ഭൂരിഭാഗം ഭാരതീയരും ശ്രീരാമനെ ആരാധിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ജീവസാഹചര്യങ്ങളെ ശ്രദ്ധിച്ചാല്‍, ഇടതൂര്‍ന്നുള്ള ദുരന്തങ്ങളാണ് അദ്ദേഹം നേരിട്ടതെന്ന് കാണാം. അവകാശപ്പെട്ട രാജ്യം നഷ്ടപ്പെടുകയും വനവാസം സ്വീകരിക്കേണ്ടിവരുകയും ചെയ്തു. ഭാര്യയെ തട്ടിക്കൊണ്ടുപോയതുകാരണം, യുദ്ധതത്പരനല്ലാതിരുന്നിട്ടും അദ്ദേഹത്തിന് അതിക്രൂരമായ യുദ്ധംചെയ്യേണ്ടിവന്നു. ഒടുവില്‍ ഭാര്യയെ തിരിച്ചുകൊണ്ടുവന്നപ്പോള്‍ നീചമായ അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ടിവന്നു. അതിനാല്‍ അദ്ദേഹം തനിക്ക് ജീവതുല്യം പ്രിയങ്കരിയും ഗര്‍ഭിണിയുമായ ഭാര്യയെ കാട്ടില്‍ ഉപേക്ഷിക്കുന്നു.

തുടര്‍ന്ന് തിരിച്ചറിവില്ലാതെ സ്വന്തം മക്കള്‍ക്കെതിരേ യുദ്ധത്തിന് തയ്യാറാകുകയും അതിനിടയില്‍ ഭാര്യയെ നഷ്ടപ്പെടുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ജീവിതമാകെ ദുരന്തങ്ങളുടെ ശൃംഖലയാണ്. എന്നിരുന്നാല്‍പ്പോലും എന്തുകൊണ്ടാണ് ഇത്രയും ആളുകള്‍ ശ്രീരാമനെ ആരാധിക്കുന്നത്?

ശ്രീരാമന്റെ പ്രാധാന്യം അദ്ദേഹം നേരിട്ട ജീവിതസാഹചര്യങ്ങളിലല്ല, ദുരന്തങ്ങളുടെ ശൃംഖലയെ അദ്ദേഹം എത്രത്തോളം അനുഗ്രഹപൂര്‍വം നേരിട്ടു എന്നതിലാണ്. ഒരിക്കല്‍പോലും അദ്ദേഹം ദേഷ്യപ്പെടുകയോ ശപിക്കുകയോ അസ്ഥിരമാകുകയോ ചെയ്തില്ല. എല്ലാംതന്നെ ഐശ്വര്യപൂര്‍വം നേരിട്ടു.

അപ്പോള്‍ മോചനവും ഐശ്വര്യവും കാംക്ഷിക്കുന്നവര്‍ ശ്രീരാമനെ ആശ്രയിച്ചതിനുകാരണം, ഏതുനിമിഷവും ബാഹ്യസാഹചര്യങ്ങള്‍ തകിടംമറിയാമെന്ന ബോധവും അതിനുള്ള വിവേകവും അവര്‍ക്കുള്ളതുകൊണ്ടാണ്. എത്ര മുന്‍കരുതലോടെ നിയന്ത്രിച്ചാലും ബാഹ്യസാഹചര്യങ്ങള്‍ തെറ്റിപ്പോകാം.

നിങ്ങള്‍ എന്തെല്ലാം സംഘടിപ്പിച്ചുവെച്ചാലും ഭീകരമായൊരു കൊടുങ്കാറ്റ് വന്നാല്‍, അത് നിങ്ങളുടെ വീടിനെയും മറ്റെല്ലാറ്റിനെയും കൊണ്ടുപോകാം. 'ഓ, അതൊന്നും എനിക്ക് സംഭവിക്കില്ല', എന്ന് വിശ്വസിച്ച് ജീവിക്കുന്നത് വിഡ്ഢിത്തമാണ്. 'അങ്ങനെയൊന്ന് സംഭവിച്ചാലും ഞാന്‍ സമാധാനത്തോടെ നേരിടും', എന്നതാണ് ബുദ്ധിപരമായ രീതി. ഇത് അസാധാരണമായ വിവേകമായതിനാല്‍ ആളുകള്‍ ശ്രീരാമന്റെ അനുഗ്രഹം തേടുന്നു.

രാമന്‍ എപ്പോഴും സാഹചര്യങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. പക്ഷേ, എല്ലായിപ്പോഴും അദ്ദേഹത്തിന് അതിനായില്ല. അദ്ദേഹം ദുര്‍ഘടം നിറഞ്ഞ കാലത്താണ് ജീവിച്ചത് എന്നതുകൊണ്ടുതന്നെ കാര്യങ്ങള്‍ കൈവിട്ടുപോയി. എന്നാല്‍, ആ അവസ്ഥയിലും അദ്ദേഹം രമ്യമായി പെരുമാറിയിരുന്നു എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ആത്മീയജീവിതത്തിന്റെ സത്ത ഇതുതന്നെയാണ്. സൗന്ദര്യവും സൗരഭ്യവുമുള്ള പൂവായി വിരിയാനാണ് ഒരാള്‍ ആഗ്രഹിക്കുന്നതെങ്കില്‍, അതിനുള്ള അന്തരീക്ഷം ഒരുക്കിക്കൊണ്ടേയിരിക്കണം.

Content Highlights: Ramayanam 2019 Salvation and glories