റംസാന്റെ ഏറ്റവുംവലിയ സവിശേഷത ഖുര്‍ആന്‍ അവതരിക്കപ്പെട്ട മാസമാണ് അതെന്നതാണ്. വിശുദ്ധ ഖുര്‍ആന്റെ കേന്ദ്രബിന്ദു മനുഷ്യനാണ്. അവന്‍ ആരാണ്? എവിടെനിന്നു വന്നു? എങ്ങോട്ട് പോകുന്നു? എന്താണ് ജീവിതം? എന്തിനുള്ളതാണ്? എങ്ങനെയായിരിക്കണം? മരണശേഷം എന്ത്? തുടങ്ങിയ മൗലിക പ്രധാനങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ദൈവപ്രോക്തമായ മറുപടിയാണ് വിശുദ്ധ ഖുര്‍ആന്‍. മനസ്സിന് ശാന്തി; വ്യക്തിജീവിതത്തില്‍ വിശുദ്ധി; കുടുംബത്തില്‍ സമാധാനം; സമൂഹത്തില്‍ സുരക്ഷിതത്വം; രാജ്യത്ത് ക്ഷേമം, സാമൂഹികനീതി; ലോകത്ത് പ്രശാന്തി; സര്‍വോപരി മരണാനന്തരജീവിതത്തില്‍ ദൈവത്തിന്റെ പ്രീതിയും പ്രതിഫലവും; ഇതൊക്കെയും ഉറപ്പുവരുത്തുന്ന ജീവിതക്രമമാണ് ഖുര്‍ആന്‍ സമര്‍പ്പിക്കുന്നത്.

അതിനായി മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധവും മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധവും മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധവും എവ്വിധമായിരിക്കണമെന്ന് പഠിപ്പിക്കുന്നു.

ഖുര്‍ആന്റെ അധ്യാപനമനുസരിച്ച് ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധംപോലെത്തന്നെ പ്രധാനവും പവിത്രവുമാണ് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധവും. അതുകൊണ്ടുതന്നെ അനാഥയെ അവഗണിക്കുന്നതും അഗതിക്ക് അന്നംനല്‍കാന്‍ പ്രേരിപ്പിക്കാത്തതും മതനിഷേധമാണെന്ന് അത് പഠിപ്പിക്കുന്നു. അതിനു പ്രേരിപ്പിക്കാത്ത നമസ്‌കാരം ശിക്ഷാര്‍ഹമാണെന്നും.

മരണശേഷം പരലോകത്ത് ശിക്ഷാര്‍ഹനാകുന്ന വ്യക്തിയുടെ തെറ്റുകുറ്റങ്ങള്‍ രണ്ടായി സംഗ്രഹിച്ചാല്‍ അതിലൊന്ന് മഹാനായ ദൈവത്തില്‍ വിശ്വസിച്ചില്ല എന്നതാണെങ്കില്‍ രണ്ടാമത്തേത് അഗതിക്ക് അന്നംനല്‍കാന്‍ പ്രേരിപ്പിച്ചില്ല എന്നതാണ്.ഭൂമിയില്‍ മനുഷ്യന് ചെയ്യാവുന്ന ഏറ്റവും മഹത്തായ പുണ്യകര്‍മങ്ങളില്‍ പെട്ടതാണ് കടുത്ത വറുതിയുടെ നാളില്‍ അനാഥയ്ക്കും അഗതിക്കും അന്നം നല്‍കലെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു.

മക്കളെ കൊല്ലുന്നതിനെതിരേ ശക്തമായി താക്കീത് ചെയ്യുന്ന ഖുര്‍ആന്‍ മാതാപിതാക്കളെ കാരുണ്യപൂര്‍വം സംരക്ഷിക്കണമെന്ന് ആജ്ഞാപിക്കുന്നു. ആരുടെയും അഭിമാനം ക്ഷതപ്പെടുത്തരുതെന്നും വികാരം വ്രണപ്പെടുത്തരുതെന്നും ശക്തമായി ശാസിക്കുന്നു. ഇങ്ങനെ എല്ലാ അര്‍ഥത്തിലും മനുഷ്യന്റെ മഹത്ത്വം ഉദ്ഘോഷിക്കുന്നു.