ഗോഷ്പദീകൃതവാരാശിം
മശകീകൃതരാക്ഷസം
രാമായണമഹാമാലാ-
രത്‌നം വന്ദേളനിലാത്മജം

രാമായണമഹാകാവ്യമാലികയിലെ രത്‌നമാണ് ആഞ്ജനേയന്‍. രാമപാദത്തിനും ഹനുമദ്ഭുജത്തിനും അടുത്ത ബന്ധമുണ്ട്. രാമപാദം ഭജിക്കുന്ന, ഭക്തിയെ തോളിലേറ്റി നടക്കുന്ന ചിദാനന്ദമാണ് ഹനുമാന്‍. അതാണ് ആ ബന്ധം.

ഋഷ്യമൂകാചലത്തിലെത്തിയ രാമലക്ഷ്മണന്മാര്‍. അന്യര്‍. അപരിചിതര്‍. ആര്‍ക്കറിയാം, അവര്‍ ശത്രുക്കളോ മിത്രങ്ങളോ? സുഗ്രീവനിയോഗമനുസരിച്ച് വടുരൂപം ധരിച്ച് പരീക്ഷിക്കാനെത്തുന്നു മാരുതി. ഈ മാരുതിയോടാണ് രാമന്‍ തന്റെ ദുഃഖക്കടലിന്റെ ആഴം പറഞ്ഞറിയിച്ചത്.

രാമന്റെ സത്യകഥനംകേട്ട മാരുതി അടുത്തനിമിഷം സ്വരൂപമെടുത്തു. രാമലക്ഷ്മണന്മാരെ തോളിലേറ്റി. സുഗ്രീവസമക്ഷം കൊണ്ടെത്തിച്ചു. ലക്ഷ്യസാധ്യത്തിന് തുടക്കംകുറിച്ചു. രാമനെ ഏറ്റിയ തോള്‍! ആ തോളിനാണ് പ്രഥമസിംഹാസനസ്ഥാനം!

മാരുതിയുടെ ഹൃദയക്ഷേത്രം തുറന്നാല്‍ കാണുന്ന പ്രതിഷ്ഠ? രാമനും സീതയും. രാമന്റെ ഹൃദയത്തിലുമുണ്ട് മാരുതിക്ക് സ്ഥിരസ്ഥാനം. മാരുതിയുടെ സ്വക്ഷേത്രം രാമഹൃദയം. എങ്ങനെ?

നിഷാദരാജാവായ ഗുഹന് നിസ്സാരമായ ഒരു സഹായത്തിന്റെപേരില്‍ രാമഭദ്രന്‍ കല്പിച്ചനുവദിച്ചത് ദാസ്യപദവിയല്ല, സഹോദരസ്ഥാനം. എങ്കില്‍, എന്തായിരിക്കും ആഞ്ജനേയന് കല്പിച്ചനുവദിച്ച സ്ഥാനം? മഹര്‍ഷി വിശ്വാമിത്രനാണല്ലോ രാമനെയും സീതയെയും ഒന്നാക്കിയത്. അതേ സ്ഥാനമുണ്ട് മാരുതിക്കും. വേര്‍പിരിഞ്ഞ സീതാരാമന്മാരെ വീണ്ടും ഒന്നാക്കി ആഞ്ജനേയന്‍. സുഗ്രീവനും അംഗദനും മറ്റ് വാനരവീരന്മാരുമെല്ലാം ഉപാധികള്‍ മാത്രം!

'സീതാദര്‍ശന'ത്തിന് ലങ്കയിലേക്ക് കുതിക്കുന്ന മാരുതിവശം അംഗുലീയത്തിനുപുറമേ, രാമചന്ദ്രന്‍ കൊടുത്തയയ്ക്കുന്ന മൂന്ന് അടയാളവാക്യങ്ങള്‍. തിരികെ, ആശ്ചര്യചൂഡാമണിക്കുപുറമേ, സീതാദേവി കൊടുത്തയയ്ക്കുന്ന മൂന്ന് അടയാളവാക്യങ്ങള്‍. തീര്‍ത്തും സ്വകാര്യങ്ങള്‍. പരമരഹസ്യങ്ങള്‍. മാരുതിയുടെ ഹൃദയത്തില്‍ അതെല്ലാം ആര്‍ക്കും പിന്‍വലിക്കാനാവാത്ത സ്ഥിരനിക്ഷേപങ്ങള്‍. അത്രവലിയ വിശ്വാസത്തിന്റെ ആത്മരൂപമാണ് ഹനുമാന്‍.

പട്ടാഭിഷേകാനന്തരം, രാമഭദ്രന്‍ സ്വന്തം കണ്ഠത്തില്‍നിന്ന് നവ്യവും ദിവ്യവും അമൂല്യവുമായ ഒരു ഭവ്യമാല്യം ഊരിയെടുത്ത് സീതാദേവിക്ക് കൊടുത്തു. ദേവിക്ക് അങ്ങേയറ്റം സ്‌നേഹവും ആദരവും അര്‍ഹതയും വിശ്വാസവുമുള്ള ഒരാള്‍ക്ക് അത് സമ്മാനിച്ചുകൊള്ളാന്‍ അനുവദിച്ചു. ദേവി ആ അനുഗ്രഹഹാരം ആഞ്ജനേയകണ്ഠത്തില്‍ അണിയിച്ചു. ആകാശം ആനന്ദക്കണ്ണീര്‍ പൊഴിച്ചു!

''ഉല്ലംഘ്യ സിന്ധോ സലിലം സലീലം
യഃ ശോകവഹ്നിം ജനകാത്മജായാഃ
ആദായ തേനൈവ ദദാഹലങ്കാം
നമാമി തം പ്രാഞ്ജലിരാഞ്ജനേയം!''

Content Highlights: Hanuman in Ramayanam