രാമന്റെ വില്ലില്‍നിന്ന് പുറപ്പെട്ട് രാവണന്റെ മാറിലേക്ക് പാഞ്ഞുകയറിയ ആദ്യത്തെ രാമബാണമാണ് ആഞ്ജനേയന്‍. അതോടെ രാവണന്റെ നെഞ്ച് കലങ്ങി. ഉത്തമര്‍ണന്‍ സകലസന്നാഹങ്ങളോടുംകൂടി കടക്കാരനെ തേടിവരുമ്പോള്‍ അവന്റെ നെഞ്ച് കലങ്ങിപ്പോകുന്നതുപോലെ, ലങ്കാപതി വ്യാകുലചിത്തനായി. ''കടന്‍പട്ടാര്‍ നെഞ്ചംപോല്‍ കലങ്കിനാന്‍ ഇലങ്കൈവേന്തന്‍.'' എന്ന് കമ്പര്‍.

ധര്‍മത്തിന്റെ ഉടയാത്ത വിഗ്രഹമാണ് രാമന്‍. അധര്‍മത്തിന്റെയും അക്രമത്തിന്റെയും ഏകീകൃതരാക്ഷസരൂപമാണ് രാവണന്‍.

ആവശ്യത്തിലധികം നേടുന്നതും അനര്‍ഹമായത് കൈയടക്കുന്നതും അവിഹിതങ്ങളില്‍ മേയാന്‍ ആര്‍ത്തിയെ അഴിച്ചുവിടുന്നതും അതിരില്ലാത്ത അധികാരഭ്രാന്തില്‍ മദിക്കുന്നതും ആസുരത്വം. ഈ ആസുരത്വമാണ് രാവണത്വം. സ്വന്തം ചിതാഗ്‌നിയെ മടിയില്‍ക്കെട്ടി വിനാശകാലത്ത് വിപരീതബുദ്ധിയുമായി ഞെളിഞ്ഞുനടക്കുന്ന രാവണവേഷഭരണം എത്രകാലം? സ്തുതിപാഠകരുടെ സുഖവാഴ്ച എത്രകാലം? അതിന് അന്ത്യംകുറിക്കുവാന്‍ നിമിത്തമായത് സീത. നിയോഗമായത് രാമന്‍. പ്രയോഗമായത് ഹനുമാന്‍.

ഒന്നും അമിതമാവരുത്. അത് വിനാശത്തിന്റെ വഴി. അമിതമായ ദാനംകൊണ്ട് കര്‍ണന്‍ നശിച്ചു. അമിതമായ കാമംകൊണ്ട് രാവണന്‍ നശിച്ചു. അമിതമായ ധാര്‍ഷ്ട്യംകൊണ്ട് ദുര്യോധനന്‍ നശിച്ചു.

ആരെയുംപോലെ ജനിച്ചുമരിക്കുന്ന അയുതായുതം ദേഹസമസ്യകള്‍! അവരില്‍ ആര്‍ക്കുണ്ട് അമരത്വം? ആഞ്ജനേയനാണ് അതിന് പ്രത്യുത്തരം. മാരുതി ചിരഞ്ജീവി. ചിരഞ്ജീവികള്‍ ഏഴ്.

''അശ്വത്ഥാമാ ബലിര്‍ വ്യാസോ
ഹനുമാം ച വിഭീഷണഃ
കൃപഃ പരശുരാമശ്ച
സപ്തൈതേ ചിരജീവിന.''

ആഞ്ജനേയന്റെ കര്‍മോത്സാഹകീര്‍ത്തിയാണ് രാമരാവണയുദ്ധത്തിന്റെ വിജയപരിസമാപ്തി.

ഒരു ജീവിതവും സ്വയം പൂര്‍ണമല്ല. രാമന്‍ രാമനാവുന്നത് സീതയോട് ചേരുമ്പോഴാണ്. അവരുടെ ജീവിതം പൂര്‍ണമാവുന്നത് ആഞ്ജനേയന്റെ ഭക്ത്യര്‍പ്പണ യുദ്ധസന്നാഹസാമര്‍ഥ്യസാന്നിധ്യങ്ങളിലൂടെയാണ്. രാമായണത്തിലെ എല്ലാ കഥാപാത്രങ്ങളും - ജീവാത്മാക്കള്‍ പരമാത്മാവിലേക്ക് എന്നപോലെ - രാമനിലേക്ക് വഴിനടക്കുന്നു. രാമലക്ഷ്യം പ്രാപിക്കുന്നു.

രാമനെമാത്രം സ്തുതിച്ച്, രാമപാദം നമിച്ച്, രാമരൂപം ഭജിച്ച്, രാമചാപം തൊട്ട് കണ്ണില്‍വെച്ച്, കിഷ്‌കിന്ധയില്‍നിന്ന് കുതിച്ച്, സമുദ്രവിശാലത മുറിച്ച്, അഹം ത്യജിച്ച്, ഉന്നം പിഴയ്ക്കാതെ രാവണന്റെ മാറില്‍ തറച്ച്, യുദ്ധം എന്ന രണ്ടക്ഷരം കുറിച്ച്, സീതാമാതാവിനെ ദര്‍ശിച്ച്, ആ അവതാരലക്ഷ്മിയെ സാഷ്ടാംഗം നമസ്‌കരിച്ച്, കനകചൂഡാമണി കൈനീട്ടി സ്വീകരിച്ച്, അഹങ്കാരലങ്ക കത്തിച്ച്, രാമഹൃദയമാകുന്ന ആവനാഴിയില്‍ തിരികെ പ്രവേശിച്ച്, താന്‍തന്നെയാണ് ആദ്യത്തെ രാമബാണം എന്ന് തെളിയിച്ച് ആഞ്ജനേയന്‍ രാമായണം നിറയുന്നു.

എല്ലാ ഇതിഹാസങ്ങളും ആറ്റിക്കുറുക്കിയാലും ലോകസാഹിത്യം മുഴുവന്‍ കുടഞ്ഞിട്ടുപരതിയാലും മറ്റെവിടെയുണ്ട് ഇതുപോലൊരു കഥാപാത്രം? അത് ആഞ്ജനേയന്‍ മാത്രം!

''മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശിരസാ നമാമി.''

Content Highlights: Rama and Hanuman in Ramayana

Ramayanam2019