ramayanam
വര: മദനന്‍

പരമമുക്തിസാരാമൃതം
'ഉദ്ഭവസ്ഥിതിസംഹാര
കാരിണീം ക്ലേശഹാരിണീം
സര്‍വശ്രേയസ്‌കരീം സീതാം
നതോഹം രാമവല്ലഭാം'
(പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്കു ഹേതുഭൂതയായി, സര്‍വസന്താപനാശിനിയായി, സകലവിധ ശ്രേയസ്സുകളും അരുളുന്നവളായി, ശ്രീരാമചന്ദ്രന്റെ പ്രാണവല്ലഭയായിരിക്കുന്ന സീതാദേവിയെ ഞാനിതാ വന്ദിക്കുന്നു).

മഹാലക്ഷ്മിതന്നെയാണ് സീത. വനവാസത്തിന് പുറപ്പെടുന്ന രാമനെയും സീതയെയും സംരക്ഷണാര്‍ഥം അനുഗമിക്കാനൊരുങ്ങുന്ന ലക്ഷ്മണന് അമ്മ സുമിത്ര നല്‍കുന്ന നിര്‍ദേശം 'രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാ' എന്നാണ്. രാമനെ, നിന്റെ പിതാവായ ദശരഥനായും സീതയെ മാതാവായ ഞാന്‍ തന്നെയായും കരുതി സംരക്ഷിക്കുക. രാമന്‍ മഹാവിഷ്ണുവാണെന്നും സീത മഹാലക്ഷ്മിയാണെന്നും ധരിച്ചുകൊള്ളുക എന്നത് ആന്തരാര്‍ഥം.

ആ മഹാലക്ഷ്മിക്കുപോലും, ഈ മണ്ണില്‍ പെണ്ണായി അവതരിക്കേണ്ടിവന്നാല്‍ അനുഭവിക്കേണ്ടിവരുന്നത് എത്രയെത്ര അഗ്നിപരീക്ഷകള്‍! എന്താണ് രാമായണനായകനായ രാമനും നായിക സീതയ്ക്കുമുള്ള മഹത്ത്വം? ലോകസാഹിത്യത്തിലെ മുഴുവന്‍ പുരുഷകഥാപാത്രങ്ങളും ഒരുമിച്ചാലും ഒരു രാമനാവില്ല. മുഴുവന്‍ സ്ത്രീകഥാപാത്രങ്ങളും ഒരുമിച്ചാലും ഒരു സീതയാവില്ല!

രാമായണം എല്ലാ അര്‍ഥത്തിലും സീതായനംകൂടിയാണ്. മണ്ണിന്റെ മകളാണ് സീത. സ്വര്‍ഗവൈകുണ്ഠത്തിലെ ഭഗവാന്‍ മഹാവിഷ്ണുവാണ് രാമന്‍. അങ്ങനെ നോക്കുമ്പോള്‍ സ്വര്‍ഗവും ഭൂമിയും തമ്മിലുള്ള ഒരു പരിണയപ്രബന്ധം തന്നെയാണ് രാമായണനിബന്ധം. രാമന്‍ എന്ന സമസ്യയുടെ പൂരണമാണ് സീത. കൗമാരയൗവനങ്ങളില്‍ ഏതൊരു ഭാരതകന്യകയെയും സ്വാധീനിക്കുന്ന ബിംബം ഒരുപക്ഷേ രാധയായിരിക്കാം. പക്ഷേ, അവരുടെ യൗവനാനന്തര പരിപക്വത സീതയാകുന്നു. ഭൂമിക്ക് ക്ഷമ എന്നൊരു പര്യായമുണ്ടെങ്കില്‍ അതിന് നിമിത്തവും സീതതന്നെ.

അഗ്നിതീക്ഷ്ണങ്ങളായ അനേകം തീവ്രനിര്‍ണായക ജീവിതമുഹൂര്‍ത്തങ്ങളെ ധീരമായ ഇച്ഛാശക്തിയോടെ ലോകസമക്ഷം വ്യാഖ്യാനിച്ച് സീത മാതൃകയാകുന്നു. സീതയെ വീണ്ടെടുക്കാന്‍ രാമന്‍ താണ്ടിയ കടല്‍ സീതയുടെ ചാരിത്ര്യംതന്നെയാകുന്നു. ഇടിവെട്ടീടുംവണ്ണം വില്‍മുറിഞ്ഞൊച്ചകേട്ട് മയില്‍പ്പേടപോലെ സന്തോഷംപൂണ്ട മൈഥിലി! അയോധ്യയിലെ അന്തഃപുരത്തില്‍ രാജകീയമായ എന്തൊക്കെ സുഖസൗകര്യങ്ങളാണ് ഇല്ലാത്തത്! എന്നിട്ടും, ഓര്‍ക്കാപ്പുറത്ത് 14 വര്‍ഷത്തെ വനവാസത്തിന് പുറപ്പെടേണ്ടിവന്ന പ്രാണനാഥന്റെ പിന്നാലെ എല്ലാം വെടിഞ്ഞ് ഇറങ്ങിനടന്നു.

ആശ്രമസന്നിധികളില്‍ ശാന്തി, അസുരവധങ്ങളില്‍ അദ്ഭുതം, ഭീകരരാക്ഷസാക്രമണങ്ങളില്‍ വിഭ്രാന്തി, വനാന്തരസൗന്ദര്യങ്ങളില്‍ സന്തോഷം, അപഹരിക്കപ്പെട്ടതില്‍ ശോകം, അശോകവനത്തില്‍ വിരഹതാപം ഇങ്ങനെ സകലമാനുഷികഭാവങ്ങളുടെയും മുഖശ്രീയായിരുന്നു സീത. ഏതൊരു സാധാരണസ്ത്രീക്കും തോന്നാവുന്നതുപോലെ, പൊന്മാനിനോട് തോന്നിയ ഭ്രമമാണ് സീതായനത്തിലെ വഴിത്തിരിവ്.

സ്വര്‍ണംകൊണ്ട് ഒരു മാന്‍! അത് ഒരിക്കലും സംഭവ്യമല്ല. എന്നിട്ടും സീതയ്ക്കുവേണ്ടി ശ്രീരാമന്‍ അങ്ങനെയുള്ള ഒരു മാനിനെ കൈക്കലാക്കാന്‍ മുതിര്‍ന്നു. ആപത്ത് ആസന്നമായിരിക്കുമ്പോള്‍ മനുഷ്യരുടെ ബുദ്ധിയും മലിനമായിത്തീരുന്നു. സീതാജീവിതത്തിലെ സുപ്രധാനമായൊരു വഴിത്തിരിവാണ് ആ സംഭവം. എന്തായാലും, പഞ്ചഭൂതങ്ങളിലൊന്നായ മണ്ണിന്റെ മകള്‍ക്ക് സംഭവിച്ച ആ തെറ്റ് പഞ്ചഭൂതനായകനായ രാമന്‍ പഞ്ചഭൂതങ്ങളിലൊന്നായ വായുവിന്റെ പുത്രനെ, പഞ്ചഭൂതങ്ങളിലൊന്നായ ജലം (സമുദ്രം) കടന്ന് ലങ്കയിലേക്കയച്ച് പഞ്ചഭൂതങ്ങളിലൊന്നായ അഗ്നികൊണ്ട് ലങ്കയുടെ ഐശ്വര്യം ഭസ്മീകരിച്ച് തിരുത്താന്‍ ശ്രമിക്കുന്നു.

മായാമാനിന്റെ സ്വര്‍ണം ഒരു കുറ്റബോധമായി ശ്രീരാമഹൃദയത്തെ എന്നും വേട്ടയാടിയിരുന്നു. അതിന്റെ പ്രായശ്ചിത്തമാണ്, രാജധര്‍മം ശുദ്ധമാക്കാന്‍ സീതയെ വനത്തില്‍ ഉപേക്ഷിച്ചശേഷം യാഗാര്‍ഥം രാമന്‍ അര്‍ധസിംഹാസനത്തില്‍ പ്രതിഷ്ഠിച്ച കാഞ്ചനസീത! പക്ഷേ, എത്ര സ്വര്‍ണം വാര്‍ത്താലും അത് സീതയാവില്ല. രണ്ടുലക്ഷ്മിമാര്‍ ഒരുമിച്ച് ഒരു അന്തഃപുരത്തില്‍ വാഴില്ല. രാമന്‍ ഭരണമേറ്റതോടെ അന്തഃപുരത്തില്‍ രാജ്യലക്ഷ്മിയും വാണുതുടങ്ങി. സീതാലക്ഷ്മി നിര്‍ദാക്ഷിണ്യം ഉപേക്ഷിക്കപ്പെട്ടു. അതും നിസ്സാരമായ കാരണങ്ങളാല്‍. 

അവസാനമായി സീത ചോദിക്കുന്ന പൊള്ളുന്ന ചോദ്യങ്ങള്‍ക്ക് രാമന്റെ മൗനമല്ലാതെ മറ്റൊരുത്തരം ഉണ്ടായിരുന്നില്ല. സീത ശാശ്വതമായ ഒരു സത്യം ലോകത്തിനുമുമ്പില്‍ കൊളുത്തിവെക്കുന്നു. മണ്ണില്‍നിന്നുണ്ടാകുന്ന മഹത്ത്വങ്ങളെല്ലാം മണ്ണിനുമാത്രം സ്വന്തം. അവ മണ്ണിലേക്ക് മടങ്ങും. ആദികവിക്കോ വിധിക്കോ ആയിരം പ്രജകള്‍ക്കോ സാക്ഷാല്‍ ശ്രീരാമചന്ദ്രനുപോലുമോ അത് തടയാന്‍പറ്റില്ല. 

content highlights: Ramayana Masam 2021