രാമായണം, രാമന്റെ മാത്രം കഥയല്ലല്ലോ. സീതാചരിതവും രാവണചരിതവുമൊക്കെ, രാമചരിതത്തോളംതന്നെ പ്രധാനമാകുന്നു. മനുഷ്യരുടെയോ ദേവചൈതന്യങ്ങളുടെയോ കഥ മാത്രവുമല്ലിത്. നരനും വാനരനും ഒന്നുചേര്‍ന്നാണ് രാക്ഷസപ്രഭാവത്തെ നേരിടുന്നത്. രാക്ഷസചക്രവര്‍ത്തിയാകട്ടെ, ബഹുമുഖമായ കഴിവുകളുള്ളയാള്‍. പ്രതാപവാനായ ചക്രവര്‍ത്തിയായിരിക്കേതന്നെ, രാവണന്‍ കലാകാരനാണ്, സാമവേദജ്ഞനാണ്, ശിവഭക്തനുമാണ്. ഹിമാലയത്തിലെ തുംഗനാഥില്‍ ഇപ്പോഴും ഒരു രാവണശിലയുണ്ട്. അവിടെ, കൈലാസദിക്കിന് നേര്‍ക്കിരുന്ന് ധ്യാനിച്ചാണ് ''ജടാ കടാഹ...'' എന്ന് തുടങ്ങുന്ന ശിവസ്‌തോത്രം രചിച്ചതെന്ന് സങ്കല്പമുണ്ട്. 

അക്ഷരകലയുടെയും താളത്തിന്റെയും സംഗീതത്തിന്റെയും അസാധാരണമായ ലയം അതിലുണ്ട്. ബ്രഹ്മാവിന്റെ പ്രീതിക്കുവേണ്ടിയുള്ള തപസ്സില്‍ തന്റെ ശിരസ്സുകളറുത്ത് ഹോമാഗ്‌നിയില്‍ സമര്‍പ്പിച്ചയാളാണ് അദ്ദേഹം (അത് അഹങ്കാരത്തിന്റെ ശിരസ്സുകളാണെന്നും പറയാം). ത്രിഭുവനങ്ങളെ തന്റെ കീഴിലാക്കിയ അതിപ്രതാപവാനായ രാവണനെയാണ് രാമന്‍ നേരിടുന്നത്. സര്‍വൈശ്വര്യങ്ങളും ലങ്കയ്ക്ക് വേണമെന്ന ആഗ്രഹത്താലാണ് സീതാപഹരണം എന്ന് ലങ്കാലക്ഷ്മിയില്‍ രാവണനെക്കൊണ്ട് സി.എന്‍. പറയിക്കുന്നുണ്ട്. ശ്രീരാമനാകട്ടെ, നേടുന്നതിലൂടെയല്ല, നിരാസത്തിലൂടെയാണ് ആത്മബലം നേടുന്നത്.

സീതാവിരഹത്താല്‍ നീറിപ്പുകഞ്ഞ ജീവിതമായിരുന്നു രാമന്റേത്. ഈ ബന്ധങ്ങളിലെ നിര്‍മലതയും സത്യവും പാരസ്പര്യവുമാണ് രാമനെ ദൈവവഴികളിലെത്തിക്കുന്നത്. അധര്‍മനിഗ്രഹത്തിന് ശക്തി നല്‍കുന്നത്. എങ്കില്‍പ്പോലും ബാലിയെ വധിക്കാന്‍ ഒളിയമ്പയക്കേണ്ടിവന്നു. ബാലി, അതര്‍ഹിക്കുന്നുവെങ്കിലും. സീതാപക്ഷത്തുനിന്നുകൊണ്ടുള്ള രാമവിചിന്തിനങ്ങളും ശ്രദ്ധിക്കേണ്ടതാണ്. അശ്വമേധയാഗവേളയില്‍ തന്റെ സ്വര്‍ണപ്രതിമയെ യജ്ഞപത്‌നിയാക്കിയതു കണ്ട് ''അതിസങ്കടമാണ് നീതിതന്‍ ഗതി'' എന്ന് കുമാരനാശാന്റെ സീത പറയുന്നുണ്ട്. സങ്കടകരമായ നീതിയുടെ ഗതികളില്‍, പക്ഷേ, ചഞ്ചലചിത്തനാകാതെ ധര്‍മത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുകയാണ് രാമന്‍ ചെയ്തത്.

വനവാസവും യുദ്ധവും കഴിഞ്ഞ് തിരികെ രാമന്‍ അയോധ്യയിലെത്തി രാജ്യഭരണമേറ്റു. രാമരാജ്യത്തിന്റെ ഗുണഗണങ്ങളില്‍ പ്രധാനമായി വരുന്നത് സ്ത്രീകളുടെ സൗഖ്യവും രോഗങ്ങളില്ലാത്ത ജീവിതവുമൊക്കെയാണ്. ശിശുമരണമില്ല. മോഷണവും കൊള്ളയുമില്ല. സ്വന്തം കര്‍മങ്ങള്‍ വിശ്വസ്തതയോടെ ചെയ്യുന്ന ആളുകള്‍. പ്രധാനമായി വരുന്ന മറ്റൊന്ന് പൂക്കളും പഴങ്ങളും നിറഞ്ഞ വൃക്ഷങ്ങളുടെ നിബിഡതയും മഴയും ജലസമൃദ്ധിയുമൊക്കെയാണ്. ഉര്‍വരമായ ഭൂമിതന്നെ. ഈ ഐശ്വര്യങ്ങള്‍ക്കിടയിലും ശ്രീരാമവ്യഥകള്‍ നിലച്ചിരുന്നില്ല. സീതാപരിത്യാഗമുള്‍പ്പെടെയുള്ള കാര്യങ്ങള്‍. രാജാവ് രാജ്യനീതിയും പ്രജാക്ഷേമവും പാലിച്ചു. എന്നാല്‍, ഭൂമി സീതാഭാവങ്ങളായി രാമനെ വലയംചെയ്തു. ഒടുവില്‍ സരയൂവിലെ ജലപ്രവാഹത്തില്‍ അലിഞ്ഞുചേര്‍ന്നത് ദൈവപ്രഭാവമോ മനുഷ്യശുദ്ധിയോ?

ഭാഷയുടെയും കവിതയുടെയും നിത്യജീവിതബന്ധം ഉറപ്പാക്കുകയായിരുന്നു എഴുത്തച്ഛന്റെ അധ്യാത്മരാമായണം. വാരിധിതന്നില്‍ തിരമാലകളെന്നപോലെ വാക്കുകള്‍ വിളങ്ങി. കര്‍ക്കടകത്തിന്റെ ജലരഥമേറി, ഇതാ ഭാഷയും ഭാവനയും മനുഷ്യനും ദൈവവും. മരങ്ങളില്‍ കാറ്റായി സീതയും.

Contemt Highlights: Ramakatha sagaram, the way to Sri Ram and Huinduism