രതന്‍ സ്വപ്നമോതുമ്പോള്‍ ക്ഷീണിതരായ വാഹകര്‍, ദൂതരൊപ്പം പുരി പുക്കുന്നു. അതിരമ്യമായ രാജകൊട്ടാരം. രാജാവിനെയും പുത്രനെയും കണ്ട് ആഗതര്‍ സത്കൃതരായി. രാജാവിന്റെ കാല്‍പിടിച്ച് തൊഴാന്‍ സ്വന്തം ഗൃഹത്തിലെത്തുമ്പോള്‍ അച്ഛനെ കാണുന്നില്ല. മാതാവിനെ കാണാന്‍ ഭരതന്‍ മാതൃമന്ദിരത്തില്‍ ചെന്നു. സ്വര്‍ണസിംഹാസനത്തില്‍ ഇരുന്നരുളുന്ന കൈകേയി ആഹ്ലാദത്തോടെ എണീറ്റുവന്ന് ആലിംഗനം ചെയ്യുന്നു. ഭരതനെ മടിയിലേറ്റിവെച്ച് അവള്‍ പുല്‍കി. ശിരസ്സില്‍ ചുംബിച്ചു:

''അമ്മാത്തുനിന്ന് പോന്നിട്ട് ഇന്നേയ്‌ക്കെത്ര ദിനം?''

''യാത്രാക്ഷീണമില്ലേ, ഉണ്ണീ നിനക്ക്!''

മകന്‍ അമ്മയുടെ തൃപ്പാദങ്ങള്‍ പിടിക്കുന്നു. വിശ്രുതനായ മകനെ അമ്മ പുല്‍കുന്നു.

''അച്ഛനെവിടെ?''

''ഗതിയന്തേതു ദേഹിക്കും, പുക്കാന്‍ നിന്നച്ഛനഗ്ഗതി...

ശിഷ്ടര്‍ക്കു ഗതി മന്നവന്‍.''

''അയ്യോ എന്റെ കഥ കഴിഞ്ഞു!'' മഹാബാഹു, കൈ നിലത്തിട്ടു. മനം കലങ്ങി, വിലപിച്ചു.

ഭരതന്‍ ചോദിക്കുന്നു: ''അച്ഛനെന്നോടുള്ള അന്ത്യശാസനം എന്തായിരുന്നെന്ന് കേള്‍ക്കട്ടെ ഞാന്‍! പറയൂ.''

''ഹാ രാമാ! ലക്ഷ്മണാ! സീതേ!'' എന്ന് വിലപിച്ചുവീണു.

''എന്നിട്ട് എങ്ങുപോയ് അവര്‍, രാമനും പത്‌നിയും തമ്പിയും?''

''ഉണ്ണീ തോലുടുത്തു ദണ്ഡകവനത്തില്‍ പോയി!''

അമ്മ അനേകം തെറ്റുകള്‍ വഴിക്കുവഴി ചെയ്തു! അവസാനം കുലത്തില്‍ കലാപമുണര്‍ത്തി! എന്തിന് നീ രാമനെ പറഞ്ഞുവിട്ടു? അച്ഛനെ മരണത്തിന് വിട്ടു? സഹോദരങ്ങളെ വനവാസത്തിനയച്ചു? മേലാല്‍ ഞാന്‍ നിന്നൊപ്പം ജീവിക്കില്ല. അത് ദുഷ്‌കരമാണ്! ഞാനീ പാപഭാരം എങ്ങനെ ചുമക്കും? നാട് ഭരിക്കാനുള്ള ശക്തി എന്നില്‍ അവശേഷിക്കുന്നില്ല! എന്റെ ബലം ഞാന്‍ യോഗബുദ്ധിബലത്താല്‍ നിലനിര്‍ത്താം. എന്നാലും നിന്റെ ദുരാശ ഞാന്‍ നിറവേറ്റില്ല.

ധര്‍മകോപത്താല്‍ ഭരതമനസ്സ് ഇളകിമറിഞ്ഞു. പെറ്റമ്മയെ ദുഷ്ടയെന്ന് വിളിച്ചു. മൃതപിതാവിനെയോര്‍ത്ത് കരയാതെ ഇറങ്ങിപ്പോക! എനിക്ക് ജീവാന്ത്യംവരെ നീ ദുഷ്പേരുണ്ടാക്കി. ഭര്‍ത്തൃഘാതിനിയായ നീ എന്നോട് മിണ്ടരുത്.

ഇതാണ് ധര്‍മിഷ്ഠനായ ഒരനിയന്റെ രോഷാഗ്‌നി.

അങ്ങനെ പട്ടാഭിഷേകവും അധികാരവും നഷ്ടപ്പെടുത്തി, ഭരതന്‍ തന്റെ ബാല്യ-കൗമാര സുഹൃത്തുകൂടിയായ ശ്രീരാമനെയും പത്‌നിയെയും തേടി വനത്തിലേക്ക്!

പിന്തുടര്‍ച്ചാവകാശത്തിനുവേണ്ടി കലഹിച്ച രാജ്യചരിത്രവും രാജകുലവാഴ്ചയുടെ ചരിത്രവും ഭാരതഭൂമിയിലല്ല, ലോകത്തെങ്ങും ആവിര്‍ഭവിച്ചിട്ടുണ്ട്. ഇതിനെ ഒരു ഇതിഹാസമാക്കി മാറ്റിയ മുനികാവ്യത്തിന്റെ ഹൃദയബലം ശ്രദ്ധേയമാണ്. മാനവരാശിയുടെ മുഴുവനും സംസ്‌കാരത്തിന്റെ പടിപടിയായ ചരിത്രവും ഇതിഹാസവുമാണ്, ഇന്ത്യയില്‍ പരക്കെ പ്രസിദ്ധമായ രാമേതിഹാസത്തില്‍ കാണുന്നത്.

Content Highlights: Ramakathasagaram ramayanam