മനുഷ്യഗന്ധം ആസ്വദിച്ച് ശ്രീരാമന്റെ വാസസ്ഥലത്തെത്തിയ ശൂർപ്പണഖ രാമലാവണ്യത്തെ കണ്ടമാത്രയിൽത്തന്നെ മോഹാവേശിതയാകുന്നു. അവർക്കുള്ളിൽ വരിഞ്ഞുമുറുകിയ കാമമാണ് ഇതിലൂടെ മറനീക്കി പുറത്തുവരുന്നത്. രാമനെ സ്വന്തമാക്കാനുള്ള ഈ കാമചാരിണിയുടെ ആഗ്രഹം കേട്ട് പതിവ്രതയായ സീതാദേവി ചിരിക്കുന്നതിനെ രാമായണത്തിൽ അതിമനോഹരമായിത്തന്നെ ചിത്രീകരിച്ചിരിക്കുന്നു. ഈ ചിരി കേട്ട ശൂർപ്പണഖ തന്നിലുള്ള ‘അടങ്ങാത്ത കാമ’ത്തെ തിരിച്ചറിയുന്നതിനു പകരം സീതയോടു കോപാകുലയാകുകയാണുണ്ടായത്.
അതിനുശേഷമാണ് ലക്ഷ്മണനുമായി ഏറ്റുമുട്ടുന്നതും ശൂർപ്പണഖയുടെ മൂക്കും മുലയും അരിയപ്പെടുന്നതും. ശൂർപ്പണഖയ്ക്ക് ശ്രീരാമനോടും ലക്ഷ്മണനോടും തോന്നിയ കടുത്ത കോപം ഉരുകിത്തിളച്ചു. കാമാതുരയായ അവർ കത്തുന്ന മനസ്സുമായാണ് സഹോദരനായ രാവണന്റെ അടുത്തെത്തുന്നത്. ഇവിടെ നടക്കുന്നത് കാമത്തോടൊപ്പം കോപവുംകൂടി ഒത്തുചേർന്നുള്ള ഒളിച്ചുകളിയാണ്.
ജ്യോതിഷം, ചിത്രകല, ഷഡ്ദർശനങ്ങൾ തുടങ്ങിയ പല കാര്യങ്ങളിലും അവഗാഹമുള്ള ഒരു സർവകലാവല്ലഭനായിരുന്നു ലങ്കാധിപതിയായ രാവണൻ. അടങ്ങാത്ത കാമം മാത്രമായിരുന്നു ഏറ്റവും വലിയ ബലഹീനത. കാമം എന്ന ഒറ്റക്കാര്യമാണ് രാവണന്റെ പൂർണനാശം ഉറപ്പു വരുത്തിയത്. മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഒരാൾക്കു മാത്രമേ ജീവിതപരിശുദ്ധിയും തദ്വാരാ ലഭിക്കുന്ന ആത്മവികാസവും നേടാൻ സാധിക്കൂ. ഒരുവന്റെ ശത്രു അവന്റെ മനസ്സുതന്നെയാണ്.
ഭാരതീയരുടെ ജീവിതപശ്ചാത്തലത്തെ രൂപപ്പെടുത്തിയെടുക്കുന്നതിൽ രാമായണമെന്ന ഇതിഹാസം സുപ്രധാനമായ ഒരു പങ്കാണു വഹിച്ചുകൊണ്ടിരിക്കുന്നത്. ‘സീതാരാമന്മാരാണ് ഭാരതത്തിന്റെ ആദർശം’ എന്നു വിവേകാനന്ദസ്വാമികൾ വെളിപ്പെടുത്തിയിരിക്കുന്നു. സീതാദേവിയുടെ പാതിവ്രത്യവും ശ്രീരാമൻ കാത്തുസൂക്ഷിക്കുന്ന ഏകപത്നീവ്രതവും മനോവികാസത്തിന് അനിവാര്യമായ ഉത്കൃഷ്ടഗുണങ്ങളെ മെനഞ്ഞുനൽകുന്നു. രാവണന്റെ തുറുങ്കിൽ അകപ്പെട്ട സീതയെ അപ്പോൾത്തന്നെ രക്ഷപ്പെടുത്താൻ ഹനുമാനു നിഷ്‌പ്രയാസം കഴിയുമായിരുന്നു. എന്നാൽ, ഹനുമാന്റെ തോളിലേറിപ്പോകുന്നത് പരപുരുഷസ്പർശത്തിനു തുല്യമാകയാൽ പാതിവ്രത്യഭംഗത്തിനു കാരണമാകുമെന്നു സീത കരുതുകയായിരുന്നു.
ഭർത്താവിനെ ഈശ്വരനായി, ആത്മചൈതന്യമായി കരുതുന്നതിൽ പരിപൂർണ ശ്രദ്ധ നിലനിർത്തുമ്പോൾ ആ ഭാര്യയിൽ സ്വാഭാവികമായും ഏകാഗ്രതയും തദ്വാരാ വലിയ ഒരു വികാസവും സിദ്ധിക്കുന്നു. ഈ രഹസ്യത്തെ ഉപനിഷത്തിലാണ് അതിന്റെ കൃത്യമായ രൂപത്തിൽ കാണാൻ സാധിക്കുന്നത്. അവിടെ യാജ്ഞവൽക്യൻ തന്റെ ഭാര്യയായ മൈത്രേയിയോടു പറയുന്നത് ‘ആത്മാവിനെ മുൻനിർത്തിയാണ് എല്ലാ സ്നേഹവും’ എന്നാണ്.
ഭക്തിസമ്പാദനത്തിനുള്ള ഉപായമെന്ന നിലയ്ക്ക് ശ്രീരാമൻ തപസ്വിനിയായ ശബരിക്കു നൽകുന്ന ഉപദേശവാക്യങ്ങൾ ആരണ്യകാണ്ഡത്തിൽ അവസാന ഭാഗത്തു കാണുന്നു- സജ്ജനസംസർഗം, അവതാരകഥകളുടെ പാരായണം, ഗുരുസേവ, സംവാദം, യമനിയമാദികൾ പാലിച്ചുകൊണ്ടുള്ള ഈശ്വരപൂജ, ‘രാമമന്ത്ര’ മെന്ന താരകമന്ത്രത്തെ ഉരുവിടൽ എന്നിവയാണവ.
Content Highlights: ramayanamasam 2020 Shurpanakha Ramakathasagaram