രാക്ഷസന്മാരെന്ന പ്രതീകംപനിഷദാശയങ്ങളുടെ ലളിതവ്യാഖ്യാനരൂപങ്ങളാണ് രാമായണാദിപുരാണങ്ങൾ. അതിലെ പ്രതിപാ ദ്യവിഷയമാകട്ടെ ജീവനുള്ളിലെ അപാരമായ സാധ്യതകളെ കണ്ടെത്തി അതിനെ ആവിഷ്‌കരിച്ചെടുത്ത് ജീവിതത്തെ ധന്യമാക്കാനും ഊഷ്മളമാക്കാനുമുള്ള വഴികളും.

ആരണ്യകാണ്ഡത്തിൽ കാണപ്പെടുന്ന രാക്ഷസന്മാരായ കഥാപാത്രങ്ങളോരോന്നും ഇനിയും സംസ്കരിച്ചെടുക്കേണ്ട (മാലിന്യംകലർന്ന) അവികസിതമായ താമസികതലത്തിലെ ജീവന്മാരെയാണു വരച്ചുകാണിക്കുന്നത്. ഏതൊരു ജീവനിലും അനന്തമായ സാധ്യതകൾ ഉറങ്ങിക്കിടക്കുന്നുണ്ടെന്ന് ഉപനിഷത്തുകൾ വെളിപ്പെടുത്തുന്നു (ശൃണ്വന്തു വിശ്വേ അമൃതസ്യ പുത്രാഃ, ആ യേ ധാമാനി ദിവ്യാനി തസ്ഥുഃ -ശ്വേതാശ്വതരോപനിഷത്ത് 2.5).

വാനരസമൂഹത്തിൽ ജനിച്ചിട്ടും ഈ വെളിച്ചത്തെ കണ്ടെത്തി ആവിഷ്‌കരിക്കുകയും വികസിതമായ ഒരു ചക്രവാളത്തെ സ്വജീവിതംകൊണ്ട്‌ സാക്ഷാത്കരിക്കുകയും ചെയ്ത ധീരരാണ് രാമദാസനായ ഹനുമാൻ, രാക്ഷസനായ വിഭീഷണൻ തുടങ്ങിയവർ. ഖരൻ, വിരാധൻ, കബന്ധൻ തുടങ്ങിയ രാക്ഷസന്മാരെ ശ്രീരാമൻ വധിച്ചുകഴിയുമ്പോൾ അവരിലെ ജീവൻ മറ്റൊരുവിധത്തിൽ രൂപാന്തരപ്പെടുകയും മേൽപ്പറഞ്ഞ സാധ്യതകളെ കുറച്ചൊക്കെ നേടുകയും പതിയെ ആവിഷ്‌കരിക്കപ്പെടുകയും ചെയ്യുന്നത് ആരണ്യകാണ്ഡത്തിൽ കാണാൻ സാധിക്കുന്നുണ്ട്.

താമസികതലത്തിൽനിന്നും രാജസികതലത്തിലേക്കെത്തുമ്പോൾ, ഇരുട്ടിനെ ഭേദിച്ചുതുടങ്ങുമ്പോൾ സാത്വികതലത്തിലൂടെ അതു കടന്നുവരുമ്പോൾ ‘ഈ പ്രകാശമാകൽ പ്രക്രിയ’ പൂർത്തീകരിക്കപ്പെടുന്നു. മനശ്ശാസ്ത്രഭാഷയിൽ Extrovert ആയ (ബഹിർമുഖനായ) ഒരാൾ Introvert (അന്തർമുഖൻ) ആയിത്തീരുന്ന പ്രക്രിയയാണിത്. വിരാധൻ എന്ന രാക്ഷസൻ ഇവിടെ വധിക്കപ്പെടുമ്പോൾ വിദ്യാധരൻ എന്ന ഗന്ധർവനായി പരിണമിക്കുന്നെന്ന കാര്യം ഇതാണു സൂചിപ്പിക്കുന്നത്.

ഇതിനുദാഹരണമാണ് മാരീചൻ എന്ന രാക്ഷസൻ വധിക്കപ്പെടുമ്പോൾ ആ ജീവൻ രാമനിൽ ലയിച്ചുചേരുന്നത്. രാവണൻ തന്റെ ശത്രുവായി ശ്രീരാമനെ കാണുമ്പോൾ യഥാർഥത്തിൽ സംഭവിക്കുന്നത് മറ്റൊരുവിധത്തിലുള്ള ‘രാമസ്മരണം’ തന്നെയാകുന്നു. അതിലൂടെ രാവണനിലും താനറിയാതെതന്നെ ഒരു രൂപാന്തരീകരണം സംഭവിക്കുന്നു. ആരാധിച്ചുകൊണ്ടോ ബഹുമാനിച്ചുകൊണ്ടോ ഒരാളോടുണ്ടാകുന്ന അടുപ്പം അസാധ്യമാകുമ്പോൾ എതിർക്കുക എന്നത് അതിനുള്ള ഒരു ഉപായമായിത്തീർന്നേക്കാം.

കബന്ധൻ വളരെ പ്രത്യേകതയുള്ള ഒരു രാക്ഷസനാണ്. വയറിൽ തലയുള്ള ഈ കഥാപാത്രം രാമായണത്തിലെ മനോഹരമായ ഒരു ബിംബനിർമിതിയാണ്. കൈയിൽകിട്ടുന്ന സർവതിനെയും വെട്ടിവിഴുങ്ങുന്ന ആർത്തിമൂത്ത ഒരു ജീവിയാണ് ഈ രാക്ഷസൻ. സ്വാർഥതമാത്രം കൈമുതലാക്കിയ ഈ കഥാപാത്രത്തിലൂടെ അയാളിലെ താമസികത ഒരു മനശ്ശാസ്ത്രരഹസ്യമായി ആരണ്യകാണ്ഡത്തിൽ അവതരിപ്പിക്കപ്പെടുന്നു. മനുഷ്യരിൽ ഏറിയകൂറും വയറിനുവേണ്ടിയും കാമപൂരണത്തിനുവേണ്ടിയും ജീവിക്കുന്നവരാകുന്നു. അതായത്, വയറിനും അതിനു താഴെയുമുള്ള ആവശ്യങ്ങളെ ലക്ഷ്യമാക്കുന്നവരുടെ പ്രതീകമാകുന്നു കബന്ധൻ.

Content highlights: Rakshas's are the symbol of human nature Ramayanamasam 2020 Ramakathasagaram