ളിയമ്പ് തൊടുത്തിട്ടല്ലേ ശ്രീരാമന്‍ ബാലിയെ വധിച്ചത്? ആ പ്രവൃത്തി ശരിയാണോ? ന്യായമാണോ? പലരും മറുപടി പറഞ്ഞിട്ടുണ്ട്. അതില്‍ ന്യായമില്ല എന്ന് പറയുന്നവര്‍ക്കാണ് ഭൂരിപക്ഷം.തുടക്കംമുതല്‍ ഒടുക്കംവരെ രാമായണത്തിലെ രാമന്‍ സത്യപാലകനാണ്. പക്ഷേ, ഒളിയമ്പയച്ചുകൊണ്ട് ബാലിയെ വധിച്ചത് സത്യവഴിയല്ല; ധീരതയുമല്ല എന്ന് മറ്റൊരു വാദം. രാമന്റെ നിലപാടില്‍ നോക്കുമ്പോഴോ? രാമന് സ്വന്തം സത്യത്തിനപ്പുറം മറ്റുപലരുടെയും സത്യങ്ങള്‍കൂടി പരിഗണിക്കേണ്ടിവന്നു എന്നതത്രെ വലിയ സത്യം!

''നേരിട്ട് എതിര്‍ക്കുന്നവന്റെ പകുതിബലംകൂടി നിനക്ക് ലഭിക്കും'' എന്ന വരം ബാലിക്ക് അച്ഛനായ ഇന്ദ്രന്‍ നല്‍കിയിട്ടുണ്ടല്ലോ. ആ വരം അഥവാ സത്യം പാലിക്കപ്പെടുകതന്നെവേണമെന്ന് രാമന്‍ ആഗ്രഹിച്ചു. തന്റെ സത്യത്തെപ്പോലെ ഇന്ദ്രന്റെ സത്യത്തെയും ബഹുമാനിക്കുകയാണ് രാമന്‍.

അമ്പേറ്റ് വീണുകിടക്കുന്ന ബാലി ദയനീയമായി ചോദിക്കുന്നുണ്ട്: ''ഹേ രാമാ! എന്നോടൊന്ന് പറഞ്ഞാല്‍മതിയായിരുന്നല്ലോ, രാവണനെ വധിച്ച് സീതയെ ഞാന്‍ വീണ്ടെടുത്തുതരുമായിരുന്നല്ലോ!'' എന്ന്.

പക്ഷേ, അങ്ങനെ ചെയ്യാന്‍പറ്റില്ല. പലതരത്തിലുള്ള സത്യലംഘനങ്ങളാണ്, അന്യായങ്ങളാണ് അപ്പോള്‍ നടക്കുക. രാവണന്‍ ബ്രഹ്മാവില്‍നിന്ന് നേരത്തേ ഒരു വരം വാങ്ങിയിട്ടുണ്ട്. മനുഷ്യരൊഴികെ മറ്റു ജന്തുക്കളാലും പക്ഷികളാലും ദേവന്മാരാലും താന്‍ കൊല്ലപ്പെടരുത് എന്ന്. അപ്പോള്‍ രാവണനെ വാനരവര്‍ഗത്തില്‍പ്പെട്ട ബാലി പോയി കൊന്നാല്‍ അത് സത്യലംഘനമാവില്ലേ? ഒപ്പം രാവണനെ കൊല്ലാനുള്ള 'മനുഷ്യാവകാശ'ത്തെ ഹനിക്കലുമാവില്ലേ? അങ്ങനെ രണ്ടുതരത്തില്‍ ബ്രഹ്മാവിന്റെ സത്യത്തെ അഥവാ വരബലത്തെ നിഷ്പ്രഭമാക്കുവാന്‍ രാമന്‍ തയ്യാറല്ല. ഇന്ദ്രന്റെ സത്യത്തെയെന്നപോലെ ബ്രഹ്മാവിന്റെ സത്യത്തെയും രാമന്‍ മാനിക്കുന്നു.

ബാലിയുടെ സത്യവും പാലിക്കുകയാണ് രാമന്‍! ബാലിയും രാവണനും തമ്മില്‍ നേരത്തേ ഒരു സഖ്യമുണ്ട്- പരസ്പരം ആക്രമിക്കുകയോ കൊല്ലുകയോ ചെയ്യില്ല എന്ന്. അങ്ങനെയിരിക്കെ ബാലി പോയി രാവണനെ കൊന്നാല്‍ അത് സത്യലംഘനമാവില്ലേ? നോക്കൂ, സത്യപാലനം എത്രമാത്രം വിഷമകരമാണ്! എത്രയെത്ര കടമ്പകള്‍ കടന്നുവേണം അത് സാധിക്കാന്‍!

ശ്രീരാമനെന്നപേരില്‍ ഭഗവാന്‍ മനുഷ്യനായി ഭൂമിയില്‍ അവതരിക്കുന്നു. ദേവദേവനെന്ന നിലയിലും പ്രജാതത്പരനായ രാജാവെന്ന നിലയിലും ഉത്തമനായ മനുഷ്യന്‍ എന്ന നിലയിലും താന്‍ നല്‍കിയ സത്യങ്ങള്‍ ഓരോന്നും അല്പവും വീഴ്ചവരുത്താതെ രാമന്‍ പാലിക്കുന്നുണ്ട്. അവ ആത്യന്തികമായി ലോകമംഗളത്തിനായും ഭവിച്ചു.

Content Highlights: reasons behind Bali killed by Lord Rama