ക്ഷ്മണനെ പിന്തുടരുമ്പോള്‍, നാം ഏതെല്ലാം വഴിയിലൂടെ സഞ്ചരിക്കേണ്ടിവരും? ശ്രീരാമസഹോദരനായ ലക്ഷ്മണന്‍, രാമന്റെ സന്തതസഹചാരിയായ ലക്ഷ്മണന്‍, പതിന്നാലു സംവത്സരം പിരിഞ്ഞിരിക്കേണ്ടിവന്ന ഊര്‍മിളയുടെ പ്രിയതമനായ ലക്ഷ്മണന്‍, സ്വജീവിതത്തെ ഒരിക്കലും പരിഗണിക്കാതെ ഗുരുഭക്തിയുടെയും സഹനത്തിന്റെയും മൂര്‍ത്തരൂപമായ ലക്ഷ്മണന്‍. ശ്രീരാമന്റെ ചിന്തയില്‍ ലക്ഷ്മണന്‍ പക്വമതിയായ സഹോദരനത്രേ. 

''നിന്നാലസാധ്യമായില്ലൊരു കര്‍മവും'' എന്ന ഉറച്ച വിശ്വാസത്താലാണ് അതിഗഹനമായ തത്ത്വചിന്താപരമായ ഉപദേശം അനുജന് നല്‍കുന്നത്. 'രാമലക്ഷ്മണന്മാര്‍' എന്ന പ്രയോഗം ഭാഷയില്‍ വേരുറച്ചതിന്റെ ചരിത്രവും വേറേ അന്വേഷിക്കേണ്ടതില്ല. രാമന്‍ പലപ്പോഴും വികാരത്താല്‍ നിയന്ത്രിക്കപ്പെടുമ്പോള്‍ ലക്ഷ്മണന്‍ വിചാരത്താല്‍ നിയന്ത്രിക്കപ്പെടുന്നു. ഈ വിചാര വികാരങ്ങളുടെ പ്രസക്തി രാമായണ കഥാഗതിയില്‍ നമുക്ക് വായിച്ചെടുക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ അനുജന്‍ ജ്യേഷ്ഠനെ നയിക്കുന്നു.

രാമായണം രാമന്റെ മാത്രം അയനമല്ല. ലക്ഷ്മണന്റെ മനോസഞ്ചാരം കൂടിയാണ്. പരിണയിച്ച ഭാര്യയെ തനിച്ചാക്കി, സീതാരാമന്മാരോടൊപ്പം വനവാസം വരിക്കാനുള്ള തീരുമാനത്തില്‍ വലിയൊരു ത്യാഗത്തിന്റെയും തജ്ജന്യമായ മാനസിക സംഘര്‍ഷത്തിന്റെയും ചരിത്രമില്ലേ? മനോവിജ്ഞാനീയത്തിന്റെ വെളിച്ചത്തില്‍ ആ മനസ്സ് വായിക്കേണ്ടതില്ലേ? സീതാരാമ സന്നിധിയിലെ ഏകാഗ്രത ത്യാഗത്തിന്റെ വഴിയത്രേ. ദൃഢചിത്തനായ ലക്ഷ്മണന്‍ സന്ദിഗ്ധഘട്ടങ്ങളില്‍ ഉറച്ച തീരുമാനങ്ങളെടുക്കുന്നുണ്ട്. തന്റെ ദുഃഖം വിലപിച്ചു തീര്‍ക്കേണ്ടതല്ല എന്ന ബോധ്യമാണത്.

ശ്രീരാമന്‍ ആദ്യന്തം ഒരു ദുഃഖകഥാപാത്രമാകുന്നു. സീതാപഹരണപര്‍വം മുതല്‍ ആ ദുഃഖത്തിന് ആഴമേറുന്നു. അത് വകവെക്കാതെ, സീതാന്വേഷണത്തിലും സുഗ്രീവ സഖ്യത്തിലും വിഭീഷണ ബാന്ധവത്തിലും രാമരാവണ യുദ്ധത്തിലും തികഞ്ഞ നയകോവിദനായും രാഷ്ട്രതന്ത്രജ്ഞനായും പ്രായോഗികബുദ്ധി പ്രകടിപ്പിക്കുന്നത് ലക്ഷ്മണനത്രേ. അവിടെ ജീവിതം കര്‍മപദ്ധതിയും ധര്‍മപദ്ധതിയുമാണ് ലക്ഷ്മണന്. ശ്രീരാമപട്ടാഭിഷേകംവരെ അത് തുടരുന്നു.

അതിന്നുശേഷം ലക്ഷ്മണന്‍ ഊര്‍മിളയോടൊത്ത് ചിരകാലം സുഖജീവിതം നയിച്ചു എന്നതാണോ പരിസമാപ്തി?

'കര്‍മേന്ദ്രിയങ്ങളാല്‍ കര്‍ത്തവ്യമൊക്കവേ നിര്‍മായമാചരിച്ചീടുകെന്നേ വരൂ'' എന്ന ഉപദേശം, അക്ഷരംപ്രതി അനുഷ്ഠിച്ച ലക്ഷ്മണന് പിന്നെയെന്ത് ദുഃഖം? പക്ഷേ, വിധിവൈപരീത്യം എന്നല്ലാതെന്തു പറയാന്‍? ആ ശ്രീരാമചന്ദ്രന്റെ ശാപത്താലാണ് ലക്ഷ്മണന്‍ സരയൂ നദിയില്‍ മുങ്ങിമരിക്കുന്നതെന്നത് മറ്റൊരു കഥ. ആ മരണവും സന്തോഷത്തോടെ വരിച്ചു, ലക്ഷ്മണന്‍.

Content Highlights: Lakshmana is personified by Rama as a man with unwavering loyalty, love and commitment to his elder brother Rama