ധർമം പരിപാലിക്കുന്നതിൽ പുരുഷോത്തമനായ ശ്രീരാമന് സമശീർഷയാണ് സീത. സമശീർഷയോ, ഒരു കഴഞ്ച്‌ മേലേയോ? രാജ്യാധികാരം പുരുഷന്‌ മാത്രം കല്പിതമായിരുന്ന ആ പ്രാക്തനയുഗത്തിൽ രാമനു നേരിട്ട ഭാഗ്യവിപര്യയങ്ങൾക്കും അതിജീവിക്കേണ്ടിവന്ന പരീക്ഷണങ്ങൾക്കും ത്യാഗങ്ങൾക്കും കൂടുതൽ പ്രാധാന്യം കൈവന്നത് സ്വാഭാവികം. ഓരോ ജീവിതഘട്ടത്തെയും അസാധാരണമായ ധർമധീരതകൊണ്ട് അതിജീവിച്ച ശ്രീരാമന്റെ ചരിതം കാലാതിവർത്തിയാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ആ പ്രഭയിൽ, സഹധർമിണിയായ സീത പിന്തുടരുന്ന ധർമപന്ഥാവ് കാണാതിരുന്നുകൂടാ.

രാജർഷിയായ ജനകന്റെ മകളായി വളർന്ന മൈഥിലിക്ക് ധാർമികമൂല്യങ്ങളും മാനവികതയും സ്വായത്തമാക്കാൻകഴിഞ്ഞതിൽ അദ്‌ഭുതമില്ല. ദശരഥരാജധാനിയിലെത്തിയ വൈദേഹി കൗസല്യയ്ക്കും കൈകേയിക്കും സുമിത്രയ്ക്കും മറ്റ് അന്തഃപുരസ്ത്രീകൾക്കും പ്രിയങ്കരിയായിമാറിയത് പുത്രവധുവിന്റെ ധർമം ഭംഗിയായി നിറവേറ്റിയതുകൊണ്ടുമാത്രം.

സീതയുടെ പെരുമാറ്റം വിമർശനവിധേയമാകാറുള്ള രണ്ട്‌ സന്ദർഭങ്ങളുണ്ട് രാമായണത്തിൽ. സ്വർണമാനിന്റെ പിന്നാലെ പോയ രാമന് അപകടം പിണഞ്ഞെന്ന് ധരിച്ച സീത, ലക്ഷ്മണനെ സഹായത്തിനയയ്ക്കാനുള്ള വെമ്പലിൽ, അതിന്‌ വിമുഖത കാട്ടിയ ഭർത്തൃസഹോദരനോട് കടുവാക്കുകൾ പറയുന്നു. ലക്ഷ്മണനിൽ വിചാരകളങ്കം ആരോപിക്കുന്നു. രാമനെത്തേടി പുറപ്പെടുന്നതിനുമുമ്പ്‌ സീതയുടെ സുരക്ഷയ്ക്കായി ലക്ഷ്മണൻ ഒരു അതിർത്തിരേഖ വരച്ചിടുന്നു. അതിനപ്പുറം കടക്കരുതെന്ന് മുന്നറിയിപ്പും കൊടുക്കുന്നു. എന്നാൽ അതിഥിയായി വന്ന സന്ന്യാസിയെ ഉപചരിക്കാനായി സീത ഈ നിബന്ധന ലംഘിക്കുകയും സീതാപഹരണം സാധ്യമാവുകയും ചെയ്യുന്നു.

ഈ രണ്ട്‌ സംഭവങ്ങളാണ് രാമായണത്തിന്റെ കഥാഗതി മാറ്റിക്കളയുന്നതെന്നത് ശരി. പക്ഷേ, സീതയുടെ ഈ പെരുമാറ്റത്തിന്റെ പിന്നിലും ധർമഭ്രംശമല്ല ധർമനിഷ്ഠയാണ് എന്ന് തിരിച്ചറിയണം. ഭർത്താവിന് അപായംപറ്റിയെന്ന്‌ വിശ്വസിച്ചുപോയ സീത, സഹായത്തിനുപോകാൻ മടികാണിക്കുന്ന ലക്ഷ്മണനെ കുറ്റപ്പെടുത്തുകയും കടുവാക്കുകൾ പറയുകയും ചെയ്തുവെങ്കിൽ, അത് ഭർത്തൃസ്നേഹത്തിന്റെയും രാമന് അപായമുണ്ടായോ എന്ന ഉത്‌കണ്ഠയുടെയും നിഷ്കപടമായ ആവിഷ്കാരം മാത്രം. ഭർത്താവിന്റെ സുരക്ഷ കാംക്ഷിക്കുന്ന ഭാര്യയുടെ സ്വാഭാവികമായ ഹൃദയവികാരമാണത്. ലക്ഷ്മണരേഖ ലംഘിച്ച സീത, താപസനെ സത്‌കരിക്കുകയെന്ന ആതിഥേയമര്യാദ നിറവേറ്റുകമാത്രമായിരുന്നു. അതിലുള്ള അപകടം തിരിച്ചറിയാനോ ജാഗ്രതപുലർത്താനോ സീതയ്ക്കായില്ലായിരിക്കാം. പക്ഷേ, ധർമമനുഷ്ഠിക്കാനുള്ള സഹജവാസനയെ കാണാതിരുന്നുകൂടാ.

രാവണനാൽ അപഹരിക്കപ്പെട്ട സീത, ആ അഭിശപ്തയാത്രയിലും അസാമാന്യമായ ധീരത പ്രകടിപ്പിക്കുന്നു. ശ്രീരാമനോട് വൃത്താന്തമെല്ലാം പറഞ്ഞിട്ടേ ജീവൻ പോകൂവെന്ന്, രാവണൻ പക്ഷങ്ങളരിഞ്ഞ്‌ മാരകമായി മുറിവേൽപ്പിച്ച ജടായുവിന്‌ അനുഗ്രഹം നൽകാൻ സീത മറക്കുന്നില്ല. രാവണൻ ബന്ദിയാക്കി ആകാശമാർഗേണ കൊണ്ടുപോകുന്നതിനിടയിൽ, അന്വേഷണത്തിന്‌ തുമ്പ്‌ കൊടുക്കാനായി, ആഭരണങ്ങളഴിച്ച് ഉത്തരീയത്തിൽ കെട്ടി രാമന് കാണാൻ യോഗം വരട്ടെ എന്ന് പ്രാർഥിച്ച്‌ താഴേക്ക്‌ നിക്ഷേപിക്കാനും സീത ആർജവം കാട്ടുന്നു. ഒരു അപഹൃതയുടെ ധർമമാണ് സീത ഇവിടെ നിറവേറ്റുന്നത്. ജീവിതത്തിന്റെ ചെറുതും വലുതുമായ സന്ദർഭങ്ങളിലെല്ലാം സ്വധർമാനുഷ്ഠാനനിഷ്ഠയിലൂടെ മനുഷ്യന് എങ്ങനെ ദിവ്യത്വം പ്രാപ്യമാകുമെന്നതിന്റെ നിത്യനിദർശനമാണ് സീതയുടെ മഹച്ചരിതം.

Content Highlights: Ramayanam 2019