ഥാസന്ദര്‍ഭങ്ങള്‍ക്കുള്ള പശ്ചാത്തലമല്ല രാമായണത്തിലെ പ്രകൃതി. കഥാപാത്രംതന്നെയാണ്. പ്രകൃതിക്കും പ്രകൃതിയെ പ്രതിനിധാനംചെയ്യുന്ന സസ്യജന്തുജാലങ്ങള്‍ക്കും കഥാഗതിയെ നിയന്ത്രിക്കാനും നയിക്കാനുമുള്ള പ്രാധാന്യമുണ്ട്. ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും ആരണ്യജീവിതത്തില്‍ പ്രകടമാവുന്ന പ്രകൃതിയോടുള്ള ഇണക്കമോ സര്‍ഗാത്മകബന്ധമോ വനവാസം നടത്തുന്ന മഹാഭാരതത്തിലെ പാണ്ഡവകുടുംബത്തിനില്ല. 

രാമായണത്തില്‍നിന്ന് മഹാഭാരതത്തിലെത്തുമ്പോള്‍ നാഗരികതയുടെ വളര്‍ച്ച വ്യാപകമാവുന്നുണ്ട്. സര്‍പ്പസത്രവും ഖാണ്ഡവദഹനവും പോലുള്ള ആശയങ്ങള്‍ക്ക് രാമായണത്തില്‍ ഇടമില്ല. വനപ്രകൃതിയുടെ നശീകരണത്തില്‍നിന്ന് ആവിര്‍ഭവിച്ചതല്ല രാമായണത്തിലെ നാഗരികത.

ഭൂമിയുടെ മകളെപ്പോലെ ഉഴവുചാലില്‍നിന്ന് കിട്ടിയ സീതയില്ലെങ്കില്‍ രാമായണമില്ല. പ്രകൃതിയില്ലെങ്കില്‍ സീതയില്ല. കാരണം സീത പ്രകൃതിയാകുന്നു.

മറ്റേതൊരു രാജകുമാരിയെയുംപോലെ ഒരു നായികയായിരുന്നു സീതയെങ്കില്‍, രാവണന്റെ സീതാപഹരണത്തിന് ഇത്ര അര്‍ഥവ്യാപ്തിയുണ്ടാകുമായിരുന്നില്ല. രാമായണകഥയുടെ സര്‍വകാലസാംഗത്യം, രാക്ഷസചക്രവര്‍ത്തിയാല്‍ അപഹരിക്കപ്പെടുന്ന സീത ഭൂമിയുടെ പുത്രിയാണ് എന്നതാകുന്നു. പ്രകൃതിയുടെ സുകൃതത്തെ അപഹരിക്കുന്ന അഹങ്കാരത്തെ, പത്തുതലയും ഇരുപതു കൈകളുമുള്ള ദുരമൂത്ത സമകാലികനാഗരികതയില്‍ കാണാനാവുന്നുണ്ടല്ലോ.

രാമനെന്ന രാജകുമാരന്‍ ശ്രീരാമനാകുന്നത് സീതയെന്ന ലക്ഷ്മിത്വത്തെ വേള്‍ക്കുന്നതോടെയാണ്. അതുവരെ വിശ്വാമിത്രന്റെയും വസിഷ്ഠന്റെയും കല്പനകള്‍ക്ക് കാതോര്‍ത്തുനില്‍ക്കുന്ന ക്ഷത്രിയകുമാരന്‍ മാത്രമായിരുന്നു രാമന്‍. മൈഥിലീസമേതനായി അയോധ്യയിലെത്തുന്നതോടെ പുതിയ പ്രതീക്ഷകളുടെയും നീതിബോധത്തിന്റെയും പ്രതീകമാവുകയാണ്. പ്രകൃതിയോടുള്ള സന്തുലിതബന്ധത്തിലൂടെ മാത്രമേ പുരുഷന് (മനുഷ്യന്) ശ്രേയസ്സുള്ളൂ എന്നുകൂടിയാണ് ആദികവി പറയാതെ പറയുന്നത്.

മണ്ണിന്റെ മകളായ സീത ഏറ്റവും ആഹ്ലാദിച്ചതും ജീവിതം ആസ്വദിച്ചതും രാജധാനികളിലായിരുന്നില്ല. ദണ്ഡകാരണ്യത്തിലും തപോവനങ്ങളിലുമായിരുന്നു. പിന്നീട് ഏറ്റവും വേദനിച്ചതും വനാന്തരത്തില്‍ത്തന്നെ. വാല്മീകിയുടെ ആശ്രമത്തില്‍ അഭയം ലഭിച്ച സീത തീര്‍ച്ചയായും അതിദുഃഖിതയും അപമാനിതയുമായിരുന്നു. എങ്കിലും ആ വിഷാദകാണ്ഡത്തിലും മാതൃത്വത്തിന്റെ മഹനീയധര്‍മം സീത കൃത്യമായി അനുഷ്ഠിക്കുന്നുണ്ട്. 

ഏതുവിധത്തിലും പ്രകൃതി അതിന്റെ ധര്‍മം നിറവേറ്റുകതന്നെ ചെയ്യുമല്ലോ. സീതായനമായ രാമായണം രാക്ഷസീയമായ വാസനാകൃതി വികലമാക്കിയ പ്രകൃതിയെ വീണ്ടെടുത്ത് അവരോധിക്കുന്നതിന്റെ ഇതിഹാസംതന്നെയാണ്. പ്രകൃതിനശീകരണം പരിഷ്‌കാരത്തിന്റെയും വികസനത്തിന്റെയും പര്യായമായിമാറിയ ഈ വിനാശസന്ധിയില്‍ രാമായണത്തിന്റെ പ്രകൃതിദര്‍ശനവും സന്ദേശവും നമുക്ക് മൃതസഞ്ജീവനിയാകണം.

Content Highlights: Seeta is known by many epithets. She is called Janaki as the daughter of Janaka and Maithili as the princess of Mithila. As the wife of Rama