ഭാരതീയസംസ്കാരത്തിൽ ഭാവശുദ്ധി, പാതിവ്രത്യം, ഹൃദയാർപ്പണം, സഹനം, വിവേകം, ത്യാഗം തുടങ്ങിയ മൂല്യങ്ങളുടെയെല്ലാം മൂർത്തിമദ്ഭാവമാണ് സീതാദേവി. ‘‘സത്തും പവിത്രവും പുണ്യവുമായ എന്തിനും ഭാരതത്തിലുള്ള നാമമാണ് സീത. സ്ത്രീയിലുള്ള എല്ലാത്തിനെയും ഞങ്ങൾ സീതയെന്ന് പറയുന്നു’’ എന്നാണ് വിവേകാനന്ദസ്വാമികൾ അരുളുന്നത്. ലങ്കയിലെ അശോകവനികയിൽ, ശിംശപാ വൃക്ഷച്ചുവട്ടിൽ ഘോരരൂപിണികളായ രാക്ഷസിമാരുടെ കാവലിൽ പരിക്ഷീണിതയായിരിക്കുന്ന സീത, നിരന്തരമായ പ്രീണനവും ഭീഷണിയുമാണ് ഓരോ ദിവസവും അനുഭവിക്കേണ്ടിവന്നത്. പ്രത്യയസ്ഥൈര്യവും ഈശ്വരാർപ്പണവുമാണ് അവരുടെ ആത്മരക്ഷ ഉറപ്പാക്കിയത്.
പ്രിയന്റെ വിജയവാർത്ത ഹർഷാതിരേകത്തോടെയാണ് സീത ഉൾക്കൊണ്ടത്. പല്ലക്കിൽ എഴുന്നള്ളിയ സീതയെ കാണാൻ തിരക്കുകൂട്ടിയ വാനരന്മാരെ തള്ളി മാറ്റുന്നത് തടഞ്ഞ്, ഗൃഹങ്ങളും വസ്ത്രങ്ങളും രാജകീയാചാരങ്ങളുമല്ല, ചാരിത്ര്യമാണ് സ്ത്രീക്ക് ആവരണം എന്നും പല്ലക്കിൽനിന്നിറങ്ങി എല്ലാ വാനരന്മാർക്കും കാണത്തക്കവിധത്തിൽ സീത നടന്നു വരട്ടെ എന്നും രാമൻ ആവശ്യപ്പെടുന്നുണ്ട്. സീതയൊഴികെ അവിടെ കൂടിനിന്നവരെല്ലാം രാമന്റെ ഭാവമാറ്റം കണ്ട് അമ്പരന്നു. ശത്രുവിൽനിന്ന് നേരിട്ട അപമാനം പൗരുഷമുള്ള താൻ ഇല്ലായ്മ ചെയ്തെന്ന് ആമുഖമായി തുടങ്ങി ചാരിത്ര്യസന്ദേഹം വന്നതുകൊണ്ട് തന്റെ മുന്നിൽ നിൽക്കുന്ന സീത നേത്രരോഗിക്ക് ദീപമെന്നപോലെ തനിക്ക് അഹിതയായി തീർന്നിരിക്കുന്നു എന്നും ദേവിയെക്കണ്ട് രാവണൻ ഏറെക്കാലം ക്ഷമിച്ചിരിക്കുമെന്ന് കരുതാവതല്ലെന്നും പത്തുദിക്കിൽ ഏതിലേക്കുവേണമെങ്കിലും പോകാമെന്നും പറയുന്നു. അതുകേട്ട് വിവശയായി, കൂടെ ജീവിച്ച രാമന് ഇതുവരെ തന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും തന്റെ ഹൃദയം അദ്ദേഹത്തിന് വിധേയമാണെന്നും തനിക്ക് അധീനമല്ലാത്തതുകൊണ്ടാണ് ശരീരസ്പർശം ഉണ്ടായതെന്നും മറ്റും സീത മറുപടിയേകുന്നുണ്ട്. കത്തിയെരിയുന്ന സന്ദേഹങ്ങളിൽ ഭർത്താവായ രാമൻ സ്വയമില്ലാതാകുന്നത് കണ്ടാണ് അവർ അഗ്നി പ്രവേശനത്തിന് തയ്യാറായത്. എന്നാൽ, ചോദ്യം ചെയ്യാനാകാത്ത പരിശുദ്ധിയാണ് സീത തന്റെ അഗ്നിപ്രവേശത്തിലൂടെ തെളിയിച്ചത്. (വഹ്നിമണ്ഡലത്തിൽ മറഞ്ഞ യഥാർഥ സീതയാണ് അഗ്നിപരീക്ഷയുടെ സമയത്ത് പുറത്തുവന്നതെന്ന് അധ്യാത്മരാമായണം). ഒന്നുകൊണ്ടും ദോഷമേശാത്ത സീതയുടെ വിശുദ്ധിയെ അഗ്നി സാക്ഷ്യപ്പെടുത്തുമ്പോൾ സത്പുരുഷന് കീർത്തിയെ എന്നപോലെ മൂന്ന് ലോകത്തിലും വിശുദ്ധയായ മൈഥിലിയെ തനിക്ക് ഉപേക്ഷിക്കാനാകില്ലെന്നും പറഞ്ഞ് രാമൻ കൈക്കൊള്ളുകയാണ് ചെയ്തത്. ഒടുവിൽ ഒരിക്കലും കെട്ടടങ്ങാത്ത, വീണ്ടും വീണ്ടും ചോദ്യംചെയ്യപ്പെടാൻ ഇടയുള്ള എല്ലാം സന്ദേഹങ്ങളുടെയും ഭൂതലം പിളർന്ന് മറഞ്ഞുപോകുന്ന സീത സ്ത്രീത്വത്തിന്റെ ഇച്ഛാശക്തിയുടെയും സ്വയംനിർണയാവകാശത്തിന്റെയും സമുജ്ജ്വലമായ പ്രതീകമാണ്.