ദോഷങ്ങളകറ്റാൻ വീടുകളിൽ കർക്കടകത്തെയ്യങ്ങൾ എത്തുന്ന കാലമായി.  തെയ്യമെത്തിത്തുടങ്ങുന്ന ദിവസങ്ങൾക്ക് പ്രാദേശികാടിസ്ഥാനത്തിൽ ചില മാറ്റമുണ്ട്.  ചന്ദ്രഗിരിപ്പുഴയുടെ വടക്കുഭാഗത്ത് കാറഡുക്ക, മുളിയാർ, മുള്ളേരിയ, അഡൂർ, മാന്യ, പട്‌ള, ചെർക്കള, മല്ലം തുടങ്ങിയ പ്രദേശങ്ങളിൽ കർക്കടകം ഒന്നിനാണ് തെയ്യം ഇറങ്ങുക.

ആദൂർ പഞ്ചലിംഗേശ്വര ക്ഷേത്രം, കുണ്ടാർ മഹാവിഷ്ണുക്ഷേത്രം, മൊട്ടത്തിങ്കാൽ നരസിംഹമൂർത്തി ക്ഷേത്രം തുടങ്ങിയവയുടെ പരിധിയിലാണ് ഈ പ്രദേശങ്ങൾ. അതേസമയം, നെട്ടണിഗെ മഹാലിംഗേശ്വര ക്ഷേത്രപരിധിയിൽ ഗുളികൻ തെയ്യംകെട്ട് കഴിഞ്ഞ് 10-നുശേഷമാണ് തെയ്യങ്ങളുടെ പുറപ്പാട്. എന്നാൽ പുഴയുടെ മറുകരയിൽ തെക്കുഭാഗത്തുള്ള പ്രദേശങ്ങളിൽ 16 മുതലാണ് പുറപ്പാട്.
 സമുദായത്തിലെ ഇളയ തലമുറയിൽപ്പെട്ടവരാണ് കോലമണിയുക.

രാവിലെ ആറരയോടെ വേഷങ്ങളണിഞ്ഞ് പുറപ്പെടും. സന്ധ്യക്കുമുൻപ്‌ തിരിച്ചെത്തി വേഷമഴിക്കണം.  വീടുകളിൽനിന്ന് ദക്ഷിണയായി ലഭിക്കുന്ന പണം, അരി, പച്ചക്കറി, നെല്ല് തുടങ്ങിയവയാണ് ഇവരുടെ ചെറുവരുമാനം.

കർക്കടകത്തെയ്യങ്ങളുടെ ഐതിഹ്യം

ശിവൻ, പാർവതി, അർജുനൻ എന്നീ പുരാണ കഥാപാത്രങ്ങളെ അനുസ്മരിപ്പിച്ച് മൂന്ന്‌ തെയ്യങ്ങളാണ് വീടുകളിലെത്താറ്. 
 മലയൻ സമുദായക്കാർ ആടിവേടൻ തെയ്യവും (ശിവൻ), വണ്ണാൻ സമുദായക്കാർ വേടത്തി (പാർവതി), കോപ്പാളസമുദായം അഥവ നളിക്കത്തായ സമുദായക്കാർ ഗളിഞ്ചൻ (അർജുനൻ) തെയ്യവുമായാണ് എത്തുക.

കുരുക്ഷേത്രയുദ്ധത്തിനായി പാശുപതാസ്ത്രത്തിനുവേണ്ടി അർജുനൻ ശിവനെ തപസ്സുചെയ്യുന്നു. അർജുനനെ പരീക്ഷിക്കാൻ ശിവൻ വേടനായി വന്ന് തപസ്സ് മുടക്കുന്നു. ദേഷ്യപ്പെട്ട അർജുനൻ വേടനുമായി യുദ്ധത്തിലേർപ്പെടുന്നു. പാർവതി വേടത്തിയായിവന്ന് ശിവനെ സഹായിക്കുന്നു. യുദ്ധത്തിൽ അർജുനൻ തോൽക്കുന്നു. ഗത്യന്തരമില്ലാതെ അർജുനൻ ശ്രീകൃഷ്ണനെ വിളിക്കുന്നു. വേടനായി വന്നത് പരമശിവൻ തന്നെയാണെന്ന് ശ്രീകൃഷ്ണൻ അർജുനനോട് വെളിപ്പെടുത്തുന്നു. അങ്ങനെ അർജുനന്റെ അഹങ്കാരം ശമിക്കുകയും ശിവൻ പാശുപതാസ്ത്രം സമ്മാനിക്കുകയും ചെയ്യുന്നു. ഈ ഐതിഹ്യത്തെ അനുസ്മരിച്ചാണ് മൂന്ന് തെയ്യങ്ങളെത്തുന്നത്.

വീടുകളിലെ ചടങ്ങ് 

തെയ്യം രാവിലെ ഒരുദേശത്തെത്തിയാൽ അവിടെയുള്ള ക്ഷേത്രം, ദേവസ്ഥാനം, കാവുകൾ എന്നിവയിലേതെങ്കിലുമൊരിടത്താണ് ആദ്യം ചെണ്ടകൊട്ടിയാടുക. തുടർന്നാണ് വീടുകളിൽ കയറിയിറങ്ങുന്നത്. തെയ്യങ്ങൾ നടന്നുവരുന്ന കാൽച്ചിലങ്കക്കിലുക്കവും അയൽവീട്ടുമുറ്റത്തുനിന്ന് ചെണ്ടമേളവും തോറ്റംപാട്ടുമുയരുന്നതും കേട്ടാൽ അടുത്ത വീട്ടിലും തെയ്യത്തെ സ്വീകരിക്കുന്നതിനുള്ള ഒരുക്കമാകും. പൂജാമുറിയിൽ നിലവിളക്ക് തെളിക്കും.

വീട്ടുകാരുടെ അനുവാദംതേടിയ ശേഷമാണ് തെയ്യം ചെണ്ടമേളത്തിനൊപ്പം ചുവടുവെയ്ക്കുക. തെയ്യം ആടിക്കഴിഞ്ഞാൽ തളികയും കത്തിച്ച തിരിയുമായി വീട്ടിലെ മുതിർന്ന സ്ത്രീ മുറ്റത്തെത്തും. തളികയിലുള്ള പദാർഥ​െത്ത 'ഗുരിശി' എന്നറിയപ്പെടുന്നു.
 മൂന്ന് തെയ്യത്തിനും വ്യത്യസ്തമായ ഗുരിശിയാണ് വേണ്ടത്.

മലയസമുദായ തെയ്യമെത്തിയാൽ തളികയിൽ ശുദ്ധജലമെടുത്ത് ഭസ്മം കലക്കുന്നതാണ് ഗുരിശി. വണ്ണാൻ സമുദായതെയ്യമെത്തിയാൽ മഞ്ഞപ്പൊടിയും നൂറും (ചുണ്ണാമ്പ്) കലക്കി ഒഴിക്കുന്നു. കോപ്പാള സമുദായതെയ്യമെത്തിയാൽ അടുപ്പിലെ വെണ്ണീർ (ചാരം) കലക്കി ഗുരുശി തയ്യാറാക്കി ഒഴിക്കുന്നു. 

തളികയും തിരിയും വടക്കോട്ട് മൂന്ന് പ്രാവശ്യം ഉഴിഞ്ഞ് മറിക്കുന്നു. ഇതിനോടൊപ്പം കർക്കടക ദോഷങ്ങൾ, അസുഖങ്ങൾ, വ്യാധികൾ തുടങ്ങിയ ദുഷ്ടതകളെല്ലാം പോയിമറയുമെന്നാണ് വിശ്വാസം.

മുടിയഴിക്കൽ

മാസാവസാനം കർക്കടകസംക്രമ ദിവസത്തോടെയാണ് സമാപനം. മലയസമുദായതെയ്യം സംക്രമത്തിന്  കോലം അഴിക്കുന്നത് പ്രത്യേക ചടങ്ങുകളോടെയാണ്. കോലധാരിയുടെ വീട്ടിലാണ് അവസാനം തെയ്യം ആടുക.  ശേഷം തടുപ്പയിൽ (മുറം) നെല്ല്, അരി, മുളക്, പഴവർഗങ്ങൾ തുടങ്ങിയവ വെച്ച് 16 തിരി കത്തിക്കും. 16 പ്ലാവില, മണ്ണ് കൊണ്ടുണ്ടാക്കിയ അപ്പം, അരിയപ്പം  എന്നിവ വെയ്ക്കും. ശേഷം ഇത്  കാഞ്ഞിരമരത്തിനടിയിൽവെച്ച് പ്രാർഥന നടത്തി തെയ്യം മുടിയഴിക്കും. ഇതോടെയാണ് സമാപനം. പടിഞ്ഞാറൻദേശങ്ങളിൽ തെയ്യക്കോലമണിഞ്ഞയാൾ കടലിൽ മുങ്ങിനിവരുന്ന ചടങ്ങുമുണ്ട്. ഇതോടെ നാട്ടിൻപുറങ്ങളിൽ നിന്നേറ്റെടുത്ത കർക്കടകത്തിലെ ദോഷങ്ങളും ജീർണതയും ഒഴിവായതായും കരുതുന്നു.

Content Highlights: Ramayanam 2019 Karkidaka Theyyam