മാതുലന്റെ കൊട്ടാരത്തില്‍ വിരുന്നുപാര്‍പ്പിന് എത്തിച്ചേര്‍ന്ന ഭരതന്‍, അയോധ്യയില്‍ തിരിച്ചെത്താനുള്ള നിര്‍ദേശം കിട്ടിയ ഉടനെ പുറപ്പെടാന്‍ തീരുമാനിച്ചു. നന്നായി അവര്‍ വന്നത്. കഴിഞ്ഞ രാത്രിയില്‍ കണ്ട ദുഃസ്വപ്നം ഭരതനെ വേണ്ടതിലധികം ആശങ്കാകുലനാക്കിയിരുന്നു. അപ്പോഴാണ് ഭൃത്യരും പരിവാരവും രാജകുമാരനെത്തേടി എത്തുന്നത്. അവരുടെ വാക്കുകേട്ട് വസിഷ്ഠമുനി പറഞ്ഞു, ''അമ്മാത്ത് കോയിക്കലാണ് ഭരതന്‍, അനുജന്‍ ശത്രുഘ്‌നനൊപ്പം സൗഖ്യമായിരിക്കുന്നത്. അതില്‍ ഏറെ ചിന്തിക്കാനൊന്നുമില്ല. പായുംകുതിരയേറിപ്പോകട്ടെ, ദൂതരൊപ്പം!'' ദൂതരോട് പറയുന്നു, ''വരൂ സിദ്ധാര്‍ഥ, വിജയ, ജയന്ത, അശോകനന്ദന, വേണ്ടത് എന്തെന്ന് നിങ്ങളും ആലോചിക്ക! വേഗമേറും കുതിരകളെ ഒരുക്കുക. രാജഗൃഹത്തില്‍ ചെന്ന് മാതുലനോട് പറയുക! അവിടെ വാധ്യാനും മന്ത്രിമാര്‍ക്കും കുശലംചൊല്ലുക. വൈകാതെ! രാമന്‍ വനവാസത്തിന് പോയതും അച്ഛന്‍ അന്തരിച്ചതും അവരോട് പറയേണ്ട! പട്ടുടയാടകളും അത്യുത്തമാഭരണങ്ങളും കൊണ്ടുപോവുക-അവ നൃപനും ഭരതനുമായിട്ടാണ്.

വഴിച്ചെലവ് മേടിച്ച് ദൂതരും ഭടന്മാരും കേകയത്തിലേക്ക് പോകാനൊരുങ്ങുന്നു. വസിഷ്ഠനോട് വിടപറയുന്നു. വടക്കുകിഴക്ക് നോക്കി കുതിക്കുന്നു. ഹസ്തിനപുരിയോടടുത്ത് ഗംഗാനദി കടക്കുന്നു. കുരുരാജ്യത്തിലൂടെ നെടുകെ സഞ്ചരിക്കുന്നു. പൂവണിപ്പൊയ്കകള്‍, ജലം തെളിഞ്ഞ പുഴ എന്നിവ കണ്ടുകണ്ട് അതിവേഗം കുതിക്കുന്നു. ശുദ്ധജലം, ദിവ്യഭൂമി, നാനാതരം പക്ഷി-നരാവൃതം എന്നിവ കടന്നു, ശരദണ്ഡപ്പുഴ പിന്നിട്ടുപോയി. നികൂലവൃക്ഷം കണ്ടു. അതിനെ വന്ദിച്ചു. കലിംഗപുരി പൂകി. ബോധിവനം പിന്നിട്ടു. പൂര്‍വികരുടെ ബലികര്‍മം നടത്തുന്ന നദി കണ്ടു. ജലപാനംകൊണ്ട് ജീവിക്കും വേദപാരംഗവിപ്രരെ കണ്ടു. ബ്ലാഹികമധ്യത്തിലൂടെ സുദാമാദ്രിയിലെത്തി. വിഷ്ണുപദവും വിചാശപ്പുഴയും സൂലയും തടാകങ്ങളും നദികളും സരസ്സും ഫലമൂലാദികളും പല്വലങ്ങളും നാനാവിധ മൃഗവ്യാഘ്രഗജസിംഹങ്ങളെയും കണ്ടു. പെരുംപാതകള്‍ താണ്ടി. യജമാനാജ്ഞയാല്‍ അദ്ദൂതര്‍ വാഹനയാത്രയാലും തളര്‍ന്ന് വേഗേന ഗിരിവ്രജശ്രീപുരിയിലെത്തി.

അങ്ങനെ ഏഴുരാവുകള്‍ കഴിഞ്ഞു. പുരിയിലെത്തിച്ചേര്‍ന്നു. അന്ന് രാത്രിയിലൊരു ദുഃസ്വപ്നം കണ്ട് ഭരതന്‍ ദുഃഖിതനായി കരഞ്ഞു. അതുകണ്ട് തോഴര്‍ പല കഥകള്‍ പറഞ്ഞു. വീണമീട്ടി. മറ്റുപല വിനോദോപാധികളും കണ്ടെത്തി ആടി. നാടകം, നേരംപോക്ക്, പല വിനോദങ്ങള്‍ - അവയിലൊന്നും ഭരതന്‍ ഇമ്പം തേടീല. ഏറെ ദുഃഖിതനായി ഭരതന്‍.

Content Highlights: Ramakathasagaram