രാമായണം ഒരു ഇതിഹാസകാവ്യം മാത്രമല്ല, അത്‌ ഒരു സാഹിത്യകൃതിയാണ്, ഭക്തികാവ്യമാണ്‌, വേദാന്തശാസ്ത്രവുമാണ്. അതിലുമുപരി, പുരാതന ഭാരതീയ സംസ്കാരത്തിന്റെ കണ്ണാടിയാണ്‌. വായനക്കാരിലും ശ്രോതാക്കളിലും ആനന്ദത്തെ ഉണർത്തി മനസ്സുകളെ ശുദ്ധീകരിക്കുന്നതിനാൽ അത്‌ ഉത്തമ സാഹിത്യകൃതിയാണ്‌. ഭക്തിയെ വളർത്തുന്നതിനാലും ഉത്തമഭക്തിയെയും അധമഭക്തിയെയും വേർതിരിച്ചു കാണിക്കുന്നതിനാലും അത്‌ ഒരു ഭക്തികാവ്യമാണ്‌.

ഒരു സാധകന്റെ സാധനയുടെ ആരംഭം മുതൽ പരമാത്മാവിൽ ഐക്യം പ്രാപിക്കുംവരെയുള്ള പാതയെ വെളിപ്പെടുത്തുന്നതിനാൽ  അത്‌ ആധ്യാത്മികശാസ്ത്രവുമാണ്‌. കാമനകളെയും ദൗർബല്യങ്ങളെയും വാസനകളെയും ജയിച്ചു മുന്നോട്ടുപോയി പൂർണത നേടുന്നതിനുള്ള സാധനാപദ്ധതി രാമായണത്തിൽ വ്യക്തമായിക്കാണാം.

രാമായണത്തിലെ ഓരോ കഥാപാത്രത്തിനും ഓരോ സംഭവത്തിനും ആധ്യാത്മികമായ ഒരു ആന്തരികാർഥമുണ്ട് എന്നതുകൊണ്ട്‌ അത്‌ ജീവിച്ചിരുന്നവരുടെ കഥയല്ലാതാവുന്നില്ല. ഋഷിയുടെ പ്രതിഭകൊണ്ട്‌ രണ്ടിനെയും ഇണക്കിച്ചേർക്കുകയാണ്‌ ചെയ്യുന്നത്‌.

രാമായണത്തിൽ സീത മനസ്സിന്റെ അഥവാ ജീവാത്മാവിന്റെ പ്രതീകമാണ്‌. സീതയാകുന്ന മനസ്സിൽ പൊന്മാനെ സ്വന്തമാക്കണമെന്ന ആഗ്രഹമുദിച്ചു. പൊന്മാൻ മായയുടെ പ്രതീകമാണ്‌. ആഗ്രഹം വന്നപ്പോൾ ജീവാത്മാവ്‌ ഈശ്വരനിൽനിന്ന്‌ അകന്നു. ശ്രീരാമനാകുന്ന ഈശ്വരനിൽനിന്ന്‌ വേർപെട്ടു. ലക്ഷ്മണൻ തപസ്സാണ്‌. തപോമൂർത്തിയായ ലക്ഷ്മണൻ വരച്ച വര മനോനിയന്ത്രണത്തിന്റെ, തപസ്സിന്റെ പ്രതീകമാണ്‌. കപടവേഷധാരിയായ  രാവണനു ഭിക്ഷ നൽകാനായി ലക്ഷ്മണരേഖ മറികടന്നുപോയതോടെ സീതയുടെ തപസ്സിന്‌ ഭംഗംവന്നു.

ഇന്ദ്രിയങ്ങൾക്കടിമയായ ജീവന്‌ മനോനിയന്ത്രണം നഷ്ടപ്പെടുന്നെന്നാണ്‌ ഇത്‌ കാണിക്കുന്നത്‌. എന്നാൽ, രാമനിൽനിന്നകന്ന സീത വ്യാകുലതയോടെ  ഓരോ നിമിഷവും ശ്രീരാമസ്മരണയിൽ കഴിച്ചുകൂട്ടി. ഈശ്വരനാകുന്ന ലക്ഷ്യത്തിൽനിന്ന്‌ മനസ്സ്‌ വ്യതിചലിച്ച ഒരു ഭക്തന്റെ വ്യാകുലതയാണിത്‌. ശ്രീരാമനും വ്യാകുലപ്പെടുന്നുണ്ട്‌. ഭക്തനെ രക്ഷിക്കാൻ ഈശ്വരൻ എത്രമാത്രം വെമ്പൽകൊള്ളുന്നെന്ന്‌ ഇതു വ്യക്തമാക്കുന്നു. ശ്രീരാമനിൽ മാത്രം മനസ്സിനെ ഏകാഗ്രമാക്കി സീത ചെയ്ത തപസ്സ്‌ ഒടുവിൽ വിജയംകണ്ടു. ശ്രീരാമൻ സമുദ്രംകടന്ന്‌ ലങ്കയിലെത്തി യുദ്ധത്തിൽ രാവണനെ വധിച്ച്‌ സീതയെ മോചിപ്പിച്ചു. ഏകാഗ്രമായ തപസ്സുകൊണ്ട്‌ മനസ്സ്‌ പരിശുദ്ധമാകുമ്പോൾ ജീവാത്മാവ്‌ പരമാത്മാവുമായി ഒന്നായിത്തീരുന്നുവെന്നാണ്‌ ഇത്‌ അർഥമാക്കുന്നത്‌.

ആഗ്രഹമാണ്‌ സകല ദുഃഖങ്ങൾക്കും കാരണം. ആഗ്രഹത്തിൽനിന്നുണ്ടാകുന്ന എല്ലാ സുഖവും ക്ഷണികമാണ്‌. സുഖം അനുഭവിച്ചുകഴിഞ്ഞാലും ആഗ്രഹത്തിന്റെ ബീജം ഉള്ളിൽ നിലനിൽക്കും. ആഗ്രഹങ്ങൾ ബാക്കിനിൽക്കുന്നിടത്തോളംകാലം ജീവൻ വീണ്ടും വീണ്ടും ജനിക്കും. ഇങ്ങനെ സംസാരചക്രം അവസാനമില്ലാതെ തുടരും. ഇതിൽനിന്ന്‌ എങ്ങനെ മോചനം നേടാമെന്നും രാമായണം കാട്ടിത്തരുന്നു. ഓരോജീവനും സ്വയംപൂർണനാണ്, സച്ചിദാനന്ദസ്വരൂപനാണ്‌. ആ പൂർണതയെ ബോധിച്ചാൽമാത്രം മതി, സകല ദുഃഖങ്ങളും ഒഴിഞ്ഞു ശാശ്വതമായ ശാന്തിയെ പ്രാപിക്കാം.

Content Highlights: Ramayanam Philosophy and life