ഗോദാവരിതീരങ്ങളിലൂടെ ദീർഘമായ അന്വേഷണത്തിനും അലച്ചിലിനുമിടയിൽ ശ്രീരാമൻ ലക്ഷ്മണനോട് പറയുന്നു: “ഒരു രാജാവ് സ്വപ്നം കാണാൻ പാടില്ല.” (അരവിന്ദന്റെ കാഞ്ചനസീതയിൽ. രചന-സി.എൻ. ശ്രീകണ്ഠൻനായർ). ഭരണാധികാരികൾ സ്വപ്നഭരിതരായിരിക്കണമെന്നാണ് നാമിപ്പോൾ എമ്പാടും കേൾക്കുന്നത്. രാജാവ്, വ്യക്തിപരമായ സ്വപ്നങ്ങൾ ഉപേക്ഷിക്കണമെന്നതാവാം ഇതിന്റെ ന്യായം. അതല്ലെങ്കിൽ രാജാവ് നടക്കേണ്ടത് യാഥാർഥ്യങ്ങളുടെ മുൾപ്പാതയിലൂടെയായിരിക്കണം എന്നതാവാം. രാജ്യത്തിന്റെ, ഭരണത്തിന്റെ ധാർമികതയെ, സത്യസന്ധതയെ ബാധിക്കുന്ന വ്യക്തിപരമായ ഇഷ്ടങ്ങളെ, സ്വപ്നങ്ങളെ രാജാവ് നിർദയം ഹനിക്കേണ്ടിവരുമെന്നാവാം വിവക്ഷ.

സീത, അഗ്നിപരീക്ഷയെ നേരിടുന്നത് രാജ്യവാസികൾക്കുണ്ടാകുന്ന നേരിയ സംശയങ്ങളെപ്പോലും ഇല്ലാതാക്കാനാണ് എന്നത് രാമന്റെ അഭിപ്രായമാകണമെന്നില്ല. എന്നാൽ, രാജാവിന്റെ അഭിപ്രായമാണ്. അഗ്നിപരീക്ഷ സീതയ്ക്കായി മാത്രം ഒഴിവാക്കാനാവുകയില്ല. അങ്ങനെ ചെയ്താൽ അത് ജനാഭിപ്രായത്തിനെതിരാകും. ഇത് എതിർശബ്ദങ്ങൾക്ക്‌ നൽകുന്ന പരിഗണനകൂടിയാണ്.

പ്രശ്നം വ്യക്തിതലം വിട്ട് സാമൂഹികമോ രാഷ്ട്രീയമോ ആയ പ്രശ്നമായിമാറുന്നു. അപ്പോഴും വ്യക്തിപരമായ വിശ്വാസങ്ങളുടെയും ആത്മതത്ത്വങ്ങളുടെയും പ്രശ്നങ്ങൾ നിലനിൽക്കുകയും ചെയ്യുന്നു. രാമരാജ്യത്തിൽ നിലനിൽക്കുന്ന ഈ നീതിബോധവും സത്യസന്ധതയുമൊക്കെയാണ് ഗാന്ധിജിയെ ആകർഷിച്ചതും ആദർശാത്മകമായ ഇഷ്ടം അതിനോട് പുലർത്താൻ കാരണമായതും.

തികഞ്ഞ സാമൂഹികവ്യക്തിത്വമായി സത്യസന്ധമായി നിലനിൽക്കുന്ന ഒരാളുടെ വ്യക്തി-കുടുംബ ഘടനയിൽ രൂപംകൊള്ളുന്ന സമസ്യകളിൽ പല മഹച്ചരിതങ്ങളിലും നമുക്ക് വായിച്ചെടുക്കാം. രാമായണം, ബഹുമുഖ തലങ്ങളിൽ ഇന്ത്യൻ ജീവിതത്തിലേക്ക് സ്വീകരിക്കപ്പെട്ടു. ഇന്ത്യയ്ക്ക് പുറത്ത് ഇൻഡൊനീഷ്യവരെ അത് പ്രചരിതമായി. രാമായണം ഒരേസമയം മനുഷ്യർതമ്മിലുള്ള വൈകാരികവിനിമയങ്ങൾ നിറഞ്ഞ കുടുംബഗാഥയായി. സാമൂഹികവും രാഷ്ട്രീയവുമായ നീതിയുടെയും സത്യസന്ധതയുടെയും പ്രശ്നങ്ങളടങ്ങിയ സമൂഹഗാഥയായി. ജീവിതത്തിന്റെ അർഥാന്വേഷണങ്ങളിലേക്ക് സഞ്ചരിക്കുന്ന ആധ്യാത്മിക ഗാഥയായി. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അടുപ്പത്തിന്റെ മഹാഗാഥയായി. ദൈവത്തിനും മനുഷ്യനുമിടയിലൂടെ രാമകഥ സഞ്ചരിച്ചുകൊണ്ടിരുന്നു. ശ്രീരാമൻ ദൈവവും മനുഷ്യനുമായി ഭാവങ്ങൾ പകർന്നു. “രാമനാകുന്നത് സാക്ഷാൽ മഹാവിഷ്ണു”വെന്ന് എഴുത്തച്ഛൻ ഭക്തിനിർഭരനായി. രാമകഥ രാമായണവും സീതായനവുമായി. രാമായണം ഇതിഹാസമായി.

ദുഃഖാകുലവും അശാന്തവുമായ മനുഷ്യജീവിത ഗതിവിഗതികളുടെ ആഖ്യാനംകൂടിയാണ് രാമായണം. ഒടുവിൽ സരയൂപ്രവാഹത്തിൽ മുങ്ങിയമർന്ന ശ്രീരാമൻ രാമായണത്തിലൂടെ എല്ലാ കാലങ്ങളിലേക്കും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഒരു പുരാതനസംസ്കാരത്തിന്റെ മഹാതടങ്ങളിലൂടെ അതൊഴുകിപ്പടർന്നു.

“യാവത് സ്ഥാസ്യന്തി ഗിരയഃ സരിതശ്ച മഹീതലേ
താവദ്രാമായണകഥാ ലോകേഷുപ്രചരിഷ്യതി”

എന്നാണ് പറയപ്പെട്ടിരിക്കുന്നത്. മലകളും പുഴകളും നിലനിൽക്കുന്ന കാലംവരെ രാമകഥയും ലോകത്ത് പ്രചരിച്ചുകൊണ്ടേയിരിക്കുമെന്നാണ് കാവ്യവചനം. ഭൂമിയുടെ ജൈവതടങ്ങളുടെ ഉർവരതയും ജലസമൃദ്ധിയുമാണ് രാമകഥ എന്നുകൂടി ഇതിൽനിന്ന്‌ മനസ്സിലാക്കണം.