ഉപവസിച്ചുകിടക്കുന്ന വാനരക്കൂട്ടത്തെ കണ്ട, പക്ഷിശ്രേഷ്ഠനായ സമ്പാതി തികച്ചും സന്തുഷ്ടനായി. ഭക്ഷണം വിഭവസമൃദ്ധം! ശ്രീരാമനുവേണ്ടി ജീവിതം അർപ്പിച്ച തന്റെ പ്രിയസഹോദരൻ ജടായുവിനെപ്പറ്റി മർക്കടന്മാർ സംസാരിക്കുന്നത് ആ ഗൃദ്ധ്രപ്രവരൻ കേൾക്കുന്നു. സീതയെ തട്ടിക്കൊണ്ടുപോയപ്പോൾ ദശമുഖനെ എതിർത്ത ജടായുവിന്റെ പക്ഷങ്ങൾ ലങ്കേശ്വരൻ വെട്ടിക്കളഞ്ഞിരുന്നു.
സീതാദേവി ത്രികുടാചലത്തിലെ അശോകവനികയിലുണ്ടെന്ന വിവരം സമ്പാതി വാനരന്മാർക്ക് നൽകുന്നു. ഒരിക്കൽ ജടായു സൂര്യമണ്ഡലത്തിലെത്താനുള്ള ശ്രമത്തിലായിരുന്നു. രക്ഷിക്കാനൊരുമ്പെട്ട സമ്പാതിയുടെ ചിറകുകൾ കരിഞ്ഞുവീഴുന്നു. നിശാകര മുനിയുടെ പർണശാലയിലെത്തിയ സമ്പാതി അദ്ദേഹത്തിന്റെ തത്ത്വോപദേശങ്ങൾ ഉൾക്കൊള്ളുന്നു. ചിറകുകൾ വീണ്ടുകിട്ടിയ പക്ഷിശ്രേഷ്ഠൻ ആകാശത്തിലേക്കു പറക്കുന്നു. വാനരവ്യൂഹത്തിന് ഊർജം പകർന്നു സമ്പാതിയുടെ പുരാവൃത്തം. ‘പുരാവൃത്തം ഉദാത്തം, ശ്രീ, സമൃദ്ധിയും’ എന്നാണല്ലോ.
നൂറ് യോജന വിസ്‌തൃതമായ ദക്ഷിണസാഗരം എങ്ങനെ, ആര് തരണം ചെയ്യും? മൗനവ്രതത്തിലായിരുന്ന ബലവീര്യവേഗങ്ങളുടെ പ്രതീകമായ മാരുതിയെ വാനരകുല നായകൻ ജാംബവാൻ ഉത്തേജിപ്പിക്കുന്നു.
വായുപുത്രൻ ബ്രഹ്മാണ്ഡം കുലുങ്ങുമാറ് സിംഹാരവത്തോടെ തന്റെ വിശ്വരൂപം പ്രദർശിപ്പിച്ചപ്പോൾ വാനരന്മാർ സന്തുഷ്ടരായി. മഹേന്ദ്രപർവതത്തിന്റെ മുകളിലേക്ക് കുതിച്ച ഹനുമാൻ വൻ ജലരാശിയെ സംലംഘനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ജാംബവാദികൾ മംഗളം നേരുന്നു. പർവതമുകളിലേക്ക് മഹേന്ദ്രതുല്യമായ പരാക്രമത്തോടെയാണ് മാരുതി എടുത്തുചാടിയത്. ഹനുമാന്റെ ഘനമുള്ള കാലടികളുടെ മർദനംമൂലം ശിലകൾ നീരുറവകളെ പുറത്തേക്കു വമിച്ചു. ദുഷ്ടജന്തുക്കൾ പുറത്തേക്കുചാടി.
ആരാധകനായ ഭഗവദ്വിവേകാനന്ദൻ ഹനുമൽതത്ത്വം വെളിപ്പെടുത്തുന്നു.
''അല്ലയോ ഭഗവാൻ, എന്റെ ശരീരവുമായി സാമ്യപ്പെട്ടിരിക്കുമ്പോൾ ഞാൻ അങ്ങയുടെ ഭൃത്യനാണ്. എക്കാലവും ഞാൻ അങ്ങയിൽനിന്നു ഭിന്നനാണ്. ഞാനെന്റെ ജീവാത്മാവുമായി സാത്മ്യം പ്രാപിക്കുമ്പോൾ ഞാൻ അങ്ങാകുന്ന ദിവ്യാഗ്നിയുടെ സ്ഫുലിംഗം; എന്നാൽ ഞാൻ പരമാത്മാവുമായി ഐക്യംപ്രാപിക്കുമ്പോൾ ഞാനും അങ്ങും ഒന്നുതന്നെ.