തിരുവനന്തപുരം:  കര്‍ക്കടകം പിറന്നു. തുഞ്ചന്റെ പൈങ്കിളി പാടിയ രാമകഥാശീലുകള്‍ ഇനി പുലരികളിലും സന്ധ്യകളിലും മുഴങ്ങിക്കേള്‍ക്കും. ക്ഷേത്രങ്ങളിലും ഹൈന്ദവഭവനങ്ങളിലും സാംസ്‌കാരികകേന്ദ്രങ്ങളിലും രാമായണമാസാചരണം തുടങ്ങി.

ചാരുശീലയായ ശാരികപ്പൈതലിനെ രാമായണകഥയുടെ ശേഷഭാഗം പറയാന്‍ കവി ക്ഷണിക്കുന്ന വരികള്‍.  മൂവന്തിയില്‍ മുത്തശ്ശിമാര്‍ ഈണത്തില്‍ ആ കഥ പാടുന്നു. കുട്ടികള്‍ രാമകഥാമൃതം കേട്ട് പുരാണപുരുഷന്റെ ജീവിതം അറിയുന്നു. കിളിപ്പൈതല്‍ പാടിയ വരികള്‍ കാലം ഏറ്റുപാടുന്ന പുണ്യമാസമാണ് കര്‍ക്കടകം.

കര്‍ക്കടകമാസത്തില്‍ വീടുകൡലും ക്ഷേത്രങ്ങളിലും രാമായണ ശീലുകള്‍ സന്ധ്യാനേരങ്ങളില്‍ ഉയരും. രാമായണ മാസത്തിലെ നാലമ്പല ദര്‍ശനത്തിനും തുടക്കമായി. സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും രാമായണ മാസത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. 

ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകത്തില്‍ രാമായണ സന്ധ്യാചരണം 17 മുതല്‍ ഓഗസ്റ്റ് 16 വരെ നടക്കും. കരിക്കകം ചാമുണ്ഡി ക്ഷേത്രത്തില്‍ ആടിചൊവ്വ സംഗീതോത്സവം 17-ന് വൈകീട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഇതിന് പുറമെ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളുടെ ക്ഷേത്രങ്ങളില്‍ രാമായണ മാസാചരണം ഉണ്ടായിരിക്കും. 

Content Highlights: Ramayanam 2019