാലകളില്‍പ്പോലും എന്നും നുണക്കഥകളാണ് പാഠം! ഗുരുനിന്ദ എന്ന ഈ മഹാപാതകം നമ്മെ എരിയിച്ചുകളയാത്തത് ആ മഹാമനസ്സിന്റെ കാരുണ്യം ഒന്നുകൊണ്ടുമാത്രം!