ലോകം മുഴുവന്‍ മുഴങ്ങിക്കേള്‍ക്കുന്ന രാമനാമത്തിന്റെ ഘനീഭൂതസ്വരൂപം ആഞ്ജനേയന്‍. രാമനിലേക്ക് എളുപ്പവഴി മാരുതിയിലൂടെ. അവനവനിലേക്കുള്ള വഴി രാമനിലൂടെ. ശിവനിലേക്ക് നന്ദികേശ്വരനിലൂടെ. നിത്യമുക്തിക്ക് ഒന്നിലധികമുണ്ട് പോംവഴി.

ഓരോ പിറവിക്കും ഓരോ ലക്ഷ്യം. അതില്ലാത്ത പിറവി കാലത്തിന്റെ മറവി. കാലാന്തരങ്ങളുടെ ധ്യാനസ്മരണയാണ് ഹനുമാന്‍. കാറ്റിന്റെ മകന്‍. കാറ്റ് പ്രാണവായു. വായുവില്ലെങ്കില്‍ ജീവബ്രഹ്മമില്ല. ആ വായുനന്ദനന്റെ താടിയിലാണ് ഇന്ദ്രന്റെ വജ്രായുധം മുറിവേല്‍പ്പിച്ചത്. അതും കുഞ്ഞായിരിക്കെ. ഹനുവിലെ ക്ഷതം പ്രാണവായുവിന്റെ ആ ബിന്ദുവിനെ ഹനുമാനാക്കി. പക്ഷേ, വജ്രായുധമേറ്റ കുഞ്ഞ് മൂര്‍ച്ഛിച്ചുവീണു.

കാറ്റച്ഛന് സഹിച്ചില്ല. കുഞ്ഞിനെയുംകൊണ്ട് കാണാമറയത്ത് പോയി ഒളിച്ചു. പാതാളത്തില്‍ വസിച്ചു. ചരാചരങ്ങള്‍ പരിഭ്രമിച്ചു. വെളിച്ചം ക്ഷയിച്ചു.

കാറ്റ് നിലച്ചു. കടല്‍ നിലച്ചു. ചലനം നിലച്ചു. ശ്വാസം നിലച്ചു. കുഞ്ഞുങ്ങളെ ദ്രോഹിക്കുന്നവര്‍ അനുഭവംകൊണ്ട് പഠിച്ചു. ഇനി? ക്ഷമാപണസഹിതം ദേവകള്‍ കാറ്റിനെ മടക്കിക്കൊണ്ടുവന്നു. കുഞ്ഞിന് പോഷകസമൃദ്ധമായി വരങ്ങള്‍ കൊടുത്തു. വായുഭഗവാന്‍ ക്ഷമിച്ചു. ആഞ്ജനേയനെ നോവിച്ചാല്‍ നിലയ്ക്കുന്നത് പ്രാണശ്വാസമാണെന്ന സത്യം ജയിച്ചു.

ബ്രഹ്മത്തെ ജയിക്കുന്ന ധൈര്യമാണ് ബ്രഹ്മചര്യം. മാരുതി അതും നേടി. രാമഹൃദയംതന്നെയാണ് മാരുതിക്ക് ബ്രഹ്മം. വിദ്യയ്ക്കുവേണ്ടി കൊതിച്ചു. ഗുരുവായി സൂര്യനെ വരിച്ചു. സൂര്യദേവന്‍ പ്രതിവചിച്ചു: ''തേരില്‍ ഇപ്പോള്‍ത്തന്നെ രണ്ടുപേരുണ്ട്, ബാലഖില്യന്മാര്‍. മൂന്നാമത് ഒരു പഠിതാവിന് ഇരിപ്പിടമില്ല.''

ഹനുമാന് തടസ്സമില്ല.

''തേരിന് മുന്നില്‍ മുഖാമുഖം നിന്നുകൊള്ളാം. അതേ വേഗത്തില്‍ പുറകോട്ട് നടന്നുകൊള്ളാം. മൊഴിയുന്നതെല്ലാം കേട്ട് പഠിച്ചുകൊള്ളാം. എഴുതേണ്ടതെല്ലാം എഴുതിയെടുത്തുകൊള്ളാം. എല്ലാമെല്ലാം സൂക്ഷ്മതയോടെ ശ്രദ്ധിച്ചുകൊള്ളാം. എന്തും ഹൃദിസ്ഥമാക്കിക്കൊള്ളാം.''

സൂര്യന്‍ സമ്മതിച്ചു: ''ഇങ്ങനെയുള്ള ഒരു ശിഷ്യന്‍ കൊള്ളാം. ഇവനെ ഉള്‍ക്കൊള്ളാം.''

വിദ്യാര്‍ഥിയും സേവകനും പാന്ഥനുമൊന്നും ഇരുന്നുകൂടാ. ശൂന്യാകാശത്തില്‍ പിന്നാക്കം നടന്നുനടന്ന് വെറും അറുപതുനാഴികകൊണ്ട് ഹനുമാന്‍ സകല വിദ്യകളും പഠിച്ചു. സകലകലകളിലും വല്ലഭത്വം വരിച്ചു. സര്‍വശാസ്ത്രപാരംഗതത്വം തികച്ചു. ഗുരുദക്ഷിണ എന്തുവേണമെന്ന് ചോദിച്ചു. നിര്‍ബന്ധിച്ചപ്പോള്‍, കിഷ്‌കിന്ധയില്‍ വാഴുന്ന തന്റെ പുത്രനായ സുഗ്രീവന്റെ സചിവത്വമേറ്റ് സഹായിക്കാന്‍ സൂര്യന്‍ നിര്‍ദേശിച്ചു. അക്ഷരംപ്രതി ഹനുമാന്‍ അതനുസരിച്ചു. കിഷ്‌കിന്ധാകാണ്ഡത്തില്‍ ആ അചഞ്ചലധിഷണ പുനരവതരിച്ചു. അവിടെ രാമായണത്തിലെ ഒരു സുപ്രധാന വഴിത്തിരിവ് സംഭവിച്ചു.

മഹതി എന്ന വീണയുമേന്തി നടന്ന നാരദന്റെ സംഗീതാഹങ്കാരം നിലംപരിശാക്കി. ഒരിടത്തും ചെറുതല്ല ഹനുമാന്‍. രാവണസന്നിധിയിലെത്തിയ രാമദൂതന്‍ ചെറുതാവുകയോ? വാലുകൊണ്ട് പീഠം തീര്‍ത്തു. രാവണപീഠത്തെക്കാള്‍ ഉയരത്തില്‍ ഇരുന്നു. മരുന്നിന്റെ പേര് മറന്നപ്പോള്‍ മലതന്നെ അടര്‍ത്തിക്കൊണ്ടുവന്നു. 

രാമലക്ഷ്മണമോഹത്തളര്‍ച്ചകള്‍ക്കിടയ്ക്ക് ലക്ഷ്യസ്ഥിരനായി ലങ്കയെ നോക്കിച്ചെന്നു. മഹായുദ്ധം വെന്നു. ആഞ്ജനേയനില്ലാത്ത രാമായണം രാമായണമല്ലെന്നുവന്നു. അങ്ങനെ മാരുതി രാമായണം നിറഞ്ഞു. ആഞ്ജനേയന് മരണമില്ല. ധര്‍മത്തിനും മരണമില്ല.

Content Highlights: God of Strength, Knowledge and Bhakti; Lord of Celibacy and Victory; Supreme destroyer of evil; and protector of devotees