ബാലി സുഗ്രീവന്മാർ തമ്മിൽ കടുത്ത പോരാട്ടം! രൂപസാദൃശ്യം കാരണം ബാലിവധം ശ്രീരാമന് അസാധ്യമായി. രണ്ടാംഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ പൂമാലയിട്ട് സുഗ്രീവൻ ബാലിയെ പോരിനുവിളിക്കുന്നു. പത്നിയും ചന്ദ്രമുഖിയുമായ താരയുടെ തടസ്സവാദങ്ങളൊന്നും സഫലമാകുന്നില്ല. ശ്രീരാമൻ വൃക്ഷഷണ്ഡം മറഞ്ഞുനിന്ന് മാഹേന്ദ്രമെന്ന ശരം തൊടുത്ത് ഇന്ദ്രാത്മജനെ വധിക്കുന്നു. രാജധർമം വെടിഞ്ഞു ചോരധർമം കൈക്കൊണ്ട നടപടി ശരിയാണോ എന്ന് ബാലി ശ്രീരാമനോട് ചോദിക്കുന്നു. ഒട്ടേറെ ധർമച്യുതിവരുത്തിയ അവന് മാപ്പില്ലെന്ന് കോദണ്ഡരാമൻ. സത്യധർമങ്ങളുടെ ശ്രുതിപഥമാണ് രാമായണം.
ധർമസംരക്ഷണമാണ് തന്റെ സായുജ്യമെന്ന് ശ്രീരാമൻ. തമോഗുണമകന്ന ബാലി തന്റെ അപരാധം പൊറുക്കണമെന്ന് അഭ്യർഥിക്കുന്നു. താരയെ സമചിത്തതയിലേക്ക് ശ്രീരാമൻ പ്രത്യാനയിക്കുകയാണ്. സുഖ, ദുഃഖങ്ങൾ വിധാതാവിന്റെ സൃഷ്ടികളാണ്. വിധാതാവിന്റെ വിധാനത്തെ അതിക്രമിക്കാൻ ആർക്കും കഴിയുകയില്ല. സുഗ്രീവനെ താര ഭർത്താവായി സ്വീകരിക്കുന്നു. പൂർവപത്നി രുമയെ സൂര്യാത്മജന് തിരിച്ചുകിട്ടി. ബാലിയുടെ മരണാനന്തരച്ചടങ്ങുകൾ സുഗ്രീവൻ നിർവഹിക്കുന്നു. സുഗ്രീവൻ രാജാവും അംഗദൻ യുവരാജാവുമായി.
ശ്രീരാമൻ ചാതുർമാസ്യവ്രതമനുഷ്ഠിക്കുന്നു. പ്രവർഷണ പർവതത്തിൽ പാർക്കുമ്പോൾ മോക്ഷപ്രദമായ ക്രിയാമാർഗം ഉപദേശിച്ചുതരണമെന്ന് സൗമിത്രി ആവശ്യപ്പെട്ടു. ആരാധനാ സംബന്ധമായ ക്രിയകളാണവ. വിശിഷ്ഠാദ്വൈതമാണ് ആധാരം. തീവ്രമായ സീതാദുഃഖത്തിൽ ദഹിച്ചുകൊണ്ടിരുന്ന ജ്യേഷ്ഠന് ലക്ഷ്മണന്റെ സാന്ത്വനവചസ്സുകൾ അമൃതം പകർന്നുകൊണ്ടിരിക്കുന്നു.
ധർമാനുസൃതമായ ജീവിതം ആയുസ്സും ആരോഗ്യവും സുഖവും കീർത്തിയും സമ്പന്നമാക്കുന്നു.
Content Highlights: ramayanamasam 2020 Bali vadham ramakathasagaram