കാക്ക കണ്ണുതുറക്കാത്ത മാസം-തുള്ളിക്കൊരുകുടം പെയ്യുന്ന കർക്കടകത്തെ പഴമക്കാർ വിശേഷിപ്പിച്ചുപോന്നത് ഇങ്ങനെ. കള്ളക്കർക്കടകമെന്നും പഞ്ഞമാസമെന്നും വിളിപ്പേരുള്ള കൊല്ലവർഷത്തിലെ അവസാനമാസം ചില ചിട്ടകളുടേതുകൂടിയാണ്. രാമായണപാരായണത്തി​െന്റയും മരുന്നുകഞ്ഞിയു​െടയും പത്തിലക്കറിയു​െടയും കാലം. പഴയകാലം പോയ്‍മറഞ്ഞെങ്കിലും അങ്ങിങ്ങായി പാരമ്പര്യത്തിന്റെയും അനുഷ്ഠാനത്തിന്റെയും കണ്ണികൾ വിളക്കിച്ചേർക്കുന്ന ചില കാഴ്ചകൾ കാണാം. രാമായണപാരായണവും നാലമ്പലദർശനവുമാണ് അതിൽ ചിലത്.  മഴപെയ്ത് ഭൂമി തണുത്ത് ജീവജാലങ്ങൾക്ക് ഉന്മേഷം കൂടാൻ തുടങ്ങുന്നത് മിഥുനം അവസാനത്തോടെയാണ്. വേനലിന്റെ കാഠിന്യത്തിൽ നശിച്ചുപോയ വിഭവങ്ങൾ വീണ്ടും നാമ്പിടുന്ന കാലം. സമൃദ്ധിയുടെ ചിങ്ങത്തിലേക്ക് കാലം തിരനോട്ടം നടത്തുന്ന സമയം.

രാമായണപാരായണം

ജൂലായ് 17-നാണ് കർക്കടകമാസം അഥവാ രാമായണമാസം തുടങ്ങുന്നത്. കണ്ണൂർ-കാസർകോട് ജില്ലകളിലെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ഒരുമാസം നീളുന്ന രാമായണപാരായണമുണ്ട്. ഭവനങ്ങളിൽ പരമ്പരാഗതമായി പാരായണം നടത്തുന്ന പതിവുമുണ്ട്. 

വാല്മീകി മഹർഷി ഏഴുകാണ്ഡങ്ങളായി എഴുതിയ ആദികാവ്യമായ രാമായണം കർക്കടകമാസം ഭക്ത്യാദരപൂർവം പാരായണം ചെയ്യുന്നത് ഐശ്വര്യദായകമെന്നാണ് വിശ്വാസം. കർക്കടകത്തിലെ ക്ലേശജീവിതത്തിൽനിന്ന്  വിടുതൽനേടാൻ പൂർവികർ തിരഞ്ഞെടുത്ത ഭക്തിമാർഗം. കർക്കടകമാസം തുടങ്ങുന്നതിന് മുൻപായി ചേട്ടാഭഗവതിയെ പുറത്താക്കുകയെന്ന സങ്കല്പത്തോടെ വീട് തൂത്തുതുടച്ച് വൃത്തിയാക്കും. കർക്കടകം ഒന്നിന് അതിരാവിലെ കുളിച്ച് അഷ്ടമംഗല്യമൊരുക്കി ദീപം തെളിക്കും. വിളക്ക് തെളിക്കുന്നതിന്റെ മുന്നിലായി ശ്രീരാമപട്ടാഭിഷേക ചിത്രമാണ് സ്ഥാപിക്കുക. ശ്രീഭഗവതിയെ ഭവനത്തിൽ കുടിയിരുത്തുന്നുവെന്ന സങ്കല്പത്തിലാണ് നിലവിളക്കിനൊപ്പം അഷ്ടമംഗല്യം വെക്കുന്നത്. തുടർന്ന് ഗണപതീവന്ദനത്തിനുശേഷം ഭക്തിപൂർവം പാരായണം തുടങ്ങും. ശ്രീരാമന്റെ ജനനം മുതൽ പട്ടാഭിഷേകം വരെയുള്ള പൂർവരാമായണമാണ് പാരായണം ചെയ്യേണ്ടത്. നിലത്ത് ചമ്രം പടിഞ്ഞിരുന്നാവണം പാരായണം.

 കർക്കടകം ഒന്നിന് പാരായണം തുടങ്ങിയാൽ മാസാന്ത്യംവരെ മുടങ്ങാൻ പാടില്ലെന്നാണ് നിഷ്ഠ. ഓരോ ദിവസവും വായിക്കേണ്ട ഭാഗത്തെക്കുറിച്ച് കൃത്യമായ വ്യവസ്ഥയില്ല. എന്നാൽ മരണം, യുദ്ധം, വ്യഥ, കലഹം എന്നിവ പ്രതിപാദിക്കുന്ന ഭാഗങ്ങളിൽ നിത്യപാരായണം അവസാനിപ്പിക്കരുതെന്ന് ചിട്ടയുണ്ട്. എല്ലാ ദിവസവും ഒരാൾതന്നെ വായിക്കണമെന്നില്ല. പാരായണത്തിന് മുടക്കം വരുത്തരുതെന്നേയുള്ളൂ. വായന തുടങ്ങുന്നതിനു മുൻപായി ഗണപതിവന്ദനം പതിവാണ്. ഇതോടൊപ്പം ബാലകാണ്ഡത്തിലെ 'ശ്രീരാമ രാമാരാമാ.. ശ്രീരാമചന്ദ്രജയ....' എന്നു തുടങ്ങുന്ന പതിനാലു വരികൾ ചൊല്ലും. 

പത്തിലക്കറി

ചേമ്പ്, ചേന, താള്, തകര, കുമ്പളം, മത്തൻ, വെള്ളരി, കൊടിത്തൂവ, ചീര, നെയ്യുണ്ണി എന്നിവയുടെ ഇലകൾ കൊണ്ടാണ് കർക്കടകമാസത്തിൽ പത്തിലക്കറി തയ്യാറാക്കിയിരുന്നത്.  ഇക്കാലത്ത് തൊടിയിൽ തഴച്ചുവളരുന്നവയായിരുന്നു ഇൗ ഇലക്കറികളെല്ലാം. (ഇന്ന് തകരയില പച്ചക്കറിവിപണിയിൽനിന്ന്‌ കെട്ടൊന്നിന് 20-30 രൂപയ്ക്ക് വാങ്ങാം). ദേശഭേദങ്ങളനുസരിച്ച് പത്തിലക്കൂട്ടത്തിന്റെ അനുസാരിയിൽ ചില മാറ്റങ്ങളുണ്ടാവാം. ചില സ്ഥലങ്ങളിൽ  ഭക്ഷ്യയോഗ്യമായ പയറില, ഉഴുന്നില, മുരിങ്ങയില എന്നിവയും പത്തിലക്കൂട്ടത്തിൽ ഉൾപ്പെടുത്തിപ്പോരുന്നു. തഴുതാമ, മുത്തിൾ, പാവലില, കോവലില എന്നിവയും കർക്കടകത്തിൽ ഉത്തമം. പോഷണവും ഔഷധഗുണവും ഒത്തിണങ്ങിയ ഇലക്കറികൾ ഒന്നിച്ചുചേർത്ത് കഴിക്കുന്നതാണ് കൂടുതൽ അഭികാമ്യം. ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ, മൂലകങ്ങൾ എന്നിവ അടങ്ങിയ ഇലക്കറികൾ ശരീരകോശങ്ങളുടെ കേടുപാടുകൾ തടയുമെന്ന് ആയുർവേദം പറയുന്നു.

മരുന്നുകഞ്ഞി

നാട്ടാചാരപ്രകാരം മരുന്നുകഞ്ഞി പലയിടത്തും പലതരത്തിലാണ്. ജീരകം, കുറുന്തോട്ടി വേര്, പഴുത്ത പ്ലാവിലയുടെ ഞെട്ട് എന്നിവ അരച്ച്, ആട്ടിൻപാലും പശുവിൻപാലും ചേർത്തിളക്കി, വെള്ളവും ചേർത്ത് തിളപ്പിച്ച് നവരയരിയിട്ട് വെന്തുപാകമായാൽ വാങ്ങി ഉപയോഗിക്കുന്നതാണ് ഒരു രീതി. കഠിനജോലിചെയ്യുന്നവർ ഇടിഞ്ഞിലിൻ തൊലി, പെരുകിൻ വേര് മുതലായവ ചതച്ചിട്ട വെള്ളത്തിൽ കഞ്ഞിയുണ്ടാക്കിയാണ് കഴിക്കാറ്. ഉലുവയും അരിയും ചേർത്തുണ്ടാക്കുന്ന ഉലുവക്കഞ്ഞിയും വടക്കേ മലബാറിൽ പ്രധാനം. ചിലർ വിഷ്ണുക്രാന്തി, മുക്കുറ്റി, തിരുതാളി, പൂവാംകുറുന്തൽ, കയ്യോന്നി, മുയൽചെവിയൻ തുടങ്ങിയ മുപ്പതിൽപ്പരം ഔഷധസസ്യങ്ങൾ ചേർത്തും കർക്കടകക്കഞ്ഞി തയ്യാറാക്കുന്നു. 
  കർക്കടകക്കഞ്ഞി കുടിക്കുന്നവർ ഉപ്പ്, പുളി, എരിവ് എന്നിവ മിതമായേ ഉപയോഗിക്കാവൂ. മത്സ്യമാംസാദികളും ലഹരിവസ്തുക്കളും വർജിക്കണം.ശരീരം ശുദ്ധീകരിക്കുന്നതിനും പുഷ്ടിപ്പെടുത്തുന്നതിനും ആയുർവേദചികിത്സ നടത്തുന്നതിനും ഉത്തമമായ മാസം കൂടിയാണ് കർക്കടകം. ഈ സമയത്തെ ചികിത്സ ശരീരത്തിന് കൂടുതൽ ഫലം ചെയ്യുന്നുവെന്ന് ആയുർവേദ വിദഗ്ധർ പറയുന്നു. കർക്കടകത്തിൽ സുഖചികിത്സയും പതിവുണ്ട്. 

നാലമ്പലദർശനം

കർക്കടകത്തിൽ ക്ഷേത്രദർശനം പുണ്യമാണെങ്കിൽ നാലമ്പലദർശനം മഹാപുണ്യമാണെന്നാണ് വിശ്വാസം. ത്രേതായുഗത്തിലെ വൈഷ്ണവാവതാരങ്ങളായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങൾ ഒരേദിവസം ദർശനം നടത്തുന്നതിനെയാണ് നാലമ്പലദർശനം എന്നുപറയുന്നത്. രാമായണം ഒരുപ്രാവശ്യം വായിക്കുന്നതിന് തുല്യമായാണ് നാലമ്പലദർശനത്തെ കണക്കാക്കുന്നത്. ഈ നാലുക്ഷേത്രങ്ങളിലും ഒരേദിവസം തന്നെ ദർശനം നടത്തുന്നത് പാപപരിഹാരമാണെന്ന് കരുതുന്നു. ഒരുക്ഷേത്രത്തിൽ നിർമാല്യം തൊഴുത് മറ്റു മൂന്ന് ക്ഷേത്രങ്ങളിലും ദർശനം നടത്തി അത്താഴപൂജയ്ക്ക് ദർശനം തുടങ്ങിയ ക്ഷേത്രത്തിൽത്തന്നെ മടങ്ങിവരുന്നതാണ് നാലമ്പലദർശനരീതി.    
 
Content Highlights: Ramayanam 2019