രാമായണം ഇതിഹാസമാണ്‌. ‘ഇതി ഇഹ അസീത്‌ ഇതി ഇതിഹാസഃ’ എന്നാണ്‌ നിരുക്തം. ഇപ്രകാരം ഇവിടെ സംഭവിച്ചിരിക്കുന്നു എന്നാണിതിന്റെ അർഥം. സംഭവങ്ങളെയാണ്‌ ചരിത്രം എന്ന്‌ പറയുന്നത്‌. ആ നിലയിൽ ചിന്തിക്കുമ്പോൾ രാമായണം കഥയല്ല, രാമന്റെ സഞ്ചാരചരിത്രമാണ്‌. അധ്യാത്മരാമായണം കിളിപ്പാട്ടിന്‌ ഭാഷ്യംരചിച്ച വ്യക്തിയെന്നനിലയിലും അധ്യാത്മരാമായണം ഭാഗവതസപ്താഹ മാതൃകയിൽ ആവിഷ്കരിച്ച്‌ കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ അവതരിപ്പിച്ച ആചാര്യൻ എന്ന നിലയിലും ജനങ്ങളിൽനിന്ന്‌ എനിക്ക്‌ പ്രധാനമായും അഭിമുഖീകരിക്കേണ്ടിവന്ന രണ്ടു ചോദ്യങ്ങളുണ്ട്‌. ഒന്ന്‌, എന്തുകൊണ്ട്‌ മറ്റു രാമായണങ്ങളെ ഒഴിവാക്കി അധ്യാത്മരാമായണം കിളിപ്പാട്ട്‌ പാരായണത്തിനായി പൂർവികന്മാർ തിരഞ്ഞെടുത്തു? മറ്റൊരു ചോദ്യം, എന്തുകൊണ്ട്‌ അവർ കർക്കടകമാസത്തിൽതന്നെ അനുഷ്ഠാനപൂർവം രാമായണം പാരായണം ചെയ്യണമെന്ന്‌ അനുശാസിച്ചു?

ഒന്നാമത്തെ ചോദ്യം പരിശോധിക്കാം. അധ്യാത്മരാമായണം എന്ന സംസ്കൃതത്തിലെ മൂലകൃതിയെ മലയാളത്തിലേക്ക്‌ സർഗാത്മകതയോടെ പരിഭാഷചെയ്തത്‌ ആധുനിക മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത്‌ രാമാനുജാചാര്യരാണ്‌. മലയാളിയുടെ മനസ്സ്‌ നന്നായറിയുന്ന തുഞ്ചത്താചാര്യർക്ക്‌ ആത്മീയതയെ അവരുടെ മനസ്സിലേക്ക്‌ സന്നിവേശിപ്പിക്കാൻ അധ്യാത്മരാമായണം മൂലകൃതിതന്നെയാണ്‌ അനുയോജ്യമെന്ന്‌ ബോധ്യപ്പെട്ടിരിക്കാം. എഴുത്തച്ഛന്റെ ജീവിതകാലത്തിന്‌ മുമ്പുവരെ (400 വർഷങ്ങൾ മുമ്പുവരെ) ഭാഷാകൃതികളിൽ സദാചാരബോധത്തിന്‌ സാരമായി ഊന്നൽനൽകാതെ വിഷയസുഖങ്ങളിൽ ജനങ്ങൾക്ക്‌ തൃഷ്ണയുളവാക്കുന്ന വിഷയങ്ങൾക്കാണ്‌ കവികൾ പ്രാധാന്യം നൽകിയിരുന്നത്‌. ഇതിൽനിന്നും വ്യത്യസ്തമായി ജനങ്ങളിൽ ആത്മീയബോധവും ഭക്തിയും ഉളവാക്കുന്നതിനും തദ്വാരാ സദാചാരജീവിതം നയിക്കുന്നതിനും പ്രേരണനൽകാൻവേണ്ടിയാണ്‌ എഴുത്തച്ഛൻ അധ്യാത്മരാമായണം കിളിപ്പാട്ട്‌ രചിച്ചത്‌. മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ജീവചരിത്രം ജീവിതമൂല്യങ്ങളെപ്പറ്റി മനസ്സിലാക്കാൻ സഹായിക്കുമെന്ന ചിന്തയായിരിക്കാം ഋഷിതുല്യനായ തുഞ്ചത്താചാര്യനെ രാമായണരചനയ്ക്ക്‌ പ്രേരിപ്പിച്ചത്‌.

രണ്ടാമത്തെ ചോദ്യത്തെപ്പറ്റി പറയുകയാണെങ്കിൽ കർക്കടകമാസം രാമായണപാരായണ മാസമായി തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ നിരവധിയാണ്‌. പലരും തെറ്റിദ്ധരിച്ചതുപോലെ ശ്രീരാമന്റെ ജന്മമാസം കർക്കടകമല്ല; മേടമാസമാണ്‌. ഭാരതീയ കാലഗണനശാസ്ത്രപ്രകാരം മനുഷ്യന്റെ ഒരു വർഷം ദേവന്മാരുടെ ഒരു ദിവസമാണ്‌. ഉത്തരായനം, ദക്ഷിണായനം എന്നിങ്ങനെ രണ്ട്‌ അയനങ്ങളായി ഒരു വർഷത്തെ ഭാഗിച്ചിരിക്കുന്നു. ദേവന്മാരെ സംബന്ധിച്ചിടത്തോളം ഉത്തരായനകാലം പകലും ദക്ഷിണായനകാലം രാത്രിയുമാണ്‌.   ദേവസന്ധ്യയായ കർക്കടകത്തിൽ ദേവന്മാരോടൊപ്പം മനുഷ്യരും രാമസ്മരണാർഥം രാമായണം പാരായണം ചെയ്യുന്നു. ജ്യോതിഷപ്രകാരം ശ്രീരാമന്റെ ജന്മലഗ്നവും ചന്ദ്രരാശിയും (കൂറ്‌) കർക്കടകമാണ്‌. രാമായണപാരായണത്തിനുള്ള പുണ്യസമയം കണക്കാക്കുമ്പോൾ രാമായണത്തിലെ പ്രധാന പുരുഷനായ ശ്രീരാമന്റെ ജന്മലഗ്നവും ചന്ദ്രരാശിയും പരിഗണിച്ച്‌ കർക്കടകമാസം തിരഞ്ഞെടുത്തത്‌ യുക്തിഭദ്രംതന്നെ. 

Content Highlights: Ramayanam 2019