എല്ലാ മതഗ്രന്ഥങ്ങളും പരോപകാരത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. 'പരോപകാരമേ പുണ്യം' എന്നതാണല്ലോ ഭാഗവതതത്ത്വം. വിശുദ്ധ ഖുര്‍ ആനിലെ 107-ാം അധ്യായത്തിന്റെ പേരുതന്നെ അല്‍മാഊന്‍ അഥവാ പരോപകാരം എന്നാണ്. അല്ലാഹു പറയുന്നു: 'സ്വന്തം നമസ്‌കാരത്തെക്കുറിച്ച് അശ്രദ്ധരാവുന്ന നമസ്‌കാരക്കാര്‍ക്ക് മഹാനാശം. അവര്‍ കപട നാട്യക്കാരാവുന്നു. ചെറിയ ചെറിയ പരോപകാരംപോലും വിലക്കുന്നവരും' (ഖുര്‍ആന്‍ 107:48) പ്രവാചകന്‍ പറഞ്ഞു: 'ആര്‍ക്കെങ്കിലും കൂടുതല്‍ ജീവിതോപാധികള്‍ കിട്ടിയെങ്കില്‍ അവര്‍ അതില്‍നിന്ന് ഇല്ലാത്തവര്‍ക്ക് നല്‍കട്ടെ'.

പ്രവാചക ശിഷ്യന്‍ ഇബ്നു അബ്ബാസ് ഒരിക്കല്‍ പള്ളിയില്‍ ഭജനമിരിക്കുകയായിരുന്നു, ഈ ഘട്ടത്തില്‍ ഒരാള്‍ ഒരത്യാവശ്യം വന്ന് പറയുകയും ഇബ്നു അബ്ബാസ് അത് പരിഹരിക്കുന്നതിനുവേണ്ടി പള്ളിയില്‍നിന്ന് പുറത്തുപോവുകയും ചെയ്തു. ഭജനമിരിക്കുന്നയാള്‍ പുറത്തുപോവുക എന്നത് മര്യാദയല്ല എന്ന് ചിലര്‍ മുറുമുറുത്തു. ഈ വിവരമറിഞ്ഞ ഇബ്നു അബ്ബാസ് പ്രവാചകന്റെ ഒരു വചനം അവരെ കേള്‍പ്പിച്ചു. അതിപ്രകാരമാണ്: 'ഞാനെന്റെ സഹോദരന്റെ ആവശ്യ പൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിക്കുന്നത് പള്ളിയില്‍ ഒരു മാസം ഭജനമിരിക്കുന്നതിനെക്കാള്‍ എനിക്ക് പ്രിയങ്കരമാണ്'. സുഫിവര്യനായ ഇബ്നു മുബാറക് മക്കയിലേക്ക് തീര്‍ഥയാത്ര പോവുമ്പോള്‍ ഒരു കാഴ്ച കണ്ടു, ഒരു സ്ത്രീ ഒരു കാക്കയുടെ ശവം കുപ്പത്തൊട്ടിയില്‍നിന്ന് പുറത്തെടുത്തു കൊണ്ടുപോവുന്നു. ഇതേ കുറിച്ചറിയാന്‍ ഇബ്നു മുബാറക് തന്റെ ഭൃത്യനെ പറഞ്ഞയച്ചു. അവര്‍ പറഞ്ഞു: ''മൂന്നു ദിവസമായി ഇതല്ലാതെ ഒന്നും എനിക്കും മക്കള്‍ക്കും ഭക്ഷിക്കാന്‍ കിട്ടിയിട്ടില്ല''. ഇത് കേട്ടപ്പോള്‍ ഇബ്നു മുബാറകിന്റെ കണ്ണുകള്‍ നിറഞ്ഞു. ഹജ്ജ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവെക്കുകയും ഹജ്ജിന് വേണ്ടി കരുതിയിരുന്ന ധനം ഈ സ്ത്രീക്ക് നല്‍കുകയും ചെയ്തു. തന്റെ പാപങ്ങള്‍ മുഴുവന്‍ ദൈവം വിട്ടുവീഴ്ച ചെയ്തതായി ആ രാത്രി അദ്ദേഹം സ്വപ്നംകണ്ടു എന്നാണ് ചരിത്രം. ഇത്തരം പരോപകാരികളെ കുറിച്ചാണ് അല്ലാഹു പറഞ്ഞത്: 'തങ്ങള്‍ക്ക് ആവശ്യമുണ്ടായാല്‍പ്പോലും സ്വന്തത്തെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പരിഗണനനല്‍കും'. (ഖുര്‍ ആന്‍ 59:9)

അവനവന് ആത്മസുഖത്തിനായ് ആചരിക്കുന്നവ അപരന് സുഖത്തിനായ് വരേണമെന്നാണല്ലോ ശ്രീനാരായണ ഗുരു ലോകത്തെ പഠിപ്പിച്ചത്.

പാവങ്ങളെ സഹായിക്കുമ്പോള്‍ എലിസബത്ത് രാജ്ഞി സ്നേഹപൂര്‍വം അവരോട് ഉപദേശിക്കാറുണ്ടായിരുന്നു: ''നിങ്ങളും മറ്റുള്ളവര്‍ക്ക് കൊടുക്കുക'' ''ഞങ്ങള്‍ക്ക് കൊടുക്കാന്‍ ഒന്നുമില്ലല്ലോ'' അവര്‍ കൈമലര്‍ത്തി മറുപടി പറയുമ്പോള്‍ രാജ്ഞി അവരെ ഓര്‍മിപ്പിക്കും: ''നിങ്ങള്‍ക്ക് ഹൃദയമുണ്ടല്ലോ. മറ്റുള്ളവര്‍ക്ക് മതിവരുവോളം സ്നേഹം പകരുക, കരയുന്നവരുടെ കണ്ണുനീര്‍ നിങ്ങള്‍ ഒപ്പുക, നിങ്ങള്‍ക്ക് നാവുണ്ടല്ലോ വേദനിക്കുന്നവര്‍ക്ക് നിങ്ങള്‍ക്ക് ആശ്വാസവചനങ്ങള്‍ നല്‍കുക'' ഇങ്ങനെ സമ്പത്തും സ്‌നേഹവും ദാനംചെയ്യാന്‍ നമുക്ക് സാധിക്കട്ടെ!