ramayanamലങ്കയിൽനിന്നേറ്റ മുറിവുകളും കാലക്രമത്താൽ പൊറുത്തുവന്നു. അതിനിടയിൽ ശ്രീരാമപട്ടാഭിഷേകം നടന്നു, രാജപത്നിക്കു ലഭിക്കുന്ന സുഖകരമായ സംരക്ഷണം സീത ആസ്വദിച്ചുപോന്നു. വിവാഹശേഷം അയോധ്യയിലും പിന്നെ, പതിമ്മൂന്നുവർഷം വനത്തിലും പട്ടാഭിഷേകശേഷം ദീർഘനാൾ കൊട്ടാരത്തിലും ഭർത്താവൊന്നിച്ചുപാർത്ത സീത ഗർഭിണിയായതോടെയാണ് വീണ്ടും പ്രശ്നങ്ങൾ തലപൊക്കിത്തുടങ്ങുന്നത്. അതുവരെയില്ലാത്ത ചാരിത്ര്യശങ്ക ഇപ്പോൾ എവിടെനിന്നു മുളച്ചുവരുന്നു എന്ന് ചിന്തിച്ചുപോവുന്നത് സ്വാഭാവികം. 

തുടർന്നാണ് സീതാപരിത്യാഗം സംഭവിക്കുന്നത്. ‘ഗർഭകാലത്തെ ആഗ്രഹമെന്ത്? എന്തുതന്നെയായാലും സാധിച്ചുതരാം’ എന്ന രാമന്റെ ചോദ്യത്തിന് ‘കാടുകാണണം, മുനിമാരുടെ അനുഗ്രഹം വാങ്ങി ഒരുദിനം ആശ്രമത്തിൽ പാർക്കണം’ എന്നാണ് സീത മറുപടിപറഞ്ഞത്. താൻ രാജ്യഭരണനിരതനായതിനാൽ ലക്ഷ്മണനോടൊപ്പം പൊയ്‌ക്കൊള്ളുവാനുള്ള അനുമതിനൽകിയ രാമനെ പൂർണമായും വിശ്വസിച്ചു സീത. കാനനഭംഗികൾ കണ്ടപ്പോൾ വനവാസകാലത്തെ അനുഭൂതികൾ ഓർമിക്കുകയും ആര്യപുത്രൻ കൂടെയുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന ആഗ്രഹം ലക്ഷ്മണനെ അറിയിക്കുകയും ചെയ്തു അവൾ.

എന്നാൽ, പൂച്ചയെ നാടുകടത്തുംപോലെ തന്നെ കാട്ടിലുപേക്ഷിക്കാനാണ് ലക്ഷ്മണനെ ചട്ടംകെട്ടിയിരിക്കുന്നതെന്നു മനസ്സിലാക്കിയപ്പോൾ ദീനദീനം വിലപിക്കുകയും ബോധരഹിതയാവുകയും ചെയ്യുന്നു. തന്നോടൊന്നു നേരിട്ടുപറയാമായിരുന്നു എന്നവൾ പരാതിപ്പെടുന്നുണ്ട്. തന്റെതന്നെ മുജ്ജന്മപാപഫലമാണിതെന്ന് പരിതപിക്കുന്നുണ്ട്.  വനവാസകാലത്ത് തന്നെ ഉപേക്ഷിച്ച് രാമനെ രക്ഷിക്കാൻ വാശിപിടിച്ചവൾ ഇന്ന് വനമധ്യേ രാമാജ്ഞയാൽ ഉപേക്ഷിക്കപ്പെട്ട് ലക്ഷ്മണനുമുന്നിൽ കേഴുന്നു. തനിക്കുവന്നുപെട്ട അപവാദം സ്ഥിരീകരിക്കുകയല്ലേ പരിത്യാഗംകൊണ്ട് സംഭവിക്കുന്നത് എന്നവൾ തപിക്കുന്നു. അപവാദത്തിൽനിന്ന് രാജാവിനെ രക്ഷിക്കേണ്ടത് തന്റെയും കർത്തവ്യമാണല്ലോ എന്നുപറയുന്നു. 

ഗർഭത്തിലെ സന്തതി രാജാവിന്റെയല്ല എന്നൊരു അപവാദംകൂടി കേൾക്കേണ്ടെന്നു കരുതിയിട്ടാവാം ‘‘ലക്ഷ്മണ! ഞാനിപ്പോൾ ഗർഭലക്ഷണങ്ങളോടു കൂടിയവളാണെന്ന് നോക്കിക്കണ്ടുപോയാലും’’ എന്ന് ആവശ്യപ്പെട്ടത്. ഭർത്തൃകുലം കുറ്റിയറ്റു പരിഹാസ്യമായിപ്പോകാതിരിക്കാനാണ് താൻ ഗംഗയിൽ ചാടി മരിക്കാത്തതെന്ന് ഓർമിപ്പിക്കുന്നു (അച്ഛൻ ഉപേക്ഷവിചാരിച്ചാലും അമ്മയായ തനിക്കതിനാവില്ലല്ലോ എന്നു സൂചന). അമ്മമാരെ പ്രണാമമറിയിച്ചതിനുശേഷം ‘‘പുത്രന്റെ സന്തതിയെ ഞാൻ വഹിക്കുന്നുവെന്ന വസ്തുത മനസ്സിൽവയ്ക്കണേ’’ എന്നുപറയാൻ ചട്ടംകെട്ടുന്നു. ‘‘നീ ഞാൻ പറഞ്ഞതായിട്ട്  ആ രാജാവിനോട് പറയണം (ഇവിടെ പ്രിയൻ, പതി മുതലായ സ്നേഹാഭിവാദനങ്ങളില്ല എന്നതു ശ്രദ്ധിക്കുക. രാജനീതി പ്രവർത്തിച്ചയാൾ-രാജാവ്-മാത്രം) കൺമുമ്പിൽവെച്ച് അഗ്നിയിൽ വിശുദ്ധയായിട്ടും എന്നെ ആളുകളുടെ പറച്ചിൽ കേട്ടിട്ട്‌ കൈവെടിഞ്ഞുവല്ലോ.

അത് അങ്ങയുടെ പഠിപ്പിനു ചേർന്നതോ, അതോ വംശത്തിനു ചേർന്നതോ?’’ പരിത്യജിക്കപ്പെട്ടിട്ടും, താൻ മേലിൽ എന്തുചെയ്യാൻ വിചാരിക്കുന്നു എന്നു ഭർത്താവിനെ അറിയിക്കേണ്ട കടമയും സീത മറക്കുന്നില്ല. ‘‘പ്രസവശേഷം, ജന്മാന്തരത്തിലും അങ്ങുതന്നെ ഭർത്താവായി വരികയും വിരഹമുണ്ടാവാതിരിക്കുകയും ചെയ്യത്തക്കവണ്ണം സൂര്യനിൽ ദൃഷ്ടിയൂന്നി തപസ്സനുഷ്ഠിപ്പാൻ പ്രയത്നിക്കും’’ എന്ന് അറിയിക്കുന്നു. ഇത്രയും തീക്ഷ്ണമായ ജീവിതപരീക്ഷകൾക്കുമുമ്പിലും അമ്മ, മകൾ, സഹോദരി, പൗരി, ഭാര്യ തുടങ്ങിയ കർത്തവ്യങ്ങൾ സീത മറക്കുന്നില്ല. രാമനെ നിലമറന്ന് പഴിക്കുന്നില്ല. തന്റെതന്നെ കർമദോഷമെന്ന് സ്വയം ആശ്വസിക്കുന്നു.