ദണ്ഡകാരണ്യവും അയോധ്യയുംവാല്മീകിരാമായണത്തില്‍ ഒന്ന് മാറ്റിനിര്‍ത്തി വിസ്തരിച്ച് കാണേണ്ട ആളാണ് ഹനുമാന്‍. വായുപുത്രനെങ്കിലും അഞ്ജനയുടെയും കേസരിയുടെയും മകനായി പിറന്നവന്‍. പുരാണങ്ങളില്‍ പറയുന്ന ചിരഞ്ജീവികളില്‍ ഒരാള്‍ ശ്രേഷ്ഠന്‍. അഞ്ജനയുടെ മടിയില്‍ കിടന്ന് സൂര്യനെ കണ്ട് പഴമാണെന്ന് കരുതി കുതിച്ച് ഉയര്‍ന്നവന്‍. സൂര്യന്റെ തേര് സഞ്ചരിക്കുന്ന വഴിയില്‍ പിന്നിലേക്ക് നടന്നാണ് ഹനുമാന്‍ വിദ്യ നേടിയത്. ഹനുമാനിലുള്ള ഗുരുഭക്തിയും അപാരം. 

അറിവ് നേടാനുള്ള ഉത്കടമായ ആഗ്രഹമാണ് ഹനുമാനെ സൂര്യനെന്ന ഗുരുവിലെത്തിച്ചത്. ആഗ്രഹം നിറവേറ്റാന്‍ സമ്മതിച്ചപ്പോഴും സൂര്യന്‍ തന്റെ തേരില്‍ ഇരിക്കാന്‍ ഹനുമാനെ അനുവദിച്ചില്ല. അതുകൊണ്ട് വേദങ്ങള്‍ കയ്യില്‍ തുറന്നുവെച്ച് ഹനുമാന്‍ പിന്നിലേക്ക് നടന്നു. സൂര്യന്റെ കുതിച്ചുപായുന്ന കുതിരകള്‍ക്ക് മുന്നിലായിരുന്നു യാത്ര. നടപ്പ് യാന്ത്രികമായി. പൂര്‍ണ്ണ ശ്രദ്ധയും ഗുരുമുഖത്ത്. അറുപത് നാഴികകൊണ്ട് മുഴുവന്‍ വേദശാസ്ത്രവും അഭ്യസിച്ചു. 

മൂല്യമുള്ള അറിവ് അഥവാ നന്മയില്‍ അധിഷ്ഠിതമായ അറിവാണ് ജ്ഞാനം. അത് നേടുന്നതിനുള്ള ശരിയായ ലക്ഷ്യവും പ്രയത്‌നവും വിദ്യ നേടുന്ന കാലത്ത് സ്വായത്തമാക്കണം. അത് കാട്ടിക്കൊടുക്കേണ്ടത് മാതാപിതാക്കളാണ്. അഞ്ജന സൂര്യനിലേക്ക് വിരല്‍ ചൂണ്ടിയാണ് ഹനുമാന് ശൈശവത്തില്‍ത്തന്നെ അറിവിന്റെ പ്രേരണ നല്‍കുന്നത്. 

സൂര്യനില്‍നിന്ന് ജ്ഞാനം നേടിയ ഹനുമാന്റെ അഭിലാഷം, ഗുരുവിന് ഉചിതമായ ദക്ഷിണ നല്‍കണം എന്നതാണ്. എന്നാല്‍, സൂര്യന്‍ പറയുന്നത് ജ്ഞാനത്തിനുവേണ്ടി ഹനുമാന്‍ സ്വീകരിച്ച അത്യുത്സാഹത്തെ ഗുരുദക്ഷിണയായി സ്വീകരിച്ചുകൊള്ളാം എന്നാണ്. അധ്യാപനത്തെ ഇത്രയും മഹത്വവത്കരിക്കാന്‍ സൂര്യനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക! നിര്‍ബന്ധമായും തന്റെ ഗുരുദക്ഷിണ സ്വീകരിക്കാന്‍ ആവശ്യപ്പെടുന്ന ഹനുമാനോട് സൂര്യന്‍ നിര്‍ദ്ദേശിക്കുന്നത് സൂര്യപുത്രനായ സുഗ്രീവനെ സഹായിക്കാനാണ്. അത് ഹനുമാന്‍ ഇഷ്ടത്തോടെ ഏറ്റെടുക്കുകയും ചെയ്തു. 

തൊഴിലിനോടുള്ള ഹനുമാന്റെ പ്രതിപത്തി പ്രസിദ്ധമാണ്. കഠിനാധ്വാനത്തിന്റെ പ്രതിരൂപത്വവും ഹനുമാനിലുണ്ട്. ഒരുപക്ഷേ, ഗുരുവായ സൂര്യനില്‍നിന്ന് പഠിച്ചതാകാം. സൂര്യന്‍ അധ്യാപനം നടത്തുന്നത് തന്റെ ജോലിചെയ്തുകൊണ്ടാണ്. കുതിച്ചുപായുന്ന കുതിരകളുടെ ചടുലതയും സൂര്യതേജസ്സും ഹനുമാന്‍ ആവാഹിച്ചു. കഠോപനിഷത്തില്‍ വിവരിക്കുന്നു:
'ആത്മാനാം രഥിനം വിദ്ധി
ശരീരം രഥമേവ തു
ബുദ്ധിം തു സാരഥിം വിദ്ധി 
മനഃപ്രഗ്രഹമേവ ച.
ഇന്ദ്രിയാണി ഹയാന്യാഹുഃ
വിഷയാംസ്‌തേഷു ഗോചരന്‍ 
ആത്മേന്ദ്രിയ മനോയുക്തം 
ഭേക്തേത്യാഹുര്‍ മനീഷിണഃ'

ശരീരത്തെ തേരും ആത്മാവിനെ തേരുടമയും ബുദ്ധിയെ തേരാളിയും മനസ്സിനെ കടിഞ്ഞാണും ഇന്ദ്രിയങ്ങളെ കുതിരകളും വിഷയങ്ങളെ വഴികളുമായി കാണുക. രാമസേവ ചെയ്ത ഹനുമാന്‍ സ്വജീവിതം കൊണ്ടാണ് വേദങ്ങളെ സാക്ഷാത്കരിച്ചത്. അനിയന്ത്രിതമായ വൈകാരിക വിവശതകളൊന്നും ഹനുമാനില്‍ കാണുന്നില്ല. അനിവാര്യതകളില്‍ മാത്രമേ അദ്ദേഹം ബലപ്രയോഗത്തിന് മുതിര്‍ന്നിട്ടുള്ളൂ. പൂര്‍ണ്ണ വിനയവും പൂര്‍ണ്ണ സമര്‍പ്പണവും പൂര്‍ണ്ണ പ്രയത്‌നവും നിറഞ്ഞ ഹനുമാന്റെ സ്മരണ കൂടിയാണ് രാമായണം ആവിഷ്‌കരിക്കുന്നത്.