ആപേക്ഷികമായ സത്യത്തിന് ഒട്ടേറെ തലങ്ങളും മാനങ്ങളും അവസ്ഥകളുമുണ്ട്. പരമാണുമുതൽ ആകാശഗംഗവരെയുള്ളതെല്ലാം ഈ തത്ത്വത്തെ ബഹുമുഖമായി ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നു. സത്യം അതിന്റെ ആചരണതലത്തിലൂടെ പ്രകാശിതമാകുമ്പോൾ അതിനെ ധർമമെന്ന് പറയാം. സ്ഥലം, കാലം, വ്യക്തികൾ, മൂല്യസംഹിതകൾ, ബാഹ്യാഭ്യന്തര പരിണാമങ്ങൾ, അവബോധത്തിന്റെ വിവിധതലങ്ങൾ, ജീവിതാവസ്ഥകൾ എന്നിവയ്ക്കനുസൃതമായി ധർമത്തിന്റെ വ്യാഖ്യാനവും നിർവചനങ്ങളും മാറിമറിഞ്ഞു വരും. അതുകൊണ്ടുതന്നെ ധർമാധർമങ്ങളെ സംബന്ധിച്ച വിധിനിർണയം അസാധ്യമാണ്. ഒരേവംശത്തിൽ സഹോദരന്മാരായി പിറന്നാൽപ്പോലും അവരുടെ അവബോധവും മൂല്യവീക്ഷണങ്ങളും ഉൾക്കാഴ്ചകളും അതിന്റെ പ്രയോഗങ്ങളും വ്യത്യസ്തമായിരിക്കും. ഈയൊരു യാഥാർഥ്യമാണ് രാവണൻ, കുംഭകർണൻ, വിഭീഷണൻ എന്നിവരിലൂടെ ആദികവി വരച്ചുകാണിക്കുന്നത്.
യുദ്ധം തുടങ്ങിയതിനുശേഷമാണ് രാവണന്റെ നിർദേശമനുസരിച്ച് കുംഭകർണനെ വിളിച്ചുണർത്തുന്നത്. ദുഷ്‌ക്കർമങ്ങൾ ചെയ്തവന് നരകത്തിലേക്കുള്ള വീഴ്ചപോലെ ചെയ്ത പാപകർമത്തിനുള്ള ഫലം വേഗത്തിൽവന്നു ചേർന്നിരിക്കുന്നു. െെകയൂക്കിന്റെ ദർപ്പംകൊണ്ട് വരുംവരായ്കകൾ ചിന്തിക്കാതെ, നീതിയും അനീതിയും തിരിച്ചറിയാതെ ഉണ്ടായ ഫലമാണിതെല്ലാം എന്നൊക്കെ കുംഭകർണൻ രാവണനോട് പറയുന്നുണ്ട്. തനിക്ക് ഹിതമായത് കണ്ടറിഞ്ഞും മന്ത്രിമാരോട് ആലോചിച്ചും രാജാവ് പ്രവർത്തിക്കണം. ഭരണകർത്താവ് മിത്രങ്ങളെപ്പോലെ വർത്തിക്കുന്ന ശത്രുക്കളെയും അവരുടെ വ്യവഹാരങ്ങളെയും തിരിച്ചറിഞ്ഞില്ലെങ്കിൽ
സ്വസ്ഥാനങ്ങളിൽനിന്ന് അവർ ഭ്രഷ്ടരാക്കപ്പെടും. രാവണന്റെ ഭാര്യയും വിഭീഷണനും നൽകിയ ഉപദേശമാണ് ഹിതകരം എന്ന് തിരിച്ചറിഞ്ഞ് ഇച്ഛിക്കുന്നതുപോലെ പ്രവർത്തിക്കാൻ ഉപദേശിക്കുന്ന കുംഭകർണനെ വാല്‌മീകിരാമായണത്തിൽ കാണാം. ശ്രീരാമചന്ദ്രന്റെ സ്വരൂപവും അവതാരത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും നാരദനിൽനിന്നറിഞ്ഞതായും മായാമാനുഷനായ രാമൻ ജഗന്മയനായ നാരായണനാണെന്നും യോഗമായാദേവിയാണ് സീതയെന്നും തിരിച്ചറിഞ്ഞ് രാമനെ ശരണമടയുന്നതിന് ഉപദേശിച്ചതായി അധ്യാത്മരാമായണത്തിലുമുണ്ട്. ആത്മാർപ്പണത്തിലൂടെയാണ് തന്റെ സഹോദരനോടുള്ള കടപ്പാട് അദ്ദേഹം നിർവഹിക്കുന്നത്.
രാമലക്ഷ്മണന്മാർ വാനരപ്പടയോടൊപ്പം ലങ്കയിൽ പ്രവേശിച്ച സന്ദർഭം. അതിനെ തുടർന്ന് നടന്ന കൂടിയാലോചനായോഗത്തിൽ വിഭീഷണനൊഴികെ മറ്റെല്ലാവരും രാവണന് യുദ്ധത്തിന് പിന്തുണ നൽകുകയാണുണ്ടായത്. ജ്യേഷ്ഠനായ രാവണൻ ചെയ്തത് വലിയ തെറ്റാണെന്നും സീതയെ തിരികെക്കൊടുത്ത് രാമനോട് മാപ്പപേക്ഷിക്കണമെന്നും വിഭീഷണൻ ആവശ്യപ്പെടുന്നു. കുപിതനായ രാവണൻ വിഭീഷണനെ ലങ്കയിൽനിന്ന് ആട്ടിയോടിച്ചപ്പോൾ രാമപക്ഷം ചേർന്ന് രാഷ്ട്രീയവും സൈനികവുമായ എല്ലാ വിവരങ്ങളും അദ്ദേഹം രാമന് കൈമാറി. ഇതാണ് യുദ്ധവിജയത്തിൽ സുപ്രധാനമായ പങ്കുവഹിച്ചത്. രക്തബന്ധം നോക്കാതെ അധർമമെന്ന് തനിക്ക് ബോധ്യപ്പെട്ട ഇടത്തിൽനിന്ന് സ്വയം പിന്മാറി ധർമത്തിന്റെ പക്ഷത്ത് നിലയുറപ്പിക്കുകയാണ് വിഭീഷണൻ ചെയ്തത്.