ദിരാമായണ കഥയില്‍ ആരുമറിയാതെ വാല്മീകി ഒരു മണ്‍സൂണ്‍ ചിന്തയെ ഒളിപ്പിച്ചിട്ടുണ്ടോയെന്ന് നോക്കുന്നത് രസാവഹമായിരിക്കും. ഒരുപക്ഷേ, കര്‍ക്കടകത്തില്‍ രാമായണം വായിക്കാനുണ്ടായ കാരണവും ഇതിലൂടെ കണ്ടെത്താന്‍ കഴിഞ്ഞേക്കാം.

രാമായണം ആദികാവ്യമാണ്. കാവ്യമാകുമ്പോള്‍ സ്വാഭാവികമായും ഏറെ ആലങ്കാരിക പ്രയോഗങ്ങളുണ്ടാകും. അലങ്കാരങ്ങളിലൂടെ പ്രകൃതിയുടെ കാലാവസ്ഥാ ഭേദങ്ങളെ കാണാന്‍ ശ്രമിക്കുന്നത് നന്നാവുമെന്നു തോന്നും. ശ്രീരാമന്‍ വിഷ്ണുവിന്റെ അവതാരമാണ്. സൂര്യവംശരാജാവും. സീതയാകട്ടെ ഭൂമിപുത്രി. ജാനകീപരിണയം ശൈവചാപമൊടിച്ചാണ്. സീതാവല്ലഭന് മക്കള്‍ ലവനെന്നും കുശനെന്നും രണ്ടുപേര്‍. സന്തതസഹചാരിയാകട്ടെ ലക്ഷ്മണന്‍.

സീതാപഹരണം മായാവിയായ മാരീചന്റെ സഹായത്തോടെ പത്തു തലയുള്ള രാവണനാണ് നടത്തുന്നത്. സീതാവിമോചനത്തിന് ശ്രീരാമന് സഹായിയാകുന്നതോ വായുപുത്രനായ ഹനുമാനും. ഇവിടെ സൂര്യ-ഭൂമി-വായു തുടങ്ങിയ സംജ്ഞകള്‍ എളുപ്പത്തില്‍ മനസ്സിലാക്കാം. വൈദികസംസ്‌കൃതമനുസരിച്ച് വിഷ്ണു സൂര്യന്റെ പര്യായമാണെന്ന് നിരുക്തകാരനായ യാസ്‌കന്‍ പറയുന്നുണ്ട്. ശ്രീരാമനാകട്ടെ സൂര്യവംശജനും. ദക്ഷിണായനത്തില്‍ ഭൂമിയുടെ ഗതിക്കുണ്ടാകുന്ന മാറ്റംമൂലം അല്പം തെക്കുമാറി സൂര്യന്‍ ഉദിക്കുന്നതുപോലെ നമുക്ക് തോന്നും. സൂര്യോദയത്തില്‍ ശിവന്റെ ആലയമായ ഹിമാലയം ഒരു ചാപമായി കവിക്ക് അനുഭവപ്പെട്ടിരിക്കാം. ശിവന്‍ കൈലാസത്തിലാണല്ലോ. അതൊടിച്ച് സൂര്യന്‍ ഭൂമിപുത്രിയായ സീതയെ വേള്‍ക്കുന്നു. ഭൂമിപുത്രി ഭൂമിതന്നെ. ഭൂമി-സൂര്യന്മാര്‍ക്ക് രണ്ടു കുട്ടികള്‍ ഉണ്ടാകും. ഇരവും പകലും (ലവകുശന്മാര്‍).

ദക്ഷിണായനത്തില്‍ മഴ കനക്കുന്ന സമയമാണ്; പ്രത്യേകിച്ച് കര്‍ക്കടകത്തില്‍. വന്‍ കാര്‍മേഘങ്ങള്‍ രാക്ഷസന്മാരായി വന്നെത്തുകയായി. അവര്‍ നിരന്തരം രൂപം മാറുന്നവരാണ്. അതാണ് മാരീചന്‍ തുടങ്ങിയ അസുരന്മാര്‍. ലങ്ക എന്ന ആകാശത്തെ അടക്കിവാഴുന്ന പത്തു തലയുള്ള കാര്‍മേഘമാണ് രാവണനെന്നു പറയാം. ആ രാവണന്‍ സീതയെ സൂര്യനില്‍നിന്ന് മറച്ചു അഥവാ സീതയെ അപഹരിച്ചുവെന്ന് കാവ്യഭാഷയില്‍ പറയാം.

പിന്നീടാണ് മഴക്കാറിനോടൊപ്പം കടന്നുവരുന്ന കാറ്റ് കലശലാകുന്നത്. ശക്തമായ കാറ്റ് വാനരനെപ്പോലെ ചപലനാണ്. കാറ്റ് വായുപുത്രനായ ഹനുമാനാണ്. സൂര്യന്‍ മണ്‍സൂണ്‍ കാലത്ത് ഭൂമിയെ കാര്‍മേഘങ്ങളില്‍ വീണ്ടെടുക്കുന്നത് കാറ്റിന്റെ അതായത് വായുപുത്രനായ ഹനുമാന്റെ സഹായത്തോടെയാണ്. ഈ കാറ്റാണ് രാവണന്‍ കോട്ടയില്‍ വലിയ നാശനഷ്ടങ്ങളുണ്ടാക്കിയത്. ആ കാറ്റ് സീതയെ അഥവാ ഭൂമിയെ കണ്ടെത്തുന്നു. രാമന്റെ അഥവാ സൂര്യന്റെ അയനമാണ് രാമായണം. കര്‍ക്കടകത്തില്‍ രാമന്റെ സന്തതസഹചാരി ചന്ദ്രനായ ലക്ഷ്മണന്‍തന്നെ. രാമ-രാവണ യുദ്ധത്തിനൊടുവില്‍ കറുത്ത മേഘങ്ങളൊഴിഞ്ഞ ആകാശത്ത് ഒട്ടും ഭീഷണിയുണ്ടാക്കാത്ത വെളുത്ത മേഘങ്ങള്‍-വിഭീഷണന്‍ രംഗത്തെത്തുന്നു.

കര്‍ക്കടകത്തില്‍ സൂര്യചന്ദ്രന്മാരുടെ അയനം ഒരുമിച്ചാകയാല്‍ ചന്ദ്രന്റെ അസ്തമയം നേരത്തേ ആയിരിക്കും. രാമായണത്തില്‍ ലക്ഷ്മണന്‍ സരയൂ നദിയിലേക്ക് രാമന് മുമ്പേ നടന്നിറങ്ങുന്നു. അതും പശ്ചിമഘട്ടത്തിലേക്ക്. 'സരയൂ' എന്ന വാക്കിന് സരിത്തുക്കളുടെ യൂഥം എന്നര്‍ഥം പറയാം. സരിത്തുകള്‍ എന്നാല്‍ നദികള്‍. യൂഥം എന്നാല്‍ കൂട്ടം. നദികളുടെ കൂട്ടം സമുദ്രം. അതിന്റെ പശ്ചിമഘട്ടം അറേബ്യന്‍ കടല്‍.

കാലപുരുഷന്റെ വരവും ശ്രീരാമനുമായുള്ള കൂടിക്കാഴ്ചയും തുടര്‍ന്ന് ലക്ഷ്മണനും രാമനും പശ്ചിമഘട്ടത്തില്‍ മുങ്ങിത്താഴ്ന്നതുമെല്ലാം ഈ ആലങ്കാരിക വര്‍ണനയാണ്. ഇക്കാഴ്ച കര്‍ക്കടകത്തില്‍ നമുക്ക് കാണാം. ഒരു പക്ഷേ, ഈ മണ്‍സൂണ്‍ ചിന്തയാകാം കര്‍ക്കടകത്തില്‍ രാമായണ പാരായണം നടക്കാന്‍ കാരണം.

Content Highlights: Ramayanam 2019Ramayanam 2019