'സമ്പൂര്‍ണനായ മനുഷ്യനാര്'എന്നു ചോദിച്ചുകൊണ്ടാണ് വാല്മീകി, രാമായണം തുടങ്ങിയത്. അനുപമഗുണനിധിയും അയോധ്യാധിപനുമായ രാമന്‍ എന്നായിരുന്നു നാരദന്റെ 'സമാധാനം'. നാരദന്റെ പട്ടികയില്‍ '66' ഗുണഗണങ്ങളുള്ള രാമന്‍, ആ ഗുണഭാരത്താല്‍ത്തന്നെ അമാനുഷനാകേണ്ടതാണ്. 'മനുഷ്യസങ്കല്പം'തന്നെയാണ് കാവ്യാന്വേഷണത്തെ നയിച്ചത്.അതുകൊണ്ട് 'രാമന്‍' മനുഷ്യന്‍തന്നെ! മനുഷ്യനേ രാമനാകാന്‍ കഴിയൂ എന്നാണ് രാമായണം! (അവതാരനിശ്ചയം'-വാല്മീകി രാമായണം 15-ാം സര്‍ഗം)

ഒരു മനുഷ്യനല്ലാതെ ആര്‍ക്കും തന്നെ വധിക്കാന്‍ കഴിയരുത് എന്ന അതിവിചിത്രമായ വരം നേടിവെച്ചതായിരുന്നു രാവണന്‍!

'മനുഷ്യന്‍ കൊള്ളരുതാത്തവന്‍' എന്ന് വിശ്വസിച്ച രാവണന്‍, രാക്ഷസബുദ്ധിതന്നെ. പക്ഷേ, ബുദ്ധിരാക്ഷസനായിരുന്നില്ല എന്നാണ് രാമചരിതം തെളിയിക്കുന്നത്.

ഇന്ദ്രാദിദേവന്മാരും 'മനുഷ്യനെ' അവഹേളിച്ചതോര്‍ക്കുന്നു! ദമയന്തിയെ വരിച്ച നളനെപ്പറ്റി 'മനുഷ്യപ്പുഴുവിനെ അവള്‍വരിച്ചുപോല്‍' എന്നായിരുന്നു ആ കൂട്ടനിന്ദ!

സുമന്ത്രര്‍ പറഞ്ഞകഥയില്‍ അസുരന്മാര്‍ക്ക് അഭയം കൊടുത്ത ഭൃഗുപത്‌നിയെ മഹാവിഷ്ണുവധിച്ചു. ഭൃഗുമഹര്‍ഷിയാകട്ടെ, പകരം വിഷ്ണുവിനെ ശപിക്കുന്നു: ''നീ മനുഷ്യനായി പിറക്കട്ടെ'' അങ്ങനെ ശപിക്കപ്പെട്ടതായിരുന്നു മനുഷ്യജന്മം! ഒടുവില്‍ മഹാവിഷ്ണുതന്നെ രാവണവധത്തിനു പുറപ്പെട്ടു; മനുഷ്യനായി അവതരിച്ചുകൊണ്ട്!

രാമന്‍ മനുഷ്യനായപ്പോള്‍ അതിനിന്ദ്യമായ നരത്വംവിട്ട് ലോകരക്ഷകനായി, ഈശ്വരനായി! മനുഷ്യന്റെ മഹത്ത്വവത്കരണമായിരുന്നു രാമാവതാരം!

മനുഷ്യമഹത്ത്വം തെളിക്കുന്നതായിരുന്നു രാമന്റെ അയനങ്ങള്‍. പിതാവിന്റെ ഭോഗമാര്‍ഗമല്ല, ത്യാഗമാര്‍ഗമാണ് യാത്രയില്‍ രാമന്‍ സ്വീകരിച്ചത്. രാമന്‍ തന്റെ പൈതൃകത്തെ തിരുത്തി-വനവാസവും ഏക പത്‌നീവ്രതവും ചില തെളിവുകള്‍മാത്രം!

'രാമരാവണയുദ്ധം'പോലെ മറ്റൊന്നുണ്ടായിട്ടില്ലെന്ന് വാല്മീകി. ഓര്‍ക്കുക, 'രാക്ഷസവംശത്തോടുതന്നെയായിരുന്നു രണ്ടു മനുഷ്യര്‍ യുദ്ധംപ്രഖ്യാപിച്ചത്! വാനരപ്പടയുണ്ട് കൂടെ. കല്ലും മരങ്ങളും ആയുധങ്ങള്‍! വഴിത്തുണകളായി ജടായു, സമ്പാതി തുടങ്ങിയ കാട്ടുപക്ഷികള്‍, തന്നാലാവുന്ന സഹായവുമായി അണ്ണാറക്കണ്ണനും! പ്രകൃതിസൗഹൃദത്തിന്റെ ആദ്യത്തെ ശക്തിപ്രകടനമായിരിക്കാം!

ഏതെങ്കിലും ഒരു കുരങ്ങനെ പറഞ്ഞയച്ചിരുന്നെങ്കില്‍ രാമന് അയല്‍രാജ്യങ്ങളില്‍നിന്ന് ബന്ധുസൈന്യങ്ങളെ വരുത്താമായിരുന്നു. രാമന്റെ മാനുഷികമായ താന്‍പോരിമ, പക്ഷേ, അനുവദിച്ചില്ല.

പുഷ്പകവിമാനവും വിചിത്ര ആയുധസജ്ജീകരണങ്ങളും എല്ലാമായി കാത്തുനില്‍ക്കുന്ന, കുംഭകര്‍ണന്‍, മേഘനാദന്‍, വിദ്യുദ്ജിഹ്വന്‍ എന്നിങ്ങനെ പേരുകള്‍ കൊണ്ടുതന്നെ ആരെയും ഞെട്ടിക്കുന്ന രാക്ഷസ ഭീകരന്മാരുടെ താവളത്തിലേക്കാണ് രാമന്‍ പടനയിച്ചത് !.

മനുഷ്യസഹജമായ സാഹസബുദ്ധിയെന്ന് തോന്നുമെങ്കിലും രണ്ട് ആവനാഴികളും ആത്മവിശ്വാസം നിറച്ചുകൊണ്ടുതന്നെയാണ് രാമന്‍ ലങ്കയില്‍ കാലുകുത്തിയത്.

യുദ്ധവൈഭവത്തിന്റെ ആസുരരൂപമായി പത്തുമുഖങ്ങളും ഇരുപതുകൈകളുമായി തേരില്‍ ഉദിച്ചെത്തിയ രാവണനെ രാമന്‍ എഴുന്നേറ്റുനിന്ന് ബഹുമാനിച്ചു എന്നാണ്. (അരാതിം ബഹ്വമന്വത) യുദ്ധത്തില്‍ ആദ്യത്തെ പ്രതിപക്ഷബഹുമാനമാണത്!

യുദ്ധമധ്യേ വാട്ടംതട്ടിയ ആ ശത്രുവിനോട് 'ഇന്നുപോയ് നാളെവാ' എന്നാശ്വസിപ്പിച്ചത് രാമന്‍! മര്യാദരാമന്‍'!

ഒടുവില്‍ 'ഈ ദശകണ്ഠനെക്കൊല്ലാന്‍ കണ്ടീലുപായമേതുമൊന്നീശ്വരാ...' എന്ന രാമന്റെ വിലാപംകേട്ട് ഇന്ദ്രരഥവും മാതലിയും അഗസ്ത്യനും ആദിത്യഹൃദയവും വന്നെത്തുകയായിരുന്നു.

ലങ്കയില്‍ നേടിയ വിജയങ്ങള്‍ അയോധ്യയില്‍ പരാജയങ്ങളായി മാറുന്നുണ്ടായിരുന്നു. സീതാപരിത്യാഗത്തോടെ യുദ്ധം രാമന്റെ മനസ്സിലായിത്തീര്‍ന്നു. സീതാപരിത്യാഗത്തിന് ആരും മാപ്പുകൊടുത്തിട്ടില്ല; സീതയല്ലാതെ' ('ചില വീഴ്ച മഹാനുശോഭയാം'... - ചിന്താവിഷ്ടയായ സീത.)

അഗ്‌നിയില്‍ കുളിച്ചുകേറിയ സീതയെ ശങ്കിച്ചതുതന്നെ പാപം! അപവാദ ഖിന്നനും ഭഗ്നമനസ്സുമായ രാമന്‍ ഒരു ചക്രവര്‍ത്തിയും അനുഭവിച്ചിട്ടില്ലാത്ത ഏകാകിതയുടെ അരുചി അറിഞ്ഞു! രാജനീതിയുടെ നിശിതമായ അസിധാരാവ്രതം ലക്ഷ്മണപരിത്യാഗത്തിലേക്കും രാമനെ നയിച്ചു. ഒടുവില്‍ സരയുവില്‍ ആ ഉള്‍നീറ്റല്‍ കെട്ടടങ്ങുകയായിരുന്നു!

content highlights: ramayana masam 2021,