രമണ മഹര്‍ഷിയോട് ഒരാള്‍ ചോദിച്ചു, ''മറ്റൊരാളെ എങ്ങനെ കൈകാര്യം ചെയ്യും''. മഹര്‍ഷി പറഞ്ഞു: ''മറ്റൊരാള്‍ ഇല്ലല്ലോ''. മനുഷ്യരെ അപരത്വം കല്പിച്ച് മാറ്റിനിര്‍ത്തുന്നതിനോട് ഇതിനെക്കാള്‍ മൂര്‍ച്ചയില്‍ പ്രതികരിക്കാനാവില്ല. മനുഷ്യര്‍ പരസ്പരം സഹോദരന്മാരാണെന്ന് ഉദ്ഘോഷിക്കാത്ത മതങ്ങളില്ല. മനുഷ്യരെ അഭിസംബോധനചെയ്തുകൊണ്ട് ഖുര്‍ആന്‍ സാഹോദര്യത്തിന്റെ മഹത്ത്വം പറയുന്നു: ''അല്ലയോ മനുഷരെ, ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. പിന്നെ നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയേണ്ടതിനുവേണ്ടിയാണ്''. ഈ സാഹോദര്യബന്ധമാണ് മാനവികതയുടെ മാര്‍ഗം.

മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്നതും ഈ സാഹോദര്യബന്ധം തന്നെയാണ്. സാമൂഹികജീവിതത്തിലെ ബന്ധങ്ങള്‍ ദൃഢമാക്കുന്നതിന് ചില വിധിവിലക്കുകള്‍ ഇസ്ലാംമതം കല്പിക്കുന്നു. ആര്‍ത്തിയും അഹങ്കാരവും അസൂയയും തിന്മയാണെന്നും സ്‌നേഹവും കരുണയും ആദരവും നന്മയാണെന്നും കല്പിക്കുന്നതിലൂടെ സാഹോദര്യബന്ധത്തിന്റെ കെട്ടുറപ്പാണ് സാധ്യമാക്കുന്നത്. മനുഷ്യന്‍ ഒറ്റപ്പെട്ട ഒരു തുരുത്തല്ല. ചേര്‍ന്നൊഴുകേണ്ട തെളിഞ്ഞ നദിയാണ്. ചിന്തകളിലും ആചാരങ്ങളിലും വിശ്വാസങ്ങളിലും ആരാധനക്രമങ്ങളിലും വ്യത്യാസമുണ്ടാകും. അതെല്ലാം പരസ്പരം എതിര്‍ക്കപ്പെടേണ്ട വൈരുധ്യങ്ങളല്ല.

പരസ്പരം ആദരിക്കപ്പെടേണ്ട വൈവിധ്യങ്ങളാണ്. പ്രത്യേകിച്ച്, നാം ഭാരതീയര്‍ വൈവിധ്യങ്ങളിലെ ഏകത്വത്തെ ആദരിക്കുന്നവരാണ്. കേരളത്തില്‍ ഇപ്പോള്‍ രണ്ട് സന്തോഷങ്ങളാണ് നമുക്കുമുന്നിലുള്ളത്. റംസാന്‍മാസവും വിഷുവും ഒരുമിച്ചെത്തിയ സവിശേഷത. ആചാരങ്ങളില്‍ വേറിട്ടുനില്‍ക്കുമ്പോഴും ആഘോഷങ്ങളില്‍ ചേര്‍ന്നുനില്‍ക്കുന്നത് മലയാളിയുടെ സാംസ്‌കാരിക പൈതൃകമാണ്. തന്റെ സഹോദരനോട് പുഞ്ചിരിക്കുന്നതുപോലും ധര്‍മമാണെന്നാണ് നബി (സ) യുടെ പാഠം. സത്യസന്ധതയും സത്പെരുമാറ്റവും ധര്‍മമാണ്. മനുഷ്യര്‍ പരസ്പരാശ്രിതരാണ്.

അതുകൊണ്ടുതന്നെ പരസ്പര ആദരവും ഗുണകാംക്ഷയും അനിവാര്യമാണ്. അല്ലാഹു മനുഷ്യരെ ബഹുമാനിച്ചിരിക്കുന്നു എന്ന് ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യസാഹോദര്യബന്ധത്തിന്ന് കോട്ടംതട്ടുന്ന ഒരു കാര്യത്തെയും നബി (സ) അംഗീകരിച്ചില്ല. ഒരു സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന പ്രധാനകാരണമാണ് കളവും ഊഹങ്ങളും പ്രചരിപ്പിക്കല്‍. മനുഷ്യര്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ രൂപപ്പെടാനും അതുവഴി വലിയ പ്രതിസന്ധികള്‍ രൂപപ്പെടാനും കാരണമാവും. വിശുദ്ധ ഖുര്‍ആന്‍ മുന്നറിയിപ്പുനല്‍കുന്നു:

''നിങ്ങള്‍ ഊഹങ്ങള്‍ വര്‍ജിക്കുക.

ഊഹങ്ങള്‍ ചിലത് കുറ്റകരമാണ്''. എല്ലാവരും സഹോദരന്മാരാണെന്നും എല്ലാവരും സമന്മാരാണെന്നുമുള്ള തിരിച്ചറിവ് ലോകത്തിനുനല്‍കുന്ന ശാന്തിയും സമാധാനവും വ്യാഖ്യാനങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും അതീതമാണ്. അത്തരം ഒരു ലോകത്തെ സൃഷ്ടിക്കാന്‍ മാനവികതയുടെ ആഴത്തിലേക്കുള്ള മാര്‍ഗമാണ് സാഹോദര്യമെന്ന ബോധം. ബോധോദയമുണ്ടായവരൊക്കെ പറഞ്ഞതും സാഹോദര്യവും സമത്വവും തന്നെ.