രാമായണത്തില്‍ സുപ്രധാനമായ രണ്ട് വഴിത്തിരിവുകളുണ്ട് - വിച്ഛിന്നാഭിഷേകവും രാമരാവണയുദ്ധവും. ഒന്നാമത്തെ വഴിത്തിരിവിന് കാരണക്കാരിയായത് മന്ഥരയെന്ന സ്ത്രീയാണ്. ഗന്ധര്‍വകുമാരിയായ ദുന്ദുഭിയുടെ അംശത്തില്‍നിന്ന് പിറന്ന കുബ്ജ. കേകയത്തിലെ അശ്വപതിമഹാരാജന്റെ പുത്രി കൈകേയിയെ ശൈശവംമുതല്‍ ഓമനിച്ചുവളര്‍ത്തിയ ധാത്രി. ഭൃത്യയെങ്കിലും കേകയകുമാരി മന്ഥരയെ സ്വന്തം മാതാവിന് സമം സ്‌നേഹിച്ചു.

പുത്രപ്രാപ്തി ഉദ്ദേശിച്ച്, മധ്യവയസ്‌കനായ ദശരഥന്‍, കൗമാരക്കാരിയായ കൈകേയിയെ പാണിഗ്രഹണംചെയ്ത അവസരം. സ്യാലനായ യുധാജിത്തുമായുണ്ടായ സംഭാഷണത്തിനിടെ, കൈകേയീകുമാരനാവും തന്റെ അനന്തരാവകാശി എന്ന് ദശരഥന്‍ സൂചന നല്‍കുന്നുണ്ട്. ഈ വിവരം എങ്ങനെയോ മന്ഥരയുടെ കാതിലെത്തുന്നു.

പണ്ഡിതയും ധീരയുമാണെങ്കിലും തന്റെ കുഞ്ഞനുജത്തി മഹാശുണ്ഠിക്കാരിയാണെന്നതിനാല്‍, ഭര്‍ത്തൃഭവനത്തിലേക്ക് പോകുന്ന കൈകേയിക്ക് തുണയായി മന്ഥരയെയും അയോധ്യയിലേക്ക് പറഞ്ഞയയ്ക്കുന്നു യുധാജിത്ത്. അയോധ്യയില്‍ കൈകേയിയുടെ മന്ദിരത്തില്‍ സര്‍വസ്വാതന്ത്ര്യത്തോടെയാണ് മന്ഥരയുടെ ജീവിതം. കൈകേയിക്കും അതില്‍ വിരോധമില്ല. എന്ത് കാര്യമായാലും ധാത്രിയോട് പങ്കുവെക്കും. രാജകാര്യങ്ങള്‍ അവര്‍ക്കിടയില്‍ ചര്‍ച്ചാവിഷയങ്ങളായി.

പിന്നീട് രാമന്റെ രാജാഭിഷേകം തീരുമാനിക്കുന്ന അവസരത്തിലാണ് മന്ഥരയുടെ രംഗപ്രവേശം. രാമനെ അങ്ങേയറ്റം സ്‌നേഹിക്കുന്ന കൈകേയിയുടെ മനസ്സില്‍ സ്വാര്‍ഥചിന്തകള്‍ ആളിക്കത്തിക്കുന്നു മന്ഥര. അതോടെ കൈകേയിയുടെ ഭാവം മാറുന്നു. മുമ്പ് വാഗ്ദാനം ചെയ്ത വരങ്ങള്‍ ഉടനടി വേണമെന്നും അഭിഷേകം വേണ്ടെന്നുവെച്ച് രാമനെ വനവാസത്തിനയക്കണമെന്നും തന്റെ പുത്രന്‍ ഭരതന്റെ രാജാഭിഷേകം നടത്തണമെന്നും അവര്‍ ദശരഥനോട് നിര്‍ബന്ധപൂര്‍വം ആവശ്യപ്പെടുന്നു. ഗത്യന്തരമന്യേ ദശരഥന്‍ കൈകേയിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നു.

ദശരഥനെയും രാജകുടുംബത്തെയും മാത്രമല്ല അയോധ്യാനിവാസികളെയൊട്ടാകെ, കണ്ണീര്‍ക്കയത്തിലേക്ക് തള്ളിയിട്ട ഈ പ്രവൃത്തിയാണ് മന്ഥരയ്ക്ക് ഏഷണിക്കാരി എന്ന ദുഷ്പ്പേര് ചാര്‍ത്തിക്കൊടുത്തത്. വാസ്തവത്തില്‍, മന്ഥര ചെയ്ത തെറ്റെന്താണ്? സ്വന്തം സ്വാമിനിക്ക് അനുകൂലമായ നിലപാടെടുത്തതോ? സൂക്ഷ്മമായി വിശകലനം ചെയ്ത് പരിശോധിച്ചാല്‍ മന്ഥരയുടെ പ്രവൃത്തിയില്‍ സ്വാര്‍ഥതയുടെ കണികപോലും കണ്ടെത്താനാവില്ല. പറയത്തക്ക വിദ്യാഭ്യാസമില്ലാത്ത, ലോകമര്യാദകളറിയാത്ത, ഒരു സേവികയ്ക്ക്, യജമാനപ്രീതിയെക്കുറിച്ച് മാത്രമേ ചിന്തിക്കാനാവൂ.

രാമനോടുള്ള വിരോധമല്ല, സ്വാമിനിയോടുള്ള ഭക്തിയും സ്വാമിനീപുത്രനായ ഭരതനോടുള്ള സ്‌നേഹവാത്സല്യവുമാണ് മന്ഥരയെ നയിക്കുന്നത്. വാസ്തവത്തില്‍, ധിഷണാശക്തിയും അതിനൊത്ത വിദ്യാഭ്യാസവുമുള്ള കൈകേയിയല്ലേ കുടുംബസമാധാനത്തെക്കുറിച്ചും ലോകഹിതത്തെക്കുറിച്ചും പ്രായോഗികമായി ചിന്തിക്കേണ്ടിയിരുന്നത്?

കുടുംബഭദ്രതയും സമാധാനജീവിതവും പളുങ്കുപാത്രത്തോട് പുലര്‍ത്തുന്ന സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ തകര്‍ന്നുതരിപ്പണമാകും എന്ന സത്യമാണ് ആദികവി, കൈകേയീവരദ്വയ നിര്‍ബന്ധത്തിലൂടെ ഉദാഹരിക്കുന്നത്.

Content Highlights: Rama's story has had a major socio-cultural and inspirational influence across South Asia and Southeast Asia.