വാല്മീകിരാമായണവും അധ്യാത്മരാമായണവും വായിച്ചിട്ടുള്ളവര്‍ക്ക് ഒരു സത്യം മനസ്സിലാകും, വാല്മീകിയുടെ രാമന്‍ മനുഷ്യനും എഴുത്തച്ഛന്റെ രാമന്‍ ഈശ്വരനുമാണ്. ഭക്തിപാരവശ്യത്തിലാണ് എഴുത്തച്ഛന്‍ കിളിയെക്കൊണ്ട് പാടിക്കുന്നത്. കഥയുടെ പിരിമുറുക്കത്തില്‍പ്പോലും എഴുത്തച്ഛന്‍ സ്വയം മറന്ന് ശ്രീരാമനെ സ്തുതിച്ചുകൊണ്ടിരിക്കും. വാല്മീകിരാമായണത്തില്‍ രാവണന്‍ കടത്തിക്കൊണ്ടുപോകുന്നത് യഥാര്‍ഥ സീതയെയാണ്. എന്നാല്‍, അധ്യാത്മരാമായണത്തില്‍ രാവണന്‍ കടത്തിക്കൊണ്ടുപോകുന്നത് മായാസീതയെയാണ്. രാവണനിര്‍ദേശമനുസരിച്ച് പൊന്മാനിന്റെ വേഷത്തില്‍ മാരീചന്‍ വരുന്നതിനുമുന്‍പുതന്നെ ഭാവിയില്‍ നടക്കാന്‍പോകുന്നകാര്യം ശ്രീരാമന്‍ സീതയോട് പറയുന്നുണ്ട്.

'രാവണവിചേഷ്ടിതമറിഞ്ഞു രഘുനാഥന്‍
ദേവിയോടരുള്‍ചെയ്താനേകാന്തേ, ''കാന്തേ! കേള്‍ നീ
രക്ഷോനായകന്‍ നിന്നെക്കൊണ്ടു പോവതിനിപ്പോള്‍
ഭിക്ഷുരൂപേണ വരുമന്തികേ ജനകജേ!
നീയൊരു കാര്യം വേണമതിനു മടിയാതെ
മായാസീതയെപ്പര്‍ണശാലയില്‍ നിര്‍ത്തീടണം.
വഹ്നിമണ്ഡലത്തിങ്കല്‍ മറഞ്ഞുവസിക്ക നീ
ധന്യേ! രാവണവധം കഴിഞ്ഞു കൂടുവോളം.'

സ്വന്തം ജീവിതത്തില്‍ വരാനിരിക്കുന്ന അനുഭവങ്ങളെക്കുറിച്ച് രാവണനും ബോധമുണ്ടായിരുന്നു. ചെയ്യുന്നത് തെറ്റാണെന്ന ബോധത്തോടെ തെറ്റുചെയ്തയാളാണ് എഴുത്തച്ഛന്റെ രാവണന്‍. അധ്യാത്മരാമായണത്തില്‍ ഒന്നിലധികം ഇടങ്ങളില്‍ ഇത് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

ഹനുമാന്‍ സീതയെ കാണാന്‍വരുമെന്ന് രാവണന്‍ തലേന്നാള്‍ സ്വപ്നത്തില്‍ കണ്ടിരുന്നു. ശ്രീരാമന് തന്നോട് കോപം വരണമെന്നും എത്രയും വേഗം അദ്ദേഹം ലങ്കയിലെത്തി തന്നെ വധിക്കണമെന്നുമാണ് രാവണന്‍ ആഗ്രഹിക്കുന്നത്.

'രണശിരസി സുഖമരണമതിനിശിതമായുള്ള
രാമശരമേറ്റെനിക്കും വരും ദൃഢം.
പരമഗതിവരുവതിനു പരമൊരുപദേശമാം
പന്ഥാവിതു മമ പാര്‍ക്കയില്ലേതുമേ'

സകലജഗദധിപതിയും സനാതനനും സന്മയനും സാക്ഷാല്‍ മുകുന്ദനുമാണ് ശ്രീരാമന്‍ എന്ന ബോധത്തോടുകൂടിത്തന്നെയാണ് രാവണന്‍ സീതയെ കടത്തിക്കൊണ്ടുവരുന്നത്. വിഷ്ണുപദം പ്രാപിക്കുക എന്നതുതന്നെയാണ് രാവണന്റെ ലക്ഷ്യം.

'വൈകുണ്ഠരാജ്യമെനിക്കെന്നു കിട്ടുന്നു?
അതിനു ബത! സമയമിദമിതി മനസി കരുതി ഞാ-
നംഭോജപുത്രിയെക്കൊണ്ടുപോന്നീടിനേന്‍'' 
എന്നാണ് രാവണന്‍ ചിന്തിക്കുന്നത്.

''ശിരസി മമ ലിഖിതമിഹ മരണസമയം ദൃഢം
ചിന്തിച്ചു കണ്ടാലതിനില്ല ചഞ്ചലം.'

യുദ്ധകാണ്ഡത്തില്‍ രാവണന്‍ തന്റെ ധര്‍മപത്‌നിയായ മണ്ഡോദരിയോടും ഈ സത്യം തുറന്നുപറയുന്നുണ്ട്. 
വാനരന്മാരാല്‍ ആക്രമിക്കപ്പെട്ട് ഉടുവസ്ത്രംപോലും നഷ്ടപ്പെട്ട് അപമാനിതയായ മണ്ഡോദരി ഭര്‍ത്താവിനോട് കയര്‍ത്ത് സംസാരിക്കുമ്പോള്‍ രാവണന്‍ പറയുന്നതിങ്ങനെ:

'നാഥേ! ധരിക്ക ദൈവാധീനമൊക്കെയും
ജാതനായാല്‍ മരിക്കുന്നതിന്‍ മുന്നമേ
കല്പിച്ചതെല്ലാമനുഭവിച്ചീടണ-
മിപ്പോളനുഭവമിത്തരം മാമകം.'

താന്‍ യുദ്ധത്തില്‍ ശ്രീരാമനാല്‍ വധിക്കപ്പെടണമെന്നുതന്നെയാണ് രാവണന്‍ ആഗ്രഹിച്ചത്.

Content Highlights: Ravana in Ramayana Epic