കൊച്ചി : വീടുകളുടെ പൂമാല പോലെ നീണ്ടുകിടക്കുന്ന അഗ്രഹാരത്തിലേക്ക് കടക്കുമ്പോള്‍ത്തന്നെ ആ ചിത്രം മുന്നില്‍ തെളിഞ്ഞു.

ശാന്തമായ സ്വരത്തില്‍ രാമനാമം ജപിച്ച് അത് പുസ്തകത്തില്‍ എഴുതിക്കൊണ്ടിരിക്കുന്ന ശാന്താ മാമി.

പഴയ കാലത്തിന്റെ ഓര്‍മകള്‍ പോലെ നിറം മങ്ങിത്തുടങ്ങിയ വാതില്‍പ്പടിയുടെയും തുരുമ്പെടുക്കുന്ന ജനലഴികളുടെയും പശ്ചാത്തലത്തിലെ വരാന്തയിലിരുന്ന് ശാന്താ മാമി പറഞ്ഞു:

''കര്‍ക്കടക മാസമായാല്‍ രാമനാമ ജപം കൂട്ടേണ്ടതുണ്ട്. ഇപ്പോഴത്തെ കുട്ടികള്‍ക്കൊന്നും ഇതില്‍ താത്പര്യമുണ്ടാകില്ല. ഞാനൊക്കെ കുട്ടിക്കാലം മുതലേ ശീലിച്ചുവരുന്ന ആചാരമാണിത്. മരണംവരെ ഇതില്ലാതെ ഒരു കര്‍ക്കടക മാസവും എന്നിലൂടെ കടന്നുപോകില്ല'' - സംസാരത്തിനിടയിലും ശാന്താ മാമി എഴുതിക്കൊണ്ടിരുന്നു.

മട്ടാഞ്ചേരി തെക്കേമഠം അഗ്രഹാരത്തില്‍ കര്‍ക്കടക മാസത്തില്‍ തെളിയുന്ന കാഴ്ചകള്‍ക്ക് പഴമയുടെ സുഗന്ധമാണ്. ശാന്താ മാമിയെപ്പോലുള്ള വയോധികര്‍ കര്‍ക്കടകത്തിന്റെ പുണ്യമായി പരമാവധി രാമനാമ ജപമാണ് ലക്ഷ്യമിടുന്നത്. എറണാകുളം 'നാമദ്വാര്‍' നല്‍കിയ പുസ്തകത്തിലാണ് ശാന്താ മാമി തമിഴ് ഭാഷയില്‍ രാമനാമം എഴുതുന്നത്. ഒരു പേജില്‍ 588 കളങ്ങളാണുള്ളത്. ഇതില്‍ നിറയെ 'രാമ രാമ...' എന്നെഴുതി നിറയ്ക്കണം. അങ്ങനെ 16 പേജുകളിലായി 9408 തവണയാണ് രാമനാമം എഴുതുന്നത്. പുസ്തകം നിറയെ എഴുതുന്നതിനൊപ്പം അതിന്റെ എത്രയോ ഇരട്ടി രാമനാമ ജപവും ശാന്താ മാമി നടത്തുന്നുണ്ട്.

രാമനാമ ജപം എഴുതുന്നത് പുണ്യപ്രവൃത്തിയായാണ് ശാന്താ മാമി കാണുന്നത്.

''കടലാസില്‍ രാമനാമം എഴുതി നിറയ്ക്കല്‍ അത്ര എളുപ്പമുള്ള പണിയല്ല. പക്ഷേ, വിശ്വാസത്തോടെ അതു ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

എന്നെപ്പോലെ കുറെപ്പേര്‍ ഇപ്പോഴും കര്‍ക്കടക മാസത്തില്‍ രാമനാമ ജപത്താല്‍ വീടുകള്‍ നിറയ്ക്കാറുണ്ട്. വീടിനു മുന്നില്‍ കോലം വരയ്ക്കുന്നതുപോലെ ഞങ്ങളുടെ മനസ്സില്‍ മായാതെയുള്ള വിശ്വാസമാണിത്'' - ശാന്താ മാമി പറഞ്ഞു.

''കല്യാണം കഴിഞ്ഞ് 1958-ലാണ് തിരുവനന്തപുരത്തു നിന്ന് ഈ അഗ്രഹാരത്തിലെത്തിയത്. അന്ന് അഞ്ചു കുടുംബങ്ങളാണ് കൂട്ടുകുടുംബമായി ഒറ്റവീട്ടില്‍ താമസിച്ചിരുന്നത്.

അന്നും രാമനാമ ജപം ഒരുമിച്ചു ചൊല്ലുന്നത് ഞങ്ങളുടെയൊക്കെ ശീലമായിരുന്നു. ഇപ്പോള്‍ അതു ചൊല്ലാന്‍ അധികമാരും കൂടെയില്ല. എന്നാലും മരിക്കുന്നതുവരെ ഈ വിശ്വാസവുമായി മുന്നോട്ടു പോകണം. രാവിലെ അഞ്ചു മണിക്ക് എഴുന്നേല്‍ക്കും. മുക്കാല്‍ മണിക്കൂറോളം പ്രാണായാമം ചെയ്യും. കുളിയും പൂജയും കഴിഞ്ഞ് മുറ്റത്ത് കോലം വരയ്ക്കണം. അതിനിടയിലും അതിനുശേഷവുമൊക്കെ രാമനാമം ജപിക്കും. പാചകം ചെയ്യുമ്പോഴും അതു മുടങ്ങില്ല. അങ്ങനെ ചെയ്താല്‍ പാകം ചെയ്യുന്ന ഭക്ഷണത്തില്‍ പോലും അതിന്റെ ഊര്‍ജമുണ്ടാകും'' - ശാന്താ മാമി രാമനാമ ജപത്തിന്റെ വിശ്വാസം പങ്കുവെച്ചു.