ഇത് കഷ്ടപ്പാടുകളുടെ കാലം. അല്ലെങ്കിലേ, ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും കാലമാണ് കള്ളക്കർക്കടകം. മഴയും ഈർപ്പവും ഈറനും പണിയൊന്നുമില്ലായ്മയും വറുതിയുമാണ് പണ്ടേ. അതിന്റെകൂടെ നാടുവാഴിഭരണഫലമായ അരക്ഷിതാവസ്ഥയും വൻനികുതികളും പടപ്പുറപ്പാടുകളും മഹാമാരികളും. കാലം മാറി, പൊറുതി കുറെ മെച്ചപ്പെട്ടെന്നാലും ഇന്നും പന്ത്രണ്ടുമാസങ്ങളിൽ പഞ്ഞകാലം കർക്കടകം തന്നെ. ഇക്കുറി കൂനിന്മേൽ കുരുവായി കൊറോണയും.

എക്കാലത്തും മനുഷ്യന് എവിടെയും സുഖമാവാൻ മൂന്നുകാര്യങ്ങളെ വേണ്ടൂ എന്നാണ് പഴമൊഴി. വിവേകമുണ്ടാവുക, മക്കളെപ്പോലെ പ്രജകളെ സ്നേഹിക്കുന്ന രാജാവുണ്ടാവുക, പ്രകൃതിയുടെ അഥവാ ഈശ്വരന്റെ അനുഗ്രഹമുണ്ടാവുക. ആദ്യത്തേതുണ്ടെങ്കിൽ മറ്റുരണ്ടും ഉണ്ടായിവരും എന്നും പറയപ്പെട്ടു. ഉള്ളവർക്ക് വീണ്ടുമുണ്ടാകേണ്ട കാര്യമില്ല, ഇല്ലാത്തവർക്കുകൂടി ഉണ്ടായാൽ മതി. അതിനാൽ ഋഷികവികൾ ‘ബോധഹീനന്മാർക്കറിയാം വണ്ണം’ പാടുന്നു. പറച്ചിലിനെക്കാൾ ഗുണമുണ്ട് പാട്ടിന്. കാരണം, ഈണവും താളവുംതന്നെ.

ഇതിനായി അക്ഷരവും ഭാഷാക്രമവും കാവ്യവും പുതുതായി ചമയ്ക്കുകയായിരുന്നു ഭാഷാപിതാവായ രാമാനുജനെഴുത്തച്ഛൻ. ശൂദ്രനെ വേദംപഠിപ്പിക്കുന്നു എന്ന ആക്ഷേപത്തെത്തുടർന്ന് അധികാരികൾ അക്ഷരക്കളരികൾ അടപ്പിച്ചപ്പോൾ സാർവജനീനമായ യഥാർഥവിദ്യാഭ്യാസത്തിന് അരങ്ങൊരുക്കുകയായിരുന്നു തന്റെ മഹാരചനകളിലൂടെ ആ ഗുരുവരൻ.

വിവേകംതന്നെയാണ് ഈശ്വരൻ. ഈശ്വരകാരുണ്യംകൊണ്ടേ നന്മയും സ്വാസ്ഥ്യവുമുണ്ടാവൂ. പ്രേമമുണ്ടായാലേ കാരുണ്യമുണ്ടാവൂ-അങ്ങോട്ടുമിങ്ങോട്ടും. ഭക്തിയെന്നാണ് ഈ പ്രേമത്തിന് മറ്റൊരു പേര്. ഇതില്ലാതെ മറ്റെന്തുണ്ടായാലും ഈശ്വരനെ അറിയാനാവില്ല. പക്ഷേ, സാധാരണക്കാരായ നമുക്ക് അരൂപിയായ ഈശ്വരനെ പ്രേമിക്കാനാവില്ല. അതിനാൽ ഭക്തിയുടെ കിന്റർഗാർട്ടൻ പരിശീലനത്തിന് ഒരു മനോഹരരൂപം പണിതുതന്നിരിക്കുന്നു. 

ഭക്തിരസപ്രധാനമായ ഈ കാവ്യത്തിൽ ലയിക്കുകയെന്നാൽ ഭക്തിയുണ്ടാവുക എന്നതുതന്നെ. അവിവേകം നീക്കാനായി ഉപനിഷത്തുകളിലെ മുഴുവൻ അറിവും ആറ്റിക്കുറുക്കി സ്തുതികളാലും ഉപദേശങ്ങളാലും ഉൾക്കൊള്ളിച്ചിരിക്കുന്നു. അല്പബോധം സംശയങ്ങൾ ജനിപ്പിക്കുമല്ലോ, പരിഹാരം വേണ്ടേ. ഇല്ലെങ്കിൽ ബോധഹീനതയെക്കാൾ കഷ്ടമാവില്ലേ കഥ.

മനസ്സിനെ അലക്കിവെളുപ്പിച്ച് ശുദ്ധമാക്കാനുള്ള ഉപാധിയായി സർവേന്ദ്രിയോന്മേഷകാരിയായ നാമജപത്തെ ഉപയോഗിക്കുന്നു. എല്ലാ നാമവും ഈശ്വരനാമങ്ങൾ. ഉറക്കെ ജപിച്ചാൽ നാമമെന്തായാലും ക്രമത്തിൽ അതിന്റെ അർഥവും ശബ്ദവുമൊക്കെ അപ്രസക്തമായി ലയം ശേഷിക്കും. വേണമെങ്കിൽ മുൻവിധിയില്ലാതെ പരീക്ഷിച്ചുനോക്കുക. 

പരമവിവേകം നൽകുന്ന സ്വാസ്ഥ്യമേ ഏതുമഹാമാരിക്കും മരുന്നുള്ളൂ. ഈ മാസം നമുക്കതുശീലിക്കാം. ആധികൾ സർവം മാറട്ടെ. 

Content Highlights: Ramayanamasam 2020