മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനത്തിനായി അവതീര്‍ണമായ ദൈവികഗ്രന്ഥമാണ് ഖുര്‍ആന്‍. അതിനാല്‍ ലോകമെങ്ങുമുള്ള മുഴുവന്‍ മനുഷ്യരെയും അത് ഒരേപോലെയാണ് കാണുന്നത്. ചരിത്രത്തിലുടനീളം മാനവസമൂഹത്തെ നെടുകയും കുറുകെയും കീറിമുറിച്ചതും പിളര്‍ത്തിയതും വംശീയതയും വര്‍ഗീയതയും ജാതീയതയും ദേശീയതയും വര്‍ണവെറിയുമാണ്. പലപ്പോഴും അക്രമങ്ങള്‍ക്കും അനീതികള്‍ക്കും മര്‍ദന-പീഡനങ്ങള്‍ക്കും കൊടുംക്രൂരതകള്‍ക്കും കൂട്ടക്കൊലകള്‍ക്കും കാരണമായിത്തീരാറുള്ളതും അവതന്നെ. അസമത്വങ്ങളുടെയും ഉച്ചനീചത്വങ്ങളുടെയും ഉറവിടവും മറ്റൊന്നല്ല. അതുകൊണ്ടുതന്നെ വിശുദ്ധ ഖുര്‍ആന്‍ അത്തരം എല്ലാ വേര്‍തിരിവുകളെയും പൂര്‍ണമായും നിരാകരിക്കുന്നു. ദൈവത്തിന്റെ ഏകത്വം വിളംബരംചെയ്ത ഖുര്‍ആന്‍ മാനവരുടെ ഏകതയും പ്രഖ്യാപിക്കുന്നു:

''മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങള്‍ അന്യോന്യം തിരിച്ചറിയാനാണ്. ദൈവത്തിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തുന്നവനാണ്; തീര്‍ച്ച.''

നീതി യഥാവിധി പുലരുമ്പോള്‍മാത്രമേ മനുഷ്യരുടെ ഏകത യാഥാര്‍ഥ്യമാവുകയുള്ളൂ. അതിനാല്‍, ഖുര്‍ആന്‍ നീതിക്ക് വന്‍പ്രാധാന്യം കല്പിക്കുന്നു. പ്രവാചകന്മാരുടെ നിയോഗം നീതി സ്ഥാപിക്കാനാണെന്ന് പ്രഖ്യാപിക്കുന്നു. ജാതി, മതം, വര്‍ഗം, വര്‍ണം, ദേശം, ഭാഷ, കുടുംബം, ഗോത്രം, ശത്രുത, സൗഹൃദം, സമ്പന്നത, ദാരിദ്ര്യം ഇവയൊന്നും നീതിനടത്തിപ്പിനെ ഒരുനിലയ്ക്കും ബാധിക്കരുതെന്ന് നിഷ്‌കര്‍ഷിക്കുന്നു. അതോടൊപ്പം നീതിനടത്തിപ്പില്‍ മതപരമായ വിവേചനം അരുതെന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നു. ഒരു ജൂതന് നീതി ഉറപ്പുവരുത്താന്‍ അവതീര്‍ണമായ ഒമ്പത് വാക്യങ്ങളുണ്ട് ഖുര്‍ആനില്‍.