രാജ്യഭാരം ചുമലിലേറ്റാന്‍ തയ്യാറായിനില്‍ക്കുമ്പോഴാണ്, രാമനില്‍നിന്ന് രാജകിരീടം പതിന്നാല് സംവത്സരം അകന്നുപോകുന്നത്. ഒരുപക്ഷേ, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘട്ടത്തിലെ പതിന്നാലുവര്‍ഷങ്ങള്‍. ഈ വര്‍ഷങ്ങള്‍ മനോരമ്യമായ കാനനമനോഹാരിതകളും തപോവനശാന്തതയുമല്ല രാമന് നല്‍കിയത്. ജീവിതത്തിലെ ഏറ്റവും സംഘര്‍ഷഭരിതമായ അനുഭവങ്ങളിലൂടെ ഇക്കാലത്ത് രാമന്‍ കടന്നുപോയി. ജനപദജീവിതത്തിന്റെ പ്രശ്‌നങ്ങള്‍ക്കും ഉത്കണ്ഠകള്‍ക്കും അപ്പുറത്തുള്ള ധര്‍മസമസ്യകള്‍ രാമന്‍ കാനനവാസക്കാലത്ത് നേരിട്ടു.

പാണ്ഡവരുടെ വനവാസത്തില്‍നിന്ന് വിഭിന്നമാണ് രാമന്റെ വനവാസമെന്ന് രാമായണപഠിതാക്കള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചൂതുകളിപോലുള്ള അധര്‍മങ്ങള്‍ പാണ്ഡവര്‍ക്ക് വനവാസകാരണമായി. ശ്രീരാമനാകട്ടെ, തന്റേതായ ഏതെങ്കിലും പ്രവൃത്തിദോഷംകൊണ്ടല്ല വനവാസം അനുഭവിക്കേണ്ടിവരുന്നത്. കാട്ടിലേക്കുള്ള രാമന്റെ പാത ജീവിതമൂല്യങ്ങളിലേക്കുള്ള പാതകൂടിയായിമാറി. മനുഷ്യന്റെ ദൈവികതയിലേക്കുള്ള പര്യടനത്തില്‍, നിതാന്തമായ സ്‌നേഹകാരുണ്യങ്ങള്‍ക്കൊപ്പം സഹനത്തിനും ത്യാഗത്തിനും വലിയ പങ്കുണ്ട്. ക്രിസ്തുവിലും ബുദ്ധനിലുമൊക്കെ നാം കാണുന്നതും അതുതന്നെ.

യഥാര്‍ഥത്തില്‍ ശ്രീരാമന്‍, അതിനുമുമ്പുതന്നെ കാനനവാസം എന്തെന്നറിഞ്ഞിരുന്നു. യാഗരക്ഷയ്ക്കായി, വിശ്വാമിത്രനോടൊപ്പം രാമലക്ഷ്മണന്മാര്‍ പോയ വേളയില്‍. വിശ്വാമിത്രനെപ്പോലെ അതിപ്രബലനായ ഒരു മഹര്‍ഷിക്ക് യാഗരക്ഷ സ്വയം ഉറപ്പാക്കാവുന്നതേയുള്ളൂ. രാമലക്ഷ്മണന്മാര്‍ നന്നേ കുമാരന്മാരുമായിരുന്നു. ആ യാത്ര അവര്‍ക്ക് ആത്മബലം നല്‍കി. വിശപ്പും ക്ഷീണവുമകറ്റുന്ന ബല, അതിബല മന്ത്രങ്ങള്‍ മുനി അവര്‍ക്ക് പറഞ്ഞുകൊടുത്തു.

കുമാരന്മാരെ കര്‍മപ്രചോദിതരാക്കുകയാണ് മുനി ചെയ്തത്. പില്‍ക്കാലമത്രയും ജീവിതത്തിലെ കഠിനപഥങ്ങളിലൂടെ നടക്കാന്‍ അതവരെ പ്രാപ്തരാക്കിയിരിക്കണം. ''കൗസല്യാ സുപ്രജാ രാമ പൂര്‍വസന്ധ്യാ പ്രവര്‍ത്തതേ, ഉത്തിഷ്ഠ...'' എന്നിങ്ങനെ വിശ്വാമിത്രന്‍ രാമനെ ജാഗ്രതപ്പെടുത്തിക്കൊണ്ടിരുന്നു. 'വിശ്വത്തിനൊക്കെയും മിത്രമാകുന്നതിന്' വേണ്ടിയുള്ള വനസഞ്ചാരമായിരുന്നു അത്.

സീതാന്വേഷണവേളയില്‍ വനദേവതമാരോടും മൃഗസഞ്ചയങ്ങളോടും പക്ഷിസഞ്ചയങ്ങളോടും വൃക്ഷവൃന്ദങ്ങളോടും രാമന്‍ ആകുലതയോടെ, സീതയെ കണ്ടുവോ എന്ന് ചോദിച്ചു (വനദേവതമാരേ! നിങ്ങളുമുണ്ടോ കണ്ടൂ വനജേക്ഷണയായ സീതയെ...). കദംബവൃക്ഷങ്ങളോടും മാനുകളോടും രാമന്‍ ദുഃഖം പങ്കുവെച്ചു എന്ന് വാല്മീകി പറയുന്നു. ഭൂമിയില്‍ മാത്രമല്ല, ജലത്തിലും ആകാശത്തിലും രാമന്‍ വ്യാപിച്ചുനിന്നു എന്ന് ടാഗോര്‍ 'ആരണ്യത്തിന്റെ സന്ദേശം' എന്ന ലേഖനത്തിലെഴുതി.

അടവി, രാമദുഃഖത്തെ ഏറ്റുവാങ്ങി. അയോധ്യ രാമന് ധര്‍മപരീക്ഷണങ്ങളൊരുക്കി. ആരണ്യം ധര്‍മസമസ്യകള്‍ക്കൊപ്പം ഭൂമിയുടെ സ്‌നേഹവിനിമയങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള മനോതലം നല്‍കി. വനഭാവങ്ങളെ സീതാഭാവങ്ങളായി രാമന്‍ അറിഞ്ഞു. ഈവിധമൊരു രാമനെയാണ് എഴുത്തച്ഛന്‍ നിര്‍മമനും നിരാകാരനും നിരഹങ്കാരനും നിത്യനുമായി വാഴ്ത്തിയത്. സരയൂപ്രവാഹത്തില്‍ രാമസത്ത അലിഞ്ഞുമറയുന്നതേയില്ല. ധര്‍മപ്രവാഹവും ദൈവപ്രവാഹവുമായി രാമന്‍ എല്ലാ കാലങ്ങളിലേക്കും ഒഴുകുകയാണ്.

Content Highlights: Ramayana Kathasagaram