ഗോദാവരീതീരത്തെ പഞ്ചവടിയാണ് രാമന്റെ അയനത്തിലെ രണ്ടാമത്തെ വഴിത്തിരിവിന് വേദിയാകുന്നത്. അയോധ്യയില്‍വെച്ച് മന്ഥരയെന്ന സ്ത്രീ ആദ്യത്തെ വഴിത്തിരിവ് സൃഷ്ടിക്കാന്‍ നിമിത്തമായതുപോലെ, ഇവിടെയും ഒരു സ്ത്രീയാണ് രാമന്റെ ജീവിതത്തിലെ മറ്റൊരു പ്രതിസന്ധിക്ക് കാരണക്കാരിയാവുന്നത്. രാവണസഹോദരിയായ ശൂര്‍പ്പണഖ! കാമാന്ധയും അസൂയാലുവും സ്വാര്‍ഥമതിയുമായ രാക്ഷസി! ഒരു പ്രത്യേക സാഹചര്യത്തില്‍, ഭര്‍ത്താവായ വിദ്യുജ്ജിഹ്വന്‍ രാവണന്റെ വാളിനിരയായതോടെ ശൂര്‍പ്പണഖ ഭ്രാന്തിയെപ്പോലെ അലമുറയിട്ടുകരയുന്നു. 

അനുജത്തിയെ ആശ്വസിപ്പിക്കാനാവാതെ കുഴങ്ങുന്ന രാവണന്‍, അവള്‍ക്ക് ഇഷ്ടമുള്ള ആരെവേണമെങ്കിലും വരിക്കാനുള്ള അനുമതി നല്‍കുകയും ചെയ്യുന്നു. അതോടെ ശൂര്‍പ്പണഖയ്ക്ക് ആശ്വാസമാവുന്നു. അവള്‍ പുതിയ ഭര്‍ത്താവിനായി അന്വേഷണം തുടങ്ങുന്നു. ലോകമൊട്ടാകെ തേടിനടന്നിട്ടും മനസ്സിനിണങ്ങിയ ഒരു പുരുഷനെ കണ്ടെത്താനാവാത്ത മോഹഭംഗവുമായാണ് നക്തഞ്ചരി പഞ്ചവടിയിലെത്തുന്നത്. പ്രഥമദൃഷ്ടിയില്‍ത്തന്നെ, സുന്ദരനും അരോഗദൃഢഗാത്രനുമായ രാമനില്‍ അവള്‍ അനുരക്തയാകുകയും ചെയ്തു. 

ലളിതാരൂപത്തില്‍ അവള്‍ രാമനെ വശീകരിക്കാന്‍ തുനിയുന്നു. രാമന്‍ നിരാകരിച്ചപ്പോള്‍ പ്രതീക്ഷ കൈവെടിയാതെ ലക്ഷ്മണനെ സമീപിക്കുന്നു. ലക്ഷ്മണനും പ്രേമാഭ്യര്‍ഥന നിരസിച്ചപ്പോഴാണ് അവള്‍ ക്രുദ്ധയാകുന്നത്. സീതയുടെ അസുലഭസൗന്ദര്യം അവളില്‍ വല്ലാത്ത അസൂയ ജനിപ്പിക്കുന്നുമുണ്ട്. സീത ഇല്ലാതായാല്‍ രാമന്‍ തന്നെ സ്വീകരിക്കും എന്ന പ്രതീക്ഷയോടെ അവള്‍, യഥാര്‍ഥ രൂപംപൂണ്ട് സീതയെ ആക്രമിക്കാനൊരുങ്ങുന്നു. കോപാവിഷ്ഠനായ ലക്ഷ്മണന്‍ ഖഡ്ഗമൂരി അവളുടെ ചെവികളും നാസികയും അരിഞ്ഞിടുന്നു.

രക്താഭിഷിക്തയായി രാജസദസ്സിലേക്കോടിയെത്തിയ സഹോദരിയോട് രാവണന്‍ കാര്യം തിരക്കുന്നു. യഥാര്‍ഥ വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ടാണ് ശൂര്‍പ്പണഖയുടെ മറുപടി. സീതയെപ്പോലൊരു ലോകൈകസുന്ദരിയെ താന്‍ ഇന്നോളം കണ്ടിട്ടില്ലെന്നും വനവാസിയായ രാമനല്ല, മഹാപ്രതാപിയായ രാവണനാണ് സീതയ്ക്ക് അനുയോജ്യനായ ഭര്‍ത്താവെന്നും അവള്‍ തന്ത്രപൂര്‍വം രാവണനെ പറഞ്ഞ് ധരിപ്പിക്കുന്നു.

ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്; ഖരദൂഷണത്രിശിരസ്സുകളെയും പതിന്നാലായിരംവരുന്ന രാക്ഷസപ്പടയെയും കാലപുരിക്കയച്ച രാമനോടോ ലക്ഷ്മണനോടോ അല്ല, സീതയുടെ നേര്‍ക്കാണ് ശൂര്‍പ്പണഖ പ്രതികാരത്തിന്റെ വാള്‍ വീശുന്നത്! ഈ ചിന്തയ്ക്കുപിന്നില്‍ ഒരേയൊരു മനഃശാസ്ത്രമേയുള്ളൂ. വിരൂപയായ ഒരു സ്ത്രീക്ക്, മറ്റൊരു സ്ത്രീയുടെ സൗന്ദര്യം കണ്ടപ്പോഴുണ്ടായ അസൂയ! അതാറണമെങ്കില്‍, സീത അപമാനിതയാകണം! സീതയുടെ പേരില്‍ കറപുരളണം! അതിന്, പരപുരുഷസംഗമമാണ് പറ്റിയ മാര്‍ഗം!

ശൂര്‍പ്പണഖയുടെ കുതന്ത്രം, മാരീചനിഗ്രഹം, സീതാപഹരണം, ജടായുവധം, രാമരാവണയുദ്ധം, സ്വകുലനാശം എന്നിങ്ങനെ ലങ്കയില്‍ അനര്‍ഥങ്ങളുടെ ഒരു പരമ്പരയ്ക്കുതന്നെ തിരികൊളുത്തുകയാണ്. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം മുതലായ അധമവികാരങ്ങളെ നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യത്തെ, ശൂര്‍പ്പണഖാകഥനത്തിലൂടെ ദൃഷ്ടാന്തീകരിക്കയാണ് ആദികവി.

Content Highlights: Shurpanakha is a character in Valmiki's epic, the Ramayana, and is the sister of the main antagonist, Ravana, King of Lanka.